കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തിൽ ആതിഥേയരായ ശ്രീലങ്ക 50 റൺസിനാണ് ആൾഔട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോൾ ക്രിക്കറ്റ് ലോകം.

മാൻ ഓഫ് ദി മാച്ച് സമ്മാനത്തുകയായി ലഭിച്ച 5000 ഡോളർ (4.15 ലക്ഷം രൂപ) പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നൽകുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 'അവർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അവരുടെ ജോലിയില്ലാതെ ടൂർണമെന്റ് മുന്നോട്ട് പോകില്ലായിരുന്നു', സിറാജ് സമ്മാനദാന ചടങ്ങിൽ പറഞ്ഞു.

ഏഷ്യാ കപ്പിലെ പല മത്സരങ്ങൾക്കും മഴ വില്ലനായിരുന്നു. പിച്ച് നനയാതിരിക്കാനും ഔട്ട്ഫീൽഡ് ഉണക്കാനുമെല്ലാം കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ചെയ്ത വിശ്രമമില്ലാത്ത പ്രവൃത്തികൾ ഏറെ പ്രശംസ നേടിയിരുന്നു. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിലും ചേർന്ന് 50,000 ഡോളറും (41.54 ലക്ഷം രൂപ) കാൻഡിയിലെയും കൊളംബോയിലെയും ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നൽകാൻ തീരുമാനിച്ചിരുന്നു.

വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാക്കിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശർമയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.

അതേസമയം ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ. അഞ്ച് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും ഉൾപ്പെടെ 75.50 ശരാശരിയിൽ 302 റൺസാണ് താരം അടിച്ചെടുത്തത്. 93.50 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ടാമതുള്ള ശ്രീലങ്കയുടെ കുശാൽ മെൻഡിസ് ആറ് മത്സരങ്ങളിൽ 45 റൺസ് ശരാശരിയിൽ 270 റൺസ് നേടി.

അഞ്ച് മത്സരങ്ങൾ വീതം കളിച്ച ശ്രീലങ്കയുടെ സദീര സമരവിക്രമ (215), പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസം (207), മുഹമ്മദ് റിസ്‌വാൻ (195) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.

ബൗളർമാരിൽ അഞ്ച് മത്സരങ്ങളിൽ 11 വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കയുടെ മതീഷ പതിരാനയാണ് മുമ്പൻ. ലങ്കയുടെ തന്നെ ദുനിത് വെല്ലാലഗെ, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി എന്നിവർ 10 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവ് നാല് മത്സരങ്ങളിൽ ഒമ്പത് വിക്കറ്റ് നേടി. ഓവറിൽ ശരാശരി 3.70 റൺസ് മാത്രം വിട്ടുകൊടുത്ത കുൽദീപിന്റെ ശരാശരി 11.33 ആണ്. കുൽദീപാണ് ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.