- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന പന്തുവരെ എതിരാളികളുടെ നെഞ്ചിടിപ്പുയർത്തുന്ന പ്രതിഭാസം; വിമർശകരെപ്പോലും രണ്ടുവട്ടം ചിന്തിപ്പിക്കുന്ന ബാറ്റിങ്ങ് കരുത്ത്; ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്, എം.എസ് ധോനി മാത്രമാണെന്ന് സോഷ്യൽ മീഡിയ; സൂപ്പർ കൂളിന് പിന്നാലെ കൂളായി സഞ്ജുവും; പരാജയത്തിലും ധോണി ചിരിക്കുമ്പോൾ
ചെന്നൈ: നോൺസ്‌ട്രൈക്കേർസ് എൻഡിൽ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാൻ അല്ലെങ്കിൽപ്പോലും ക്രീസിൽ നിൽക്കുന്നിടത്തോളം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ പറ്റുമോ സക്കീർ ഭായിക്ക് .. ബട്ട് ഐ കാൻ.. ധോണി എന്ന താരം ക്രീസിൽ നിൽക്കുന്ന സമയത്തെ ഒരു സിനിമാറ്റിക് സ്റ്റൈലിൽ പറയേണ്ടി വന്നാൽ ഇങ്ങനെ വിവരിക്കാം ആ നിമിഷങ്ങളെ..കാരണം എത് സമയത്തും ഗ്രൗണ്ടിന്റെ ഏത് വശത്തേക്കും പന്തിനെ പറത്താൻ കെൽപ്പുള്ള ധോണി ക്രീസിലുണ്ടെങ്കിൽ കളി തീരുന്നത് വരെ എതിരാളികൾ വിജയം ഉറപ്പിക്കാൻ പറ്റില്ല. അന്താരാഷ്ട്ര മത്സരത്തിലും ഐപിഎല്ലിലുമൊക്കെ നിരവധി തവണ നമ്മൾ സാക്ഷിയായിട്ടുണ്ട് ഈ ധോണി മാജിക്കിന്.
കഴിഞ്ഞ ദിവസം രാജസ്ഥാൻ ജയിച്ചുകയറിയെങ്കിലും മത്സരശേഷവും ധോണി വാഴ്‌ത്തപ്പെടുന്നത് ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ്.അവസാന 2 ഓവറിൽ 40 റൺസും അവസാന ഓവറിൽ 21 റൺസും വിജയലക്ഷ്യമായപ്പോഴും ചെന്നൈ ഭയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല രാജസ്ഥാന് നല്ല പ്രഷറുമായിരുന്നു.മത്സര ശേഷം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു പറഞ്ഞ വാക്കുകൾ ഇത് വ്യക്തമാക്കുന്നതുമാണ്..മത്സരം പരമാവധി അവസാന പന്തുകളിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാൽ എം എസ് ധോണി ക്രീസിൽ നിൽക്കുമ്പോൾ മത്സരം നമ്മുടെ പക്കലാണെന്ന് പറയാനാവില്ല. ഒരു കണക്കുകളും എംഎസ്ഡിക്കെതിരെ വർക്കാവില്ല. എന്ത് ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ അദേഹത്തെ ബഹുമാനിക്കാൻ മാത്രമേ വഴിയുള്ളൂ എന്നുമായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
പക്ഷെ ഇന്നലെ അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ തുടരെ വഴങ്ങിയെങ്കിലും മനസാന്നിദ്ധ്യം കൈവിടാത്ത സന്ദീപ് ശർമ്മയ്ക്ക് മുന്നിൽ ധോണിക്ക് അടിയറവ് പറയേണ്ടി വരികയായിരുന്നു.അത് അല്ലെങ്കിലും അങ്ങിനെയാണല്ലോ..മത്സരം ഒരോ ദിവസവും ഒരോ പോലെയാണ്..പക്ഷെ ധോണി എതിരാളികളുടെ മനസ്സിലെങ്കിലും എന്നും ഒരുപോലെയാണ്. മത്സരത്തിന് പിന്നാലെ നിരവധിപേരാണ് ഈ പ്രായത്തിലും വിട്ടുകൊടുക്കാത്ത ധോണിയുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പുകഴ്‌ത്തി രംഗത്ത് വരുന്നത്.അതിൽ ശ്രദ്ധേയമായ ഒരു കുറിപ്പാണ് സന്ദീപ് ദാസ് പങ്കുവെച്ചിരിക്കുന്നത്.ഈ പ്രായത്തിലും ധോണിക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല, ലോകക്രിക്കറ്റിലെ ഭീഷ്മാചാര്യൻ' എന്നാണ് കുറിപ്പിൽ അദ്ദേഹം ധോണിയെക്കുറിച്ച് പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർമാർ ഒരു വമ്പൻ വല നെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഷിംറോൺ ഹെറ്റ്മയറും സന്ദീപ് ശർമ്മയും യശസ്വി ജയ്‌സ്വാളും തകർപ്പൻ ക്യാച്ചുകൾ എടുത്തിരുന്നു. ചെന്നൈ സൂപ്പർ കിങ്ങ്‌സ് ആഴക്കടലിലേയ്ക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് മഹേന്ദ്രസിങ്ങ് ധോനിയുടെ മുഖം ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. അതോടെ ചെപ്പോക്കിലെ കാണികൾ എല്ലാം മറന്ന് ആർത്തുവിളിച്ചു. സഞ്ജയ് മഞ്ജരേക്കർ കമന്ററി ബോക്‌സിലൂടെ പറഞ്ഞു-
''ഗാലറിയിലെ പൊടിപിടിച്ച ചില്ലിനപ്പുറത്ത് ധോനിയെ ഒരു മിന്നായം പോലെ കണ്ടാൽ മാത്രം മതി. കാഴ്‌ച്ചക്കാർ ആവേശത്താൽ മതിമറക്കും. അതാണ് ആ മനുഷ്യന്റെ സ്വാധീനം...!''
മഞ്ഞപ്പടയുടെ ആറാമത്തെ വിക്കറ്റ് വീണപ്പോൾ ധോനി മൈതാനത്തിൽ പ്രത്യക്ഷപ്പെട്ടു. സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷമായി. ജിയോ സിനിമയിലെ വ്യൂവർഷിപ്പ് രണ്ട് കോടി എന്ന മാന്ത്രിക സംഖ്യയെ സ്പർശിച്ചു!
ചെന്നൈയ്ക്ക് 30 പന്തുകളിൽ 63 റൺസ് ആവശ്യമുണ്ടായിരുന്നു.ധോനി-ജഡേജ സഖ്യം അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡിയായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലരായ ആദം സാമ്പയും ജെയ്‌സൻ ഹോൾഡറും രാജസ്ഥാനുവേണ്ടി പന്തെറിയാനുണ്ടായിരുന്നു. ഐ.പി.എല്ലിലെ വെറ്ററനായ സന്ദീപ് ശർമ്മയും അവർക്കൊപ്പമുണ്ടായിരുന്നു. ഒറ്റവരിയിൽ പറഞ്ഞാൽ ചെന്നൈ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ ധോനിയെ മാത്രം വിശ്വസിച്ച് കളികണ്ടു! തലയിൽ നരവീണുതുടങ്ങിയ ധോനി ഇളമുറക്കാർക്കെതിരെ പൊരുതി ജയിക്കുമെന്ന് അവർ മോഹിച്ചു! ഇതെല്ലാം സാദ്ധ്യമാക്കാൻ ധോനിക്കല്ലാതെ മറ്റാർക്ക് കഴിയും...!
സാമ്പ എന്ന ലെഗ്‌സ്പിന്നർ ഒരു സൂപ്പർഹീറോയാണ്. സാക്ഷാൽ വിരാട് കോഹ്ലിയെ എട്ടുതവണ പുറത്താക്കി റെക്കോർഡ് ഇട്ട ബോളർ. ധോനിയെ സ്പിന്നർമാർക്ക് നിയന്ത്രിച്ചുനിർത്താൻ സാധിക്കും എന്നൊരു ധാരണ ക്രിക്കറ്റ് ലോകത്ത് പ്രബലമാണ്. അങ്ങനെയുള്ളപ്പോഴാണ് ധോനി സാമ്പയ്‌ക്കെതിരെ സിക്‌സും ഫോറും പായിച്ചത്!
ചെന്നൈയിൽ ധോനിയുടെ സഹതാരമായിരുന്ന ഷെയ്ൻ വാട്‌സൻ ധോനിയുടെ പരിശീലനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്-
''ധോനിയുടെ കരുത്ത് അപാരമാണ്. നെറ്റ്‌സിൽ ധോനി മണിക്കൂറുകളോളം പവർ ഹിറ്റിങ്ങ് നടത്തും. ഞാൻ ധോനിയെ അനുകരിക്കാറില്ല. അതിന് ശ്രമിച്ചാൽ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവരും...!
സന്ദീപ് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ കണ്ടത് ധോനിയുടെ അവിശ്വസനീയമായ കരുത്ത് തന്നെയാണ്. ലോ ഫുൾടോസുകൾക്കെതിരെ ഇത്രയും ശക്തി ജനറേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ധോനിക്ക് മാത്രമേ അറിയൂ! ബാറ്റിന്റെ അറ്റത്ത് ബോൾ കൊണ്ടിട്ടുപോലും സിക്‌സർ പിറക്കുന്ന അവസ്ഥ!
ഓടുന്നതിനിടയിൽ ധോനി മുടന്തുന്നുണ്ടായിരുന്നു. പക്ഷേ ബാറ്റ് ചെയ്യുമ്പോൾ അതൊന്നും അയാൾക്ക് പ്രശ്‌നമല്ലായിരുന്നു! പരിക്കേറ്റ കൈ ഉപയോഗിച്ച് 2019 ലോകകപ്പ് സെമിഫൈനലിൽ അവസാനം വരെ പൊരുതിയ ധോനിയെ ഒരു നിമിഷം ഓർത്തുപോയി!
6 പന്തിൽ 21 റൺസ് വേണ്ട സമയത്ത് ധോനിയ്‌ക്കെതിരെ പന്തെറിയുമ്പോൾ ബോളർക്കാണ് ഇപ്പോഴും സമ്മർദ്ദം! സന്ദീപ് എറിഞ്ഞ വൈഡുകൾ അതിന് തെളിവാണ്. വീൽചെയറിൽ ബാറ്റിങ്ങിനിറങ്ങിയാലും ധോനിയെ അവസാന ഓവറിൽ എതിരാളികൾ ഭയപ്പെടും എന്ന കാര്യം തീർച്ച!
ഈ സീസണിലെ രണ്ട് കളികളിൽ ധോനി നന്നായി കളിച്ചപ്പോഴും വിമർശകർ കൂരമ്പുകൾ തൊടുത്തിരുന്നു. അവസാനം ഇറങ്ങി രണ്ടോ മൂന്നോ പന്തുകൾ നേരിടുന്നതിനുപകരം ദീർഘമായ ഇന്നിങ്‌സുകൾ കളിച്ചുകാണിക്കട്ടെ എന്നായിരുന്നു അവരുടെ വെല്ലുവിളി.
ആ കടമ്പയും ധോനി പിന്നിട്ടിരിക്കുന്നു. ഇനി വിരോധികൾ എന്തുപറയും ധോനിക്ക് മത്സരം ജയിപ്പിക്കാൻ സാധിച്ചില്ല എന്ന് പരാതിപ്പെടുമായിരിക്കും. അടുത്ത മത്സരത്തിൽ ധോനി മാച്ച് വിന്നിങ്ങ് ഇന്നിങ്‌സ് കളിച്ചാലോ ഹേറ്റേഴ്‌സ് കുറ്റം പറയാനുള്ള പുതിയ കാരണം കണ്ടെത്തും!
സത്യത്തിൽ ധോനി വിരോധികളോട് സഹതാപമാണ് തോന്നാറുള്ളത്. ഈ അത്യപൂർവ്വ പ്രതിഭാസത്തെ വേണ്ടവിധം ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ...!
മത്സരശേഷം രാജസ്ഥാൻ സ്‌കിപ്പർ സഞ്ജു സാംസൻ ഉച്ചരിച്ച വരികളിൽ എല്ലാമുണ്ട്-
''ഈ മാച്ച് കൈപ്പിടിയിലായി എന്ന് ഒരു ഘട്ടത്തിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ധോനിയെ ബഹുമാനിച്ചേ തീരൂ. ആ മനുഷ്യനെതിരെ ഒരു പ്ലാനും ഫലിക്കില്ല...!''
അറിഞ്ഞുവെച്ചോളൂ വിമർശകരേ. ഈ പ്രായത്തിലും ധോനിയ്‌ക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ മെനയാൻ എതിരാളികൾക്ക് സാധിക്കുന്നില്ല. അയാൾ തീർച്ചയായും ആദരവ് അർഹിക്കുന്നു.
മഹാഭാരതത്തിൽ ഒരു രംഗമുണ്ട്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവർക്കുവേണ്ടി ഭീഷ്മർ സർവ്വതും മറന്ന് പോരാടുന്ന സമയം. അർജ്ജുനൻ ഉൾപ്പടെയുള്ള സകല യുവയോദ്ധാക്കളും വൃദ്ധനായ ഭീഷ്മർക്കുമുന്നിൽ വിയർക്കുന്ന ഘട്ടം. അതുകണ്ട് യുധിഷ്ഠിരൻ വിലപിക്കുന്നുണ്ട്-
''ഇന്ദ്രനോ യമനോ വന്നാൽ പോലും നമുക്ക് പോരാടി ജയിക്കാം. പക്ഷേ ക്രുദ്ധനായ ഭീഷ്മരെ ഒരാൾക്കും കീഴടക്കാനാവില്ല...!''
ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്. എം.എസ് ധോനി മാത്രമാണ്...!
ധോണിക്ക് പിഴച്ചോ !അതോ ഹെയ്ഡൻ പറഞ്ഞതാണോ ശരി?
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടെങ്കിലും നായകൻ എം എസ് ധോണി ബാറ്റിങ് പവറിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ.രാജസ്ഥാന്റെ 175 റൺസ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 32 റൺസ് നേടി.അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടി വന്നെങ്കിലും തന്റെ പതിവ് ശൈലിയിൽ സിക്‌സറടിച്ച് ഫിനിഷ് ചെയ്യാൻ ധോണിക്ക് സാധിച്ചില്ല.
ഈ സാഹചര്യത്തിൽ ധോണിയുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡൻ.ബാറ്റിംഗിൽ തിളങ്ങിയപ്പോഴും ധോണിയുടെ കാര്യത്തിൽ ഒരു പ്രശ്നമുള്ളതായാണ് നിരീക്ഷണം.എം എസ് ധോണിയുടെ കാര്യത്തിൽ ഒരു പിഴവ് എന്തായാലുമുണ്ട്. വിക്കറ്റിന് ഇടയിലുള്ള ഓട്ടം സാധാരണഗതിയിൽ ഏറെ ഊർജത്തോടെയുള്ളതായിരുന്നു.എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ അതുണ്ടായില്ല എന്നുമാണ് മാത്യൂ ഹെയ്ഡന്റെ പ്രതികരണം.
Matthew Hayden said, "there's definitely something wrong with MS Dhoni. His running between the wickets is usually quite electric, which was not there Vs RR".
- Mufaddal Vohra (@mufaddal_vohra) April 12, 2023
എന്നാൽ ധോണിയുടെ ആരാധകർക്ക് ഹെയ്ഡന്റെ നിരീക്ഷണം അത്ര രസിച്ചിട്ടില്ല.41കാരനായ ധോണിയുടെ പ്രായം പരിഗണിക്കണമെന്ന് ഹെയ്ഡന് മറുപടി നൽകുകയാണ് ആരാധകർ. ഐപിഎല്ലിന്റെ ചരിത്രത്തിൽ 20-ാം ഓവറിൽ 245.74 സ്‌ട്രൈക്ക് റേറ്റിൽ 282 പന്തുകളിൽ 693 റൺസുണ്ട് എംഎസ്ഡിക്ക്. 57 സിക്സും 49 ഫോറുകളും സഹിതമാണിത്.അതിനാൽ തന്നെ അത്തരമൊരു താരത്തെ വിലയിരുത്തുമ്പോൾ ഒരു ദിവസത്തെ പ്രകടനം മാത്രം കണക്കിലെടുക്കരുതെന്നായിരുന്നു ആരാധകരുടെ മറുപടി.
തലയുടെ പിൻഗാമിയാകുമോ ചേട്ടൻ? സൂപ്പർ കൂളിന് പിന്നാലെ കൂളായി സഞ്ജു!
ഒരുപാട് ശക്തിയേറിയ ആയുധങ്ങൾ ഒന്നുമില്ലെങ്കിലും ഉള്ളതിനെ സമർത്ഥമായി ഉപയോഗിച്ച് യുദ്ധം ജയിക്കുന്നവനാണ് യഥാർത്ഥ രാജാവ്.അങ്ങിനെ നോക്കുമ്പോൾ ക്രിക്കറ്റിൽ ധോണിയാണ് ഇതിൽ കേമൻ.ടി 20 ലോകകപ്പ് വിജയം മുതൽ ഒരോ കിരീട വിജയത്തിലും ഐപിഎല്ലിലും ആ മികവ് നമ്മൾ കണ്ടതുമാണ്.എന്നാൽ ആ പ്രതിഭയുടെ മിന്നലാട്ടത്തിൽ തുടങ്ങി പതിയെ പതിയെ അതിന്റെ പൂർണ്ണതയിലേക്ക് ധോണിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നടന്നു കയറുന്ന മറ്റൊരു താരത്തെയാണ് സഞ്ജുവിൽ കാണുന്നത്.
അതന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇന്നലത്തെ മത്സരം.ബാംഗ്ലൂരിനെയോ ചെന്നൈയോ എന്തിന് ഗുജറാത്തിനെപ്പോലെയോ ഒന്നും താരപ്രഭാവം അവകാശപ്പെടാനില്ലാത്ത ടീമാണ് ഇന്നും രാജസ്ഥാൻ.പക്ഷെ നേരത്തെ സൂചിപ്പിച്ച പോലെ ഉള്ള വിഭവത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ക്യാപ്റ്റനെയാണ് ഇന്നലെ കണ്ടത്.200 പോലും പ്രതിരോധിക്കാൻ പെടാപാട് പെടുമ്പോൾ ചെപ്പോക്ക് പോലെ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ 175 എന്ന താരതമ്യേന കുറഞ്ഞ സ്‌കോർ പ്രതിരോധിച്ചതിൽ ക്യാപ്റ്റന്റെ പങ്കും നിർണ്ണായകമാണ്.
ബാറ്റിങ്ങിൽ സംപൂജ്യനായെങ്കിലും നായകൻ സഞ്ജുവിന്റെ തീരുമാനങ്ങളാണ് നിർണായക ജയത്തിലെത്തിച്ചത്. ബൗളർമാരെ ഉപയോഗപ്പെടുത്തുന്നതിലെ കൃത്യത, മൈതാനത്തെ സമചിത്തത, സ്പിന്നർമാരെ ഡെത്ത് ഓവറുകളിലും ഉപയോഗിക്കാനുള്ള ധൈര്യം തുടങ്ങിയവയെല്ലാം ചേർന്ന ഇതുപോലൊരു നായകനെ ഇപ്പോഴെങ്കിലും ഒന്ന് നല്ലത് പറഞ്ഞൂടെയെന്ന് ഒരു ട്വീറ്റ് ചോദിക്കുന്നു.ധോണി ക്രീസിൽ നിന്ന അവസാന ഓവറിൽ സന്ദീപ് ശർമക്കാണ് സഞ്ജു പന്ത് നൽകിയത്. അവസാന പന്ത് സിക്‌സ് പറത്തിയാൽ ആതിഥേയർക്ക് ജയിക്കാമായിരുന്നിടത്ത് സന്ദീപിന്റെ യോർകർ കളി മാറ്റുകയായിരുന്നു.മൂന്നു റൺസിനായിരുന്നു രാജസ്ഥാൻ ജയം.
മത്സര ശേഷം നിരവധി പേരാണ് സഞ്ജുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്. മത്സരത്തിലുടനീളം സഞ്ജു നടപ്പാക്കിയ തീരുമാനങ്ങൾക്ക് കൈയടിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അത്ര വലിയ ടോട്ടൽ അല്ലാതിരുന്നിട്ടും ബൗളർമാരെ ഉപയോഗിക്കുന്നതിൽ കാണിച്ച കണിശത വിജയം എളുപ്പമാക്കിയെന്നാണ് പലർക്കും ചൂണ്ടിക്കാട്ടാനുള്ളത്. ചെപ്പോക്കിൽ രാജസ്ഥാൻ ജയിക്കുന്നത് നീണ്ട ഇടവേളക്കു ശേഷമാണ്. മുമ്പ് ഷെയിൻ വോൺ നായകനായപ്പോഴായിരുന്നു ജയം പിടിച്ചത്. അതുകൊണ്ടുതന്നെ സമ്മർദങ്ങളില്ലാതെ ടീമിനെ ഉപയോഗിക്കാനായത് തീർച്ചയായും പ്രശംസിക്കപ്പെടണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു. ഭാവിയിൽ ഇന്ത്യൻ ടീം നായകനായും സഞ്ജുവിനെ പരിഗണിച്ചൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.
Sanju Samson said, "no data, nothing works against MS Dhoni.
- Mufaddal Vohra (@mufaddal_vohra) April 12, 2023
You have to respect the guy and what he can do". pic.twitter.com/67bXMaxfCk
അതേ സമയം, എതിർ ടീം നായകനെ ആവേശത്തോടെ വാഴ്‌ത്താനായിരുന്നു സഞ്ജു അവസരം കണ്ടെത്തിയത്.ക്രിസിൽ ധോണിയുണ്ടാകുമ്പോൾ ഏതുനിമിഷവും കളി മാറുമെന്നതിനാൽ ആദരം മാത്രമെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
120 ജയം, നാലുകിരീടം..ഐപിഎല്ലിൽ ക്യാപ്റ്റൻ പദവിയിൽ ധോനിക്ക് പൊൻതൂവൽ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു ധോണി.ചെന്നൈ ടീമിനെ നയിക്കുന്ന 200-ാമത്തെ മത്സരം എന്ന പൊൻതൂവലാണ് ധോനിക്ക് ലഭിച്ചത്.ഐപിഎഎൽ ചരിത്രത്തിൽ ഏറ്റവുമധികം സ്ഥിരത പുലർത്തുന്ന ക്യാപ്റ്റനാണ് ധോനി. 2010, 2011, 2018, 2021 വർഷങ്ങളിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത് ധോനിയുടെ നായകത്വത്തിന് കീഴിലാണ്. കപ്പുകളുടെ എണ്ണത്തിൽ മുംബൈ ഇന്ത്യൻസ് ആണ് മുന്നിൽ. അഞ്ചു കപ്പുകളിലാണ് അവർ മുത്തമിട്ടത്.
കഴിഞ്ഞ പതിമൂന്ന് ഐപിഎൽ പതിപ്പുകളിൽ 11 തവണയും ചെന്നൈ ടീമിനെ അവസാന നാലു ഘട്ടത്തിലേക്ക് എത്തിക്കാനും ധോനിക്ക് സാധിച്ചു. അഞ്ചുതവണയാണ് കപ്പിനും ചുണ്ടിനും ഇടയിൽ ചെന്നൈയ്ക്ക് കപ്പ് നഷ്ടമായത്. അന്നെല്ലാം റണർ അപ്പ് ആയിരുന്നു ചെന്നൈ.
ഐപിഎല്ലിൽ 213 തവണ ക്യാപ്റ്റനായിരുന്നു ധോനി. ഒരു സീസണിൽ റൈസിങ് പുനെ സൂപ്പർ ജയന്റിന് വേണ്ടിയാണ് ധോനി കളിക്കളത്തിൽ ഇറങ്ങിയത്. ക്യാപ്റ്റൻ എന്ന നിലയിൽ 125 കളികളിൽ ടീമിനെ ജയിപ്പിച്ചു. 87 തവണ മാത്രമാണ് പരാജയം രുചിച്ചത്. 58.96 ശതമാനമാണ് വിജയം. ഐപിഎല്ലിൽ ഏറ്റവും വിജയം നേടിയ ക്യാപ്റ്റൻ ആണ് ധോനി.
ധോനിയുടെ ക്യാപ്റ്റൻസിയിൽ 120 തവണയാണ് ചെന്നൈ വിജയിച്ചത്. 78 തവണ മാത്രമാണ് പരാജയം നേരിട്ടത്. ചെന്നൈ ക്യാപ്റ്റൻ എന്ന നിലയിൽ ധോനിയുടെ വിജയശതമാനം 60 ശതമാനത്തിന് മുകളിലാണ്. ഐപിഎല്ലിൽ 5000 റൺസ് തികച്ച ധോനി, 24 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്