- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യൻ വനിതകൾ ഏകദിന-ട്വന്റി 20 പരമ്പരയ്ക്ക്; ട്വന്റി 20 പരമ്പരയിൽ മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യൻ വനിതകൾ. അടുത്തതായി ഏകദിന- ടി 20 പരമ്പരവിജയം ലക്ഷ്യമിടുകയാണ് ഹർമൻ പ്രീതും കൂട്ടരും. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി 20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യൻ വനിത ടീമിൽ മലയാളി താരം മിന്നു മണിയും ഇടംപിടിച്ചിട്ടുണ്ട്.
ഹർമൻ പ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. ഓസീസിനെതിരായ ഏക ടെസ്റ്റിൽ ചരിത്രത്തിലാദ്യമായി വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ പരിമിത ഓവർ പോരിനൊരുങ്ങുന്നത്.
നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇടം നേടിയ വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനിയായ മിന്നു മണി കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിത താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചതും മിന്നുവായിരുന്നു. ഇടംകൈയൻ ബാറ്ററും സ്പിന്നറുമായ മിന്നു പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായിരുന്നു. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വർഷമായി ടീമിൽ സ്ഥിരാംഗമാണ്.
ടീം: ഹർമൻ പ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, യാസ്തിക ബാട്ടിയ, റിച്ച ഘോഷ്, അമൻജോത് കൗർ, ശ്രേയങ്ക പാട്ടിൽ, മന്നത്ത് കശ്യപ്, സെയ്ക ഇസ്ഹാഖ്, രേണുക സിങ് താക്കൂർ, ടിറ്റസ് സധു, പൂജ വസ്ത്രകാർ, കനിക അഹൂജ, മിന്നു മണി.