- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഐ.പി.എല്ലും നഷ്ടമാകും
മുംബൈ: ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് ഐ.പി.എല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുന്ന താരത്തോട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. യു.കെയിൽ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക് ഭേദമാക്കാനാകുവെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഇതോടെ ഷമി ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകും.
മാർച്ചിൽ ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ ഷെഡ്യൂൾ വ്യാഴാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഷമി. കാലിലെ പരിക്കു കാരണം 33കാരനായ ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം താരത്തോട് ചെറിയ തോതിൽ ഓടാനും ഡോക്ടർമാർ നിർദ്ദേശം നൽകി. എന്നാൽ, ഈ കുത്തിവെപ്പ് ഫലം ചെയ്യാതെ വന്നതോടെയാണ് ശസ്ത്രക്രിയ മാത്രമാണ് ഇനി താരത്തിനു മുന്നിലുള്ള വഴിയെന്ന് ഡോക്ടർമാർ അറിയിച്ചത്. ശസ്ത്രക്രിയക്കായി ഉടൻ താരം ലണ്ടനിലേക്ക് തിരിക്കുമെന്ന് മുതിർന്ന ബി.സി.സിഐ പ്രതിനിധി വാർത്ത ഏജൻസി പി.ടി.ഐയോട് വെളിപ്പെടുത്തി.
ഏകദിന ലോകകപ്പിൽ തകർപ്പൻ ബൗളിങ്ങുമായി ആരാധകരുടെ മനംകവർന്നിരുന്നു താരം. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ നേടി ടൂർണമെന്റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായി. താരത്തിന് അർജുന പുരസ്കാരം നൽകിയാണ് രാജ്യം ആദരിച്ചത്.