- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചു: വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം മാർലോൺ സാമുവൽസിന് ആറ് വർഷത്തെ വിലക്ക്
ദുബായ്: വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം മാർലോൺ സാമുവൽസിന് ആറ് വർഷത്തെ വിലക്കേർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന്റെ അഴിമതിവിരുദ്ധ നിയമലംഘനത്തിനാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിലക്കേർപ്പെടുത്തിയത്. നവംബർ 11 മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു.
2019ലെ അബൂദബി ട്വന്റി 10 ലീഗുമായി ബന്ധപ്പെട്ടാണ് സാമുവൽസിനെതിരെ ആരോപണങ്ങൾ ഉയർന്നത്. തുടർന്ന് അന്വേഷണങ്ങൾക്ക് ശേഷം ഈ വർഷം ആഗസ്റ്റിൽ സാമുവൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. നാല് കുറ്റങ്ങളാണ് സാമുവൽസിനെതിരെ ചുമത്തിയിരുന്നത്. അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റൽ, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്താതിരിക്കൽ, അന്വേഷണ ഉദ്യോഗസ്ഥരുമായി നിസ്സഹകരണം, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങൾ മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
2018 ആഗസ്റ്റിൽ ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിനുശേഷം സാമുവൽസ് രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ല. 2020ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 18 വർഷത്തോളം നീണ്ട കരിയറിൽ 71 ടെസ്റ്റുകളിലും 207 ഏകദിനങ്ങളിലും 67 ട്വന്റി 20കളിലും വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചു. ഏകദിനത്തിൽ 17 സെഞ്ച്വറി നേടിയ താരം വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായ രണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലും ടോപ് സ്‌കോറും കളിയിലെ താരവുമായിരുന്നു.
2012ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ 56 പന്തിൽ 78 റൺസെടുത്ത സാമുവൽസ് 2016ലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 66 പന്തിൽ 85 റൺസും നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ്, രാജസ്ഥാൻ റോയൽസ്, പുണെ വാരിയേഴ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്