ലഖ്നൗ: ഐപിഎല്ലിലെ ലഖ്നൗ സൂപ്പർ ജയന്റ്സ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ ബാറ്റുചെയ്യുന്നതിനിടെ മഴ മത്സരം മുടക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ലഖ്നൗ ഇന്നിങ്സ് 19.2 ഓവർ എത്തിയപ്പോഴാണ് മഴ പെയ്തത്.

ലഖ്നൗ 19.2 ഓവറിൽ 125-7 എന്ന സ്‌കോറിൽ നിൽക്കേ ആദ്യം മഴയെത്തി. പിന്നീട് ഇടവിട്ട് പെയ്ത മഴ മത്സരം അവതാളത്തിലാക്കുകയായിരുന്നു. അഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലഖ്നൗവിലുണ്ടായിരുന്നില്ല. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം വീതിച്ചെടുത്തു. 10 കളികളിൽ 11 പോയിന്റ് വീതമുള്ള ലഖ്നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ലഖ്നൗവിന് വേണ്ടി ആയുഷ് ബദോനി അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് വെറും 45 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായി. പരിക്കുമൂലം നായകൻ രാഹുൽ കളിക്കാനിറങ്ങിയില്ല. പകരം മനൻ വോറ ഓപ്പണറായി.

ചെന്നൈയുടെ സ്പിന്നർമാർ വട്ടംകറക്കിയതോടെ വൻ തകർച്ചയോടെയായിരുന്നു ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ബാറ്റിങ് തുടക്കം. 6.5 ഓവറിൽ 34 റൺസ് സ്‌കോർ ബോർഡിൽ ചേർന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായി. പിന്നീട് 9.4 ഓവറിൽ 44ന് അഞ്ച് വിക്കറ്റും വീണു.

മൊയീൻ അലി ഇന്നിങ്സിലെ നാലാം ഓവറിലെ നാലാം പന്തിൽ ഓപ്പണർ കെയ്ൽ മെയേഴ്സിനെ(17 പന്തിൽ 14) റുതുരാജ് ഗെയ്ക്വാദിന്റെ കൈകളിൽ എത്തിച്ചാണ് വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. മനൻ വോറയ്ക്കും തിളങ്ങാനായില്ല. 11 പന്തിൽ 10 നേടിയ വോറയെ ആറാം ഓവറിലെ നാലാം പന്തിൽ മഹീഷ് തീക്ഷന ബൗൾഡാക്കി. തൊട്ടടുത്ത ബോളിൽ നായകൻ ക്രുനാൽ പാണ്ഡ്യയെ സ്ലിപ്പിൽ അജിങ്ക്യ രഹാനെ ഗംഭീര ക്യാച്ചിൽ ഗോൾഡൻ ഡക്കാക്കി മടക്കി.

വെടിക്കെട്ട് വീരൻ മാർക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴാം ഓവറിൽ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോൾ ബെയ്ൽസ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തിൽ 6) അറിഞ്ഞുപോലുമില്ല. പിന്നാലെ കരൺ ശർമ്മയുടെ(16 പന്തിൽ 9) ശരവേഗത്തിലുള്ള ഷോട്ട് തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മൊയീൻ അലി പിടികൂടി. ഇതോടെ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് അലിക്ക് രണ്ട് വിക്കറ്റായി. 14 ഓവർ പൂർത്തിയാകുമ്പോൾ 62/5 റൺസ് മാത്രമാണ് ലഖ്നൗവിനുണ്ടായിരുന്നത്.

പൂരാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ബദോനി അനായാസം ബാറ്റുവീശി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 18-ാം ഓവറിലാണ് നിക്കോളാസ് പുരാനും ആയുഷ് ബദോനിയുടെ ചേർന്ന് ടീം സ്‌കോർ 100 കടത്തുന്നത്. ഇതിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ മഹീഷ് പതിരാന, നിക്കോളാസ് പുരാനെ(31 പന്തിൽ 20) ഡ്രസിങ് റൂമിലെത്തിച്ചു.



ബദോനി 33 പന്തിൽ 59* റൺസെടുത്ത് നിൽക്കേ 19.2 ഓവറിൽ മഴയെത്തുകയായിരുന്നു. ബദോനി 30 പന്തിൽ അർധസെഞ്ചുറി തികച്ചപ്പോൾ പതിരാനയുടെ അവസാന ഓവറിൽ കൃഷ്ണപ്പ ഗൗതം(3 പന്തിൽ 1) രഹാനെയുടെ ക്യാച്ചിൽ മടങ്ങി.

എന്നാൽ 18-ാം ഓവറിൽ പൂരാനെ മതീഷ പതിരണ പുറത്താക്കി. 31 പന്തിൽ നിന്ന് 20 റൺസാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ബദോനി അടിച്ചുതകർത്തു. താരം അർധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഈ സീസണിലെ ബദോനിയുടെ ആദ്യ അർധസെഞ്ചുറിയാണിത്. പൂരാന് പകരം വന്ന കൃഷ്ണപ്പ ഗൗതവും (1) നിരാശപ്പെടുത്തി. പിന്നാലെ മഴ വന്നു. ബദോനി 33 പന്തിൽ 59 റൺസെടുത്ത് പുറത്താവാതെ നിന്നു.