പെർത്ത്: ലോകകപ്പ് ജയത്തിന് പിന്നാലെ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ മാർഷ് ട്രോഫിയുടെ മുകളിൽ കാൽ കയറ്റി വച്ച് പോസ് ചെയ്തത് വിവാദമായിരുന്നു. മാർഷ് ട്രോഫിയോട് അനാദരവ് കാട്ടിയെന്നായിരുന്നു വിമർശനം. എന്നാൽ, താൻ അനാദരവൊന്നും കാട്ടിയില്ലെന്നാണ് മാർഷിന്റെ വിശദീകരണം. വേണമെങ്കിൽ, അതാവർത്തിക്കാൻ മടിക്കില്ലെന്ന് കൂടി അദ്ദേഹം പറഞ്ഞു.

ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ആണ് അന്ന് വിവാദ ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. സെൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ട്രോഫിയെ അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മാർഷ് വ്യക്തമാക്കിയത്. ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ വിമർശനവും ഞാൻ കണ്ടിട്ടില്ല. അതിൽ കാര്യമായി ഒന്നുമില്ല.

ഇനിയും അങ്ങനെ ട്രോഫിക്ക് മേൽ കാൽ കയറ്റി വയ്ക്കുമോ എന്ന് ചോദിച്ചപ്പോൾ മിക്കവാറും എന്നായിരുന്നു മാർഷിന്റെ മറുപടി. ഇന്ത്യൻ ആരാധകരാണ് പ്രധാനമായും മാർഷിന് എതിരെ രംഗത്തെത്തിയത്. മാർഷിന്റെ പ്രവൃത്തി തന്നെ വേദിപ്പിച്ചെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമിയും പറഞ്ഞിരുന്നു. ലോകത്തിലെ ഏല്ലാം ടീമുകളും മോഹിക്കുന്ന ലോകകപ്പ് തലയ്ക്ക് മുകളിൽ ആഹ്ലാദത്തോടെ ഉയർത്താൻ ആഗ്രഹിക്കുന്ന കപ്പിൽ, ാർഷ് കാൽ വച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നാണ് ഷമി പറഞ്ഞത്.

അതേസമയം, മിച്ചൽ മാർഷ് ലോകകപ്പ് ട്രോഫിക്ക് മുകളിൽ കാൽ കയറ്റിവെച്ച് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് യുപി സ്വദേശി കേശവ് ദേവ് എന്നയാൾ അലിഗഢിലെ ഡൽഹി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.