ബെംഗളൂരു: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ച് ലോക ഒന്നാം നമ്പർ ഏകദിന ബൗളർ മുഹമ്മദ് സിറാജ്. പിതാവ് മരിച്ചപ്പോൾ അദ്ദേഹത്തെ അവസാനമായി ഒന്നു കാണാൻ പോലും കഴിയാതെപോയ സാഹചര്യത്തെക്കുറിച്ചടക്കം സിറാജ് തുറന്നുപറഞ്ഞു. ആർസിബി സീസൺ 2 പോഡ്കാസ്റ്റിൽ സംസാരിക്കവേയായിരുന്നു സിറാജ് ജീവിതത്തിലെ തിക്താനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.

തന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലുള്ളപ്പോഴാണ് താരത്തിന്റെ പിതാവിന്റെ മരണം. പിതാവിനെ അവസാനമായി കാണാനാകാത്തത്തിന്റെ പ്രയാസം, ഇതിനിടയിൽ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ സമ്മർദ്ദം. ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്ന് സിറാജ് പറയുന്നു.

സിറാജിന്റെ പിതാവ് മുഹമ്മദ് ഖവുസ് 2021-ലാണ് അന്തരിച്ചത്. അന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു സിറാജ്. കോവിഡ് ബയോ ബബിളിൽ ഉൾപ്പെട്ടതിനാൽ ഓസ്ട്രേലിയയിലായിരുന്ന സിറാജിന് നാട്ടിലെത്തി പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ല. അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാനാവില്ലെന്ന് സിറാജ് വ്യക്തമാക്കി.

' പിതാവ് വിടപറഞ്ഞപ്പോൾ സഹിക്കാനായില്ല. ഞാൻ ഒറ്റയ്ക്ക് റൂമിലിരുന്നു. അന്ന് താരങ്ങൾക്കൊന്നും മറ്റൊരു റൂമിലേക്ക് കയറാനുള്ള അനുവാദമില്ലായിരുന്നു. ആരും എന്റെ റൂമിൽ വന്നില്ല. പലരും വീഡിയോ കോൾ ചെയ്തു. പക്ഷേ ഞാനാകെ തകർന്നിരുന്നു. ഒറ്റയ്ക്ക് റൂമിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. പിറ്റേ ദിവസം ട്രെയിനിങ്ങിനായി ഗ്രൗണ്ടിലെത്തിയപ്പോൾ പരിശീലകൻ രവിശാസ്ത്രി എന്നെ ആശ്വസിപ്പിച്ചു. എനിക്ക് പിതാവിന്റെ ആശിർവാദമുണ്ടെന്നും ബ്രിസ്ബേൻ ടെസ്റ്റിൽ ഞാൻ അഞ്ചുവിക്കറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഞാൻ അഞ്ചുവിക്കറ്റെടുക്കുകയും ചെയ്തു. എന്റെ പ്രകടനത്തിനുശേഷം രവിശാസ്ത്രി എന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി'- സിറാജ് പറഞ്ഞു.

ഏറെ കഷ്ടപ്പെട്ടാണ് പിതാവ് തന്നെ വളർത്തിയതെന്നും ഈ നേട്ടങ്ങളിൽ അദ്ദേഹം ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്നും സിറാജ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചെന്നും സിറാജ് വ്യക്തമാക്കി.

ക്രിക്കറ്റിൽ താൻ വിജയങ്ങൾ കീഴടക്കമണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവ് മുഹമ്മദ് ഗൗസ് ആണ്. താൻ കഠിനാധ്വാനം ചെയ്യുന്നതിൽ അദ്ദേഹത്തിന് അഭിമാനവും സന്തോഷവുമായിരുന്നുവെന്നും സിറാജ് പറഞ്ഞു.

മത്സരത്തിനിടെ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ചും സിറാജ് മനസ്സുതുറന്നു. ' ടെസ്റ്റിന്റെ ആദ്യ ദിനം കാണികൾ എന്നെ കരിങ്കുരങ്ങെന്ന് വിളിച്ചപ്പോൾ അവർ മദ്യലഹരിയിൽ പറഞ്ഞതാകാം എന്ന് കരുതി ഞാൻ കണ്ണടച്ചു. എന്നാൽ രണ്ടാം ദിനവും അത് തുടർന്നപ്പോൾ ഞാൻ നായകൻ രഹാനെയോടും അമ്പയർമാരോടും ഇക്കാര്യം അറിയിച്ചു. അത്തരം കാണികളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കണമെന്ന് രഹാനെ ആവശ്യപ്പെട്ടു. അതിനുശേഷമാണ് പ്രശ്നങ്ങൾ അവസാനിച്ചത്.'- സിറാജ് വ്യക്തമാക്കി.

ഓസ്ട്രേലിയയിൽ പരമ്പര വിജയിച്ചാണ് സിറാജും ഇന്ത്യൻ ടീമും അന്ന് ഓസീസ് ആരാധകർക്ക് മറുപടി നൽകിയത്. ഓസ്ട്രേലിയയിലെ പ്രകടനം എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമയായിരിക്കുമെന്നും സിറാജ് കൂട്ടിച്ചേർത്തു. നിലവിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സിറാജ്.