- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരലേലത്തിൽ മിന്നിത്തെളിഞ്ഞ് മിന്നുമണി; വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ കേരള ഓൾറൗണ്ടറെ മുപ്പത് ലക്ഷത്തിന് ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്; ക്രിക്കറ്റിനോട് എന്നും പ്രണയം; സ്വപ്നം യാഥാർത്ഥമാക്കി എടപ്പാടിയിലെ ആദിവാസി പെൺകുട്ടി
മുംബൈ: വനിതാ പ്രീമിയർ ലീഗ് താര ലേലത്തിൽ കേരളത്തിന്റെ അഭിമാന താരമായ ഓൾറൗണ്ടർ മിന്നുമണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. സംസ്ഥാനത്തുനിന്നും വനിതാ പ്രീമിയർ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് 23കാരിയായ മിന്നുമണി. മുംബൈയിൽ നടക്കുന്ന താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഹ്രസ്വ ലേലത്തിന് ശേഷമാണ് 30 ലക്ഷം രൂപയ്ക്ക് 23 കാരിയെ ഡൽഹി സ്വന്തമാക്കിയത് 10 ലക്ഷം രൂപയായിരുന്നു മിന്നുവിന് അടിസ്ഥാന വില.
നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നർ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്ല സിഎംസി അൺസോൾഡായിരുന്നു.
കുഞ്ഞുനാൾ മുതലേ മിന്നുമണി ക്രിക്കറ്റിനോട് കൂട്ടുകൂടിയിരുന്നു. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുതുടങ്ങി. വീടിന് സമീപത്തെ വയലിൽ പ്ലാസ്റ്റിക് പന്തും റബ്ബർ പന്തും ഉപയോഗിച്ചായിരുന്നു കളി.
മാനന്തവാടി ജി.വി.എച്ച്.എസിൽ പഠിക്കുമ്പോൾ കായികാധ്യാപിക കെ.എം. എൽസമ്മയാണ് മിന്നുവിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. മികവ് തെളിയിച്ചതോടെ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷനും കിട്ടി. ഒമ്പതാംക്ലാസും പത്താംക്ലാസും തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലാണ് പഠിച്ചത്.
പ്ലസ് വണ്ണും പ്ലസ്ടുവും ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. വഴുതക്കാട് വിമെൻസ് കോളേജിലാണ് ബിരുദത്തിന് ചേർന്നത്. ഇക്കണോമിക്‌സാണ് വിഷയം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം, യൂത്ത് പ്ലയർ ഓഫ് ദി ഇയർ പുരസ്‌കാരം, പ്രോമിസിങ് പ്ലയർ പുരസ്‌കാരം എന്നിവയും മിന്നുവിനെ തേടി എത്തിയിട്ടുണ്ട്.
വനിതാ ക്രിക്കറ്റിന് വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന വയനാട്ടിൽനിന്നാണ് മിന്നുമണി ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയത്. എൽസമ്മ ടീച്ചറുടെയും പിന്നീട് പരിശീലകരായി എത്തിയ കേരള ക്രിക്കറ്റ് അക്കാദമി പരിശീലകൻ കെ.പി. ഷാനവാസ്, സെലക്ടർ അനുമോൾ ബേബി, കെ. ദീപ്തി തുടങ്ങിയവരുടെ പിന്തുണയാണ് തനിക്ക് ലഭിച്ച നേട്ടങ്ങൾക്ക് പിന്നിലെന്ന് മിന്നു ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. മാനന്തവാടി ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും വസന്തയുടെയും മകളാണ് മിന്നുമണി. സഹോദരി മിമിത വിദ്യാർത്ഥിനിയാണ്.
ബാറ്റും ബോളുമായി ഇറങ്ങിയപ്പോൾ ആദ്യം കുറെ എതിർപ്പുകൾ ഉണ്ടായിരുന്നു. നേട്ടങ്ങൾ ലഭിച്ചപ്പോൾ എതിർത്തവരൊക്കെയും ഒപ്പം നിന്നു. എല്ലാവരുടെയും പിന്തുണയുള്ളതുകൊണ്ടുമാത്രമാണ് ഇവിടെവരെ എത്തിയത്. ഇനിയും ഉയരങ്ങളിൽ എത്തണം. ഇനിയുള്ള മത്സരങ്ങളിൽ നല്ല പ്രകടം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ എ ടീമിൽ അംഗമായപ്പോൾ മിന്നുമണി പറഞ്ഞിരുന്നു.
മലപ്പുറം, തിരൂർ സ്വദേശിയായ നജ്ല ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പിൽ കളിക്കാനുള്ള അവസരം നജ്ലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാൻ താരത്തിന് സാധിച്ചു. മൂന്ന് ഓവറിൽ നാല് വിക്കറ്റ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും വീഴ്‌ത്തി. കേരള ടീമിനായി നടത്തിയ പ്രകടനമാണ് നജ്ലയെ ലോകകപ്പ് ടീമിലേക്ക് നയിക്കുന്നത്. കൂടാതെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡി ടീമിന്റെ നായികയായും നജ്ല ഉണ്ടായിരുന്നു. വനിതാ ഐപിഎല്ലിൽ ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമാവുകയാണ് ആഗ്രഹമെന്ന് നജ്ല അടുത്തിടെ പറഞ്ഞിരുന്നു. അവസാന റൗണ്ടിൽ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ വിളിക്കാനുള്ള ഓപ്ഷനുണ്ട്.
അതേസമയം, ലോകകപ്പിൽ കളിച്ച പർഷവി ചോപ്ര, തിദാസ് സദു, ശ്വേത സെഹ്രാവത് എന്നിവരെ വിവിധ ഫ്രാഞ്ചൈസികൾ സ്വന്താക്കി. പവർഷവിയെ അടിസ്ഥാന വിലയായ 10 ലക്ഷത്തിന് യുപി വാരിയേഴ്സ് സ്വന്തമാക്കി. തിദാസിനെ 25 ലക്ഷത്തിന് ഡൽഹി കാപിറ്റൽസ് ടീമിലെത്തിച്ചു. പ്രഥമ അണ്ടർ 19 ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത. ശ്വേതയ്ക്ക് 40 ലക്ഷം ലഭിച്ചു. യുപി വാരിയേഴ്സ് തന്നെയാണ് ശ്വേതയേയും ടീമിലെത്തിച്ചത്.