മെൽബൺ: ഓസ്‌ട്രേലിയയിലെ ട്വന്റി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ മത്സരത്തിനിടെ കാമുകിയോടു വിവാഹ അഭ്യർത്ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിന് ഇടെയാണ് യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്തു പ്രണയിനിക്കു നേരെ നീട്ടിയത്.

മത്സരത്തിനിടെ അവതാരകൻ സ്റ്റാൻഡിലെത്തി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ടു ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു യുവാവും കാമുകിയും. ഇത് ബന്ധത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന് അവതാരകൻ യുവാവിനോടു ചോദിച്ചു.

"ഞാൻ സ്റ്റാർസ് ടീമിന്റെ വലിയ ആരാധകനാണ്. അവൾ റെനെഗേഡ്‌സ് ടീമിന്റെ ആരാധിക. പക്ഷേ അവൾക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഇഷ്ടമാണ്. എനിക്കും അതെ. അതുകൊണ്ടാണ് ഞങ്ങൾ കളി കാണാനെത്തിയത്."യുവാവ് അവതാരകനോടു പറഞ്ഞു. യുവാവ് പെട്ടെന്നു മുട്ടുകുത്തി മോതിരം പുറത്തെടുത്തപ്പോൾ യുവതി ആദ്യം ഒന്നു ഞെട്ടി.

യെസ് പറഞ്ഞതോടെ വിരലിൽ മോതിരം അണിഞ്ഞു. ഇതു കണ്ട് ഗാലറിയിലുണ്ടായിരുന്ന ആരാധകരും കയ്യടിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ലക്ഷത്തിലേറെ പേരാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വിഡിയോ കണ്ടത്.