- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മർദ്ദത്തിൽ ഡ്രസ്സിങ്റൂം പിരിമുറുക്കത്തിൽ ആയപ്പോഴും കൂളായി ഹാർദിക് പാണ്ഡ്യ; ദുബായ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ ആവേശത്തിലാക്കി വിജയ സിക്‌സർ; ആരാധകർ തുള്ളിച്ചാടുമ്പോഴും ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തിൽ മാച്ച് വിന്നർ പാണ്ഡ്യ; നിശ്ചയ ദാർഢ്യത്തിന്റെ ആൾരൂപമായ ഇന്ത്യൻ ഓൾറൗണ്ടറെ അഭിനന്ദിച്ചു ക്രിക്കറ്റ് ലോകം

ദുബായ്: ഇന്ത്യ- പാക്കിസ്ഥാൻ മത്സരം എപ്പോഴും പിരിമുറുക്കങ്ങളും വൈകാരികതകളും നിറഞ്ഞതാണ്. ഈ സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവർ വിജയിക്കും എന്നതായിരുന്നു പതിവ്. ഇക്കുറി, ആ സമ്മർദ്ദത്തെ കൂളായി നേരിട്ടത് ഹാർദിക് പാണ്ഡ്യ എന്ന ഓൾറൗണ്ടറായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിലേക്ക് കടന്നപ്പോഴും നിശ്ചയദാർഢ്യത്തോടെ കൂളായി നിന്ന് പാണ്ഡ്യ ഇന്ത്യയെ വിജയതീരത്തിലേക്ക എത്തിക്കുകയായിരുന്നു. ഇതോടെ ഇന്നലെ ക്രിക്കറ്റ് ലോകത്തിന്റെ താരമായി മാറി പാണ്ഡ്യ.
ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ ഏഷ്യ കപ്പിൽ കണക്കു തീർക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യ-പാക് പോരിന്റെ സൗന്ദര്യവും ആവേശവും അനിശ്ചിതാവസ്ഥയും അവസാന ഓവർ വരെ നിറഞ്ഞുനിന്ന മത്സരത്തിൽ ദുബായിലെ ഗാലറിയിലേക്ക് ഒഴുകിയെത്തിയ നീലക്കടലിനെ സാക്ഷിനിർത്തി ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പത്ത് മാസം മുമ്പ് പച്ചപ്പടക്കു മുന്നിൽ തലകുനിച്ചിറങ്ങിയ അതേ ഗാലറിക്കു മുന്നിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ അഞ്ചു വിക്കറ്റിനാണ് പാക്കിസ്ഥാനോട് മറുപടി പറഞ്ഞത്. നൂറാം മത്സരം കളിച്ച വിരാട് കോഹ് ലിക്കുള്ള സമ്മാനംകൂടിയായി ഇന്ത്യൻ ജയം. സ്‌കോർ: പാക്കിസ്ഥാൻ: 147/10 (19.4). ഇന്ത്യ: 148/5 (19.4).
നാലു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഹാർദിക് പാണ്ഡ്യയും പാക്കിസ്ഥാനെ എറിഞ്ഞിട്ടപ്പോൾ പ്രമോഷൻ കിട്ടി നേരത്തേ ഇറങ്ങിയ രവീന്ദ്ര ജദേജ (29 പന്തിൽ 35), വിരാട് കോഹ് ലി (34 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33) എന്നിവർ ഇന്ത്യക്ക് വിജയമൊരുക്കി. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റെടുത്തു.

വിരാട് കോലിയും ക്യാപ്ടൻ രോഹിത് ശർമ്മയും വീണപ്പോൾ രക്ഷാദൗത്യം ഏറ്റെടുത്തത് ജഡേജയും സൂര്യകുമാർ യാദവുമായിരുന്നു. സൂര്യയും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ക്രീസിൽ എത്തിയ പാണ്ഡ്യ ആദ്യം ജഡേജയുടെ പിന്തുണക്കാരന്റെ ദൗത്യമാണ് പാണ്ഡ്യ ഏറ്റെടുത്തത്. എങ്കിലും 12 പന്തുകളിൽ നിന്ന് 21 റൺ ആവശ്യമായിരുന്ന സാഹചര്യത്തിൽ റൗഫിനെതിരെ പാണ്ഡ്യ അടിച്ച മൂന്ന് ബൗണ്ടറികളാണ് കളി പൂർണ്ണമായും ഇന്ത്യയുടെ പക്ഷത്തേയ്ക്ക് തിരിച്ചത്. നവാസ് അന്തിമ ഓവർ ചെയ്യാനെത്തുമ്പോൾ ഇന്ത്യയുടെ വിജയത്തിലേയ്ക്ക് 7 റണ്ണുകളുടെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യ പന്തിൽ ജഡേജ ഗ്ലോറി ഷോട്ടിന് ശ്രമിച്ച് പുറത്തായി. പിന്നീട് വന്നത് സിംഗിളും ഡോട്ട്‌ബോളും. മൂന്ന് പന്തുകളിൽ ആറു റൺ എന്ന നിലയിലേയ്ക്ക് കണക്കുകൾ മാറി.
അവസാന ഓവറിലെ മൂന്നാം പന്ത് സിക്‌സർ പറത്തിയാണ് പാണ്ഡ്യ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. വിജയത്തിൽ മതിമറക്കാനും പാണ്ഡ്യ തയ്യാറായില്ല. കൂളായി തന്നെയാണ് ഗാലറിയെ അഭിസംബോധന ചെയതത്. തീർത്തും പക്വമതിയായ ബാറ്ററായി പാണ്ഡ്യ മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. പാണ്ഡ്യയുടെ ഇന്നംഗിസിനെ പുകഴ്‌ത്തി നിരവധി പേരാണ് സൈബറിടത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. സന്ദീപ് ദാസ് എന്ന ക്രിക്കറ്റ് പ്രേമി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
കുറച്ച് വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും ഡെൽഹിയിൽ ഏകദിനം കളിക്കുകയാണ്. രവി ശാസ്ത്രിയും വസീം അക്രവും കമന്ററി ബോക്‌സിലുണ്ടായിരുന്നു. ഒരു ആരാധകൻ സോഷ്യൽ മീഡിയ വഴി അവരോട് ചോദിച്ചു-
''ശാസ്ത്രിയും അക്രവും ആത്മാർത്ഥ സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നിങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആ സൗഹൃദം നിലനിർത്താൻ സാധിച്ചിരുന്നുവോ...!?'
ഒരിക്കലുമില്ല എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. തന്റെ തല മാത്രം ഉന്നമിട്ടാണ് അക്രത്തിന്റെ പന്തുകൾ വന്നിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ചെറുചിരിയോടെ അക്രം അതിന് വിശദീകരണം നൽകി-
''ശരിയാണ്. ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മർദ്ദം അവിശ്വസനീയമാണ്. അതൊരു യുദ്ധമാണെന്നാണ് പലരുടെയും ധാരണ. ഇന്ത്യയോട് പരാജയപ്പെട്ടാൽ ടീമിന്റെ കോച്ച് മുതൽ ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന ജീവനക്കാർ വരെയുള്ളവർ പരിഭവിക്കും. ഡിയർ രവീ,അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ തലയെ ലക്ഷ്യംവെച്ചത്...!''

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അസാധാരണമായ പലതും സംഭവിക്കും. കളിക്കാർ എന്ത് വില കൊടുത്തും ജയിക്കാൻ ശ്രമിക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാകപ്പ് മാച്ചിൽ പാക്കിസ്ഥാൻ പ്രകടമാക്കിയ പോരാട്ടവീര്യം അതിന്റെ തെളിവായിരുന്നു.
പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി രണ്ട് പടുകൂറ്റൻ സിക്‌സറുകൾ പറത്തിയ ദഹാനി...
അരങ്ങേറ്റത്തിൽ വെള്ളിടി പോലുള്ള പന്തുകളെറിഞ്ഞ നസീം ഷാ...
ആവശ്യത്തിനും അനാവശ്യത്തിനും ഭീകരമായി അപ്പീൽ ചെയ്ത് അമ്പയർമാരെ ഭയപ്പെടുത്തിയ പാക് ഫീൽഡർമാർ...
പാക്കിസ്ഥാൻ ഒരിഞ്ച് പോലും വിട്ടുനൽകാൻ തയ്യാറല്ല എന്നതിന്റെ തെളിവുകളായിരുന്നു ഇതെല്ലാം. ബാബറും സംഘവും ഉയർത്തിയ 148 എന്ന വിജയലക്ഷ്യം അത്ര മികച്ചതായിരുന്നില്ല. പക്ഷേ അതിനെ മറികടക്കാനുള്ള ബോളിങ്ങ് നിര അവർക്കുണ്ടായിരുന്നു.
ഓസ്‌ട്രേലിയക്കാരനായ ക്യൂറേറ്റർ ഒരുക്കിയ ദുബായിലെ പുല്ലുള്ള പിച്ചും പാക്കിസ്ഥാന് അനുകൂലമായിരുന്നു. 140 കിലോമീറ്ററിനുമുകളിൽ ക്ലോക് ചെയ്യുന്ന നസീമിനെയും ദഹാനിയേയും റൗഫിനെയും അത് സന്തോഷിപ്പിച്ചു. സ്പിന്നർമാരായ നവാസിനെയും ഷദാബിനെയും സഹായിക്കുന്ന വരണ്ട ഭാഗങ്ങളും ആ പ്രതലത്തിലുണ്ടായിരുന്നു.
എല്ലാറ്റിനും പുറമെ അപ്രവചനീയമായ ബൗൺസും. ചിലപ്പോഴെല്ലാം ഗുഡ് ലെങ്ത്ത് ഏരിയയിൽനിന്ന് ബാറ്റർക്കുനേരെ മൂർഖനെപ്പോലെ കുതിച്ചുചാടിയിരുന്ന വിഷം വമിപ്പിക്കുന്ന പന്തുകൾ
സൂര്യകുമാർ യാദവിന്റെ സ്റ്റംമ്പ് നസീം ഊരിയെറിഞ്ഞ സമയത്ത് ഇന്ത്യയ്ക്ക് 34 പന്തുകളിൽനിന്ന് 59 റണ്ണുകൾ വേണ്ടിയിരുന്നു. സാഹചര്യങ്ങൾ പരിഗണിച്ചാൽ മുൻതൂക്കം പച്ചപ്പടയ്ക്കായിരുന്നു. എന്നാൽ മറിച്ചു ചിന്തിച്ചിരുന്ന ഒരാൾ ഇന്ത്യയുടെ ലോവർ മിഡിൽ ഓർഡറിലുണ്ടായിരുന്നു. അയാളുടെ പേര് ഹാർദ്ദിക് പാണ്ഡ്യ എന്നായിരുന്നു!
ഇപ്പോഴത്തെ പാക് പേസർമാരുടെ തലതൊട്ടപ്പനാണ് ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി പദം വരെ ഉയർന്ന ലെജൻഡറി ബോളർ. അങ്ങനെയുള്ള ഇമ്രാനെ പരിപൂർണ്ണനായും നിസ്സഹായനാക്കിയിട്ടുള്ളത് ഒരേയൊരു ബാറ്റർ മാത്രമായിരുന്നു-സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സ്!
പാണ്ഡ്യ കളിച്ചത് റിച്ചാർഡ്‌സിന്റെ ശൈലിയിലായിരുന്നു. ച്യൂയിങ് ഗം ചവച്ച് ആരെയും കൂസാത്തൊരു നിൽപ്പ്. ബോളർമാരെ ചതച്ചരയ്ക്കുന്ന ആക്രമണം. വാക്കിലും നോക്കിലും സ്വരത്തിലുമെല്ലാം കരീബിയൻ ഫ്‌ളേവർ.
ആദ്യം ജഡേജയുടെ പിന്തുണക്കാരന്റെ ദൗത്യമാണ് പാണ്ഡ്യ ഏറ്റെടുത്തത്. എങ്കിലും 12 പന്തുകളിൽനിന്ന് 21 റൺ ആവശ്യമായിരുന്ന സാഹചര്യത്തിൽ റൗഫിനെതിരെ പാണ്ഡ്യ അടിച്ച മൂന്ന് ബൗണ്ടറികളാണ് കളി പൂർണ്ണമായും ഇന്ത്യയുടെ പക്ഷത്തേയ്ക്ക് തിരിച്ചത്. നവാസ് അന്തിമ ഓവർ ചെയ്യാനെത്തുമ്പോൾ ഇന്ത്യയുടെ വിജയത്തിലേയ്ക്ക് 7 റണ്ണുകളുടെ ദൂരമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ ആദ്യ പന്തിൽ ജഡേജ ഗ്ലോറി ഷോട്ടിന് ശ്രമിച്ച് പുറത്തായി. പിന്നീട് വന്നത് സിംഗിളും ഡോട്ട്‌ബോളും. മൂന്ന് പന്തുകളിൽ ആറു റൺ എന്ന നിലയിലേയ്ക്ക് കണക്കുകൾ മാറി.
കളി പൂർത്തിയാകുന്നതിനുമുമ്പ് ആഘോഷം തുടങ്ങിയ ഇന്ത്യൻ ആരാധകരെല്ലാം നിശബ്ദരായി. ഒരു വിക്കറ്റ് കൂടി വീണാൽ ബോളറായ ഭുവ്‌നേശ്വർ കുമാർ ക്രീസിലെത്തും. പാക്കിസ്ഥാൻ വിജയം സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. പാക്കിസ്ഥാനി കമന്റേറ്റർമാർ 'ട്വിസ്റ്റ് ' എന്ന വാക്ക് ഉച്ചരിച്ചുകൊണ്ടിരുന്നു.
എന്നാൽ നവാസിന്റെ അടുത്ത പന്ത് കാണികൾക്കിടയിലേയ്ക്ക് പറന്നു. അമ്പയർ ഇരുകരങ്ങളും ഉയർത്തി സിക്‌സറിന്റെ സിഗ്‌നൽ നൽകി. സമ്മർദ്ദത്താൽ വലിഞ്ഞുമുറുകിയ ഇന്ത്യക്കാർ തുള്ളിച്ചാടി.
പക്ഷേ പാണ്ഡ്യയ്ക്ക് അപ്പോഴും കുലുക്കമില്ലായിരുന്നു. ''ഇതൊക്കെയെന്ത്? ' എന്നൊരു മനോഭാവമായിരുന്നു അയാൾക്ക്! ചങ്കൂറ്റത്തിന്റെ മനുഷ്യരൂപം!
ഇതുപോലൊരു ഹൈപ്രഷർ ചെയ്‌സിന്റെ അമരക്കാരനായി നിലകൊള്ളുമ്പോഴും പാക് കീപ്പർ റിസ്വാനെ കെട്ടിപ്പിടിച്ച് പാണ്ഡ്യ കുശലം പറഞ്ഞിരുന്നു. ഭയം അയാളെ സ്പർശിച്ചിരുന്നില്ല. കഥകളിലൂടെയും വിഡിയോ ക്ലിപ്പുകളിലൂടെയും അടുത്തറിഞ്ഞ വിവ് റിച്ചാർഡ്‌സിനും ഇതേ രൂപമായിരുന്നു! ഇതേ വ്യക്തിപ്രഭാവമായിരുന്നു!
പാണ്ഡ്യ ബോളിങ്ങിലും തിളങ്ങിയിരുന്നു. റിസ്വാൻ,ഇഫ്തിഖർ എന്നീ ബിഗ് ഹിറ്റർമാർ ഉൾപ്പടെ മൂന്ന് പേരാണ് പാണ്ഡ്യയുടെ വലയിൽ കുടുങ്ങിയത്. പണ്ട് പാക്കിസ്ഥാന്റെ അബ്ദുൽ റസാഖിനെ നോക്കി നാം അസൂയപ്പെട്ടിരുന്നു.
ഇപ്പോൾ നമുക്ക് പാണ്ഡ്യയുണ്ട്. വെൽ-ഡിറെക്റ്റഡ് ബൗൺസറുകളെറിഞ്ഞ് ബാറ്റർമാരുടെ കഥ കഴിക്കുന്ന,സ്‌ഫോടനാത്മകമായ ബാറ്റിങ്ങ് കെട്ടഴിക്കുന്ന ഓൾറൗണ്ടർ പാണ്ഡ്യ!
ഒരു ബാക്ക് ഇഞ്ച്വറി പാണ്ഡ്യയുടെ കരിയർ തുലാസിലാക്കിയിരുന്നു. നേരേചൊവ്വേ നടക്കാൻ പോലും അയാൾക്ക് സാധിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പാണ്ഡ്യയ്ക്കുപകരം വെങ്കിടേഷ് അയ്യറിനെ പരിഗണിക്കണം എന്ന ചർച്ച സജീവമായിരുന്നു. അവിടെനിന്നാണ് ഈ രണ്ടാം അവതാരം.
വലിയ സ്റ്റേജുകളെ പാണ്ഡ്യ ഭയക്കുന്നില്ല. സകലരും എഴുതിത്ത്തള്ളിയ ഗുജറാത്ത് ടൈറ്റൻസിന് ഐ.പി.എൽ കിരീടം നേടിക്കൊടുത്തത് പാണ്ഡ്യ എന്ന നായകന്റെ ആറ്റിറ്റിയൂഡാണ്. ഫൈനലിൽ പോലും അയാൾ ഐസ് കൂൾ ആയിരുന്നു. ഇന്ത്യ ഇനിയൊരു ഐ.സി.സി ട്രോഫി ജയിച്ചാൽ പാണ്ഡ്യ അതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും.
പണ്ട് വിവിയൻ റിച്ചാർഡ്‌സ് സ്വന്തം ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നു-
''എന്റെ താടിയെല്ലിനും വാരിയെല്ലിനും ഏറുകൊണ്ടാലും ഞാൻ ക്രീസിൽത്തന്നെ നിൽക്കും. ചിലപ്പോൾ ഞാൻ മൈതാനത്ത് മരിച്ചുവീണേക്കാം. എന്നാലും തോൽവി സമ്മതിക്കില്ല...!''
ദുബായിൽ പാണ്ഡ്യ ആ പ്രസ്താവനയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി-
''നിങ്ങൾ എനിക്കുനേരെ ബൗൺസറുകൾ എറിയൂ. പേസ് കൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കൂ. എന്റെ പങ്കാളിയെ കവർന്നെടുക്കൂ. ഈ പ്രവൃത്തികളിലൂടെ നിങ്ങൾ കഴുകനെപ്പോലെ ഉയർന്നുപറന്നാലും നിങ്ങളെ ഞാൻ താഴെയിറക്കും. ഇന്ത്യയുടെ പതാക ഉയരത്തിൽ പറക്കും. ഇന്ത്യ ജീതേഗാ വിളികൾ കൂടുതൽ ശക്തമാകും...!''
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു പാക്കിസ്ഥാൻ പത്രപ്രവർത്തകൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു എന്നതാണ് ജേണലിസ്റ്റ് ആയുധമാക്കിയത്.
പാണ്ഡ്യ രോഹിതിനോട് പറയുമായിരിക്കും-
''രോഹിത്,ആ റിപ്പോർട്ടറെ കണ്ടാൽ പറയണം ; അയാളുടെ കണക്കുകളൊന്നും തീർക്കാൻ ബാക്കിയില്ലെന്ന്...!''
ഇന്ത്യയെ തുടക്കത്തിൽ ഞെട്ടിച്ച് നദീം ഷാ
148 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുമായിറങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തിൽതന്നെ ആദ്യപ്രഹരമേറ്റു. ഈ വർഷം ആദ്യമായി കളത്തിലിറങ്ങിയ ലോകേഷ് രാഹുലിന്റെ (പൂജ്യം) കുറ്റിതെറിപ്പിച്ച് അരങ്ങേറ്റക്കാരൻ നസീം ഷാ ഇന്ത്യയെ ഞെട്ടിച്ചു. അതേ ഓവറിൽ വിരാട് കോഹ് ലി സ്ലിപ്പിൽ നൽകിയ ക്യാച്ച് ഫഖർ സമാന്റെ കൈയിൽ നിന്ന് ചോർന്നത് ഇന്ത്യൻ ഗാലറിക്ക് ആശ്വാസമായി. ലോകകപ്പ് ആവർത്തിക്കുകയാണോ എന്ന് ആശങ്കപ്പെട്ട ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കോഹ് ലിയും രോഹിതും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. പവർേപ്ലയിൽ വലിയ നഷ്ടങ്ങളില്ലാതെ കടന്നുകൂടിയെങ്കിലും എട്ടാം ഓവറിൽ രോഹിത് (18) മടങ്ങി.
നവാസിനെ തുടർച്ചയായ സിക്‌സർ പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ കുടുങ്ങുകയായിരുന്നു. സമാനമായ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ് ലിയും നവാസിന് മുന്നിൽ കുടുങ്ങി. സൂര്യകുമാർ യാദവും (18) നിരാശപ്പെടുത്തി. എന്നാൽ, ഉത്തരവാദിത്തത്തോടെ കളിച്ച ഹാർദികും ജദേജയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാൻ ഏഴു റൺസ് വേണ്ടിയിരിക്കെ അവസാന ഓവറിൽ ജദേജയുടെ കുറ്റിതെറിച്ചെങ്കിലും നാലാം പന്തിൽ സിക്‌സറടിച്ച് ഹാർദിക് പാണ്ഡ്യ ദൗത്യം പൂർത്തിയാക്കുകയായിരുന്നു.
നേരത്തേ, ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവെച്ച് ഭുവനേശ്വർ കുമാർ മൂന്നാം ഓവറിൽതന്നെ പാക് നായകൻ ബാബർ അഅ്‌സമിനെ (ഒമ്പതു പന്തിൽ 10) മടക്കി അയച്ചു. ഭുവിയെ സ്‌ക്വയർ ലെഗിന് മുകളിലൂടെ സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ വഴിതെറ്റി അലഞ്ഞ പന്ത് അർഷദീപ് സിങ്ങിന്റെ കൈയിലൊതുങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ ഫഖർ സമാന് (10) അധികം ആയുസ്സുണ്ടായിരുന്നില്ല.

ആവേശ്ഖാന്റെ മികച്ചൊരു പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിന്റെ കൈയിലൊതുങ്ങി. രക്ഷാപ്രവർത്തനം തകർത്ത് 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അവതരിച്ചു. ദിനേഷ് കാർത്തികിന്റെ കൈയിലെത്തിച്ച് ഇഫ്തിക്കാറിനെ (22 പന്തിൽ 28) പറഞ്ഞയച്ചു. രണ്ട് ഓവറിനപ്പുറം അപകടകാരിയായ മുഹമ്മദ് റിസ്വാനെയും (42 പന്തിൽ 43) പാണ്ഡ്യ തന്നെ മടക്കി. അതേ ഓവറിൽ കുഷ്ദി ഷായെയും (ഏഴ് പന്തിൽ രണ്ട്) ഹാർദിക് പറഞ്ഞയച്ചതോടെ അവസാന ഓവറിൽ ആഞ്ഞടിക്കാമെന്ന പാക് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. വാലറ്റത്തിൽ ഹാരിസ് റഊഫും (ഏഴ് പന്തിൽ 13) ഷാനവാസ് ദഹാനിയും (ആറ് പന്തിൽ 16) ചേർന്നാണ് പാക്കിസ്ഥാനെ 147 റൺസിലെത്തിച്ചത്. രണ്ട് ഓൾറൗണ്ടർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ചൊവ്വാഴ്ച അഫ്ഗാനിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.


