ലക്‌നൗ: 2024 ലെ ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. തകർപ്പൻ ബൗളിങ് സ്‌പെല്ലിലൂടെ മായങ്ക് യാദവാണ് ലക്‌നൗവിനെ കളിയിലേക്ക് മടക്കികൊണ്ടുവന്നത്. 21 റൺസിനാണ് പഞ്ചാബ് കിങ്‌സിനെ കീഴടക്കിയത്.

നാല് ഓവർ എറിഞ്ഞ് 27 റൺസ് വഴങ്ങിയ മായങ്ക് മൂന്നുവിക്കറ്റ് നേടി. രണ്ടുവിക്കറ്റ് നേടിയ മൊഹ്‌സിൻ ലക്‌നൗവിന്റെ നില കൂടുതൽ ഭദ്രമാക്കി. ലക്‌നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178ൽ അവസാനിച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ റൺറേറ്റ് താഴ്ന്നതും തുടർച്ചയായി വിക്കറ്റുകൾ വീണതും പഞ്ചാബിന് തിരിച്ചടിയായി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാനാണ് (70) പഞ്ചാബിന്റെ ടോപ് സ്‌കോറർ. ജോണി ബെയർ സ്‌റ്റോ 29 പന്തിൽ 42 റൺസ് നേടി. പ്രഭ്‌സിമ്രാൻ സിങ്ങിനെയും (7 പന്തിൽ 19) ജിതേഷ് ശർമയെയും (6) പുറത്താക്കിയതും മായങ്കാണ്.

ശിഖർ ധവാൻ 17ാം ഓവറിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് ക്യാച്ച് നൽകി മടങ്ങി. 50 പന്തിൽ 3 സിക്‌സും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. സാം കറൻ നേരിട്ട ആദ്യ പന്തിൽ നിക്കോളസ് പുരാന് ക്യാച്ച് നൽകി മടങ്ങി. ലയാം ലിവിങ്സ്റ്റൻ (17 പന്തിൽ 28*) കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സ്‌കോർ: ലക്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 8ന് 199, പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 5ന് 178.

നേരത്തെ, വിക്കറ്റ് കീപ്പർ-ബാറ്ററായ ക്വിന്റൻ ഡി കോക്കും, താൽക്കാലിക നായകൻ നിക്കൊളോസ് പൂരാനും, കൃണാൽ പാണ്ഡ്യയും തകർപ്പൻ അടികളുമായി കളം നിറഞ്ഞതോടെയാണ് ലക്‌നൗ സ്‌കോർ ബോർഡിൽ മികച്ച റൺസ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഡിക്കോക്ക് 38 പന്തിൽ രണ്ടുസിക്‌സും, അഞ്ച് ബൗണ്ടറികളും അടക്കം 54 റൺസെടുത്തപ്പോൾ പൂരാൻ 21 പന്തിൽ മൂന്നു ബൗണ്ടറികൾ അടക്കം 42 റൺസും സ്വന്തമാക്കി. കൃണാൽ 22 പന്തിൽ 43 റൺസും വാരിക്കൂട്ടി. പരുക്കിൽനിന്ന് പൂർണ മുക്തനാവാത്ത കെ.എൽ.രാഹുലിനു പകരം എൽഎസ്ജിയെ നിക്കോളസ് പുരാനാണ് നയിച്ചത്.

ടോസ് നേടിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡി കോക്കും കെ.എൽ.രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 35 റൺസെടുത്തു. 15 റൺസെടുത്ത രാഹുൽ ജോണി ബെയർ‌സ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 6ാം ഓവറിൽ ദേവ്ദത്ത് പടിക്കൽ (9) മടങ്ങി. മാർക്കസ് സ്റ്റോയിനിസ് 12 പന്തിൽ 19 റൺസ് നേടി.

ഡി കോക്ക് 14ാം ഓവറിലെ ആദ്യ പന്തിൽ ക്യാച്ച് ഔട്ടായി. പുരാനെ കഗിസോ റബാഡ ക്ലീൻ ബോൾഡാക്കി. ആയുഷ് ബദോനി (8), രവി ബിഷ്‌ണോയ് (0), രവി ബിഷ്‌ണോയ് (0) എന്നിവർക്ക് നിലയുറപ്പിക്കാനില്ല. പഞ്ചാബ് കിങ്‌സിന് വേണ്ടി 28 റൺസ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്ത സാം കറനാണ് ഏറ്റവും തിളങ്ങിയത്. അർഷദീപ് രണ്ടുവിക്കറ്റെടുത്തു. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു കളി.