- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയെ ആറ് റൺസിന് തോൽപ്പിച്ചു ഗുജറാത്ത് ടൈറ്റൻസ്
അഹ്മദാബാദ്: ഐപിഎൽ 17ാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയത്തുടക്കം. ക്യാപ്ടനായി ശുഭ്മാൻ ഗിൽ കളം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് റൺസിനാണ് ഗുജറാത്ത് വിജയിച്ചത്. അതേസമയം മുംബൈ ക്യാപ്ടനായ ഹാർദിക് പാണ്ഡ്യെക്ക് ക്ഷീണമാണ് മത്സരം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ ഇന്നിങ്സ് 162ൽ അവസാനിച്ചു.
ഇംപാക്ട് പ്ലെയറായി ഇറങ്ങി 46 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസ് ആണ് മുംബൈയുടെ ടോപ് സ്കേറർ. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റു നഷ്ടപ്പെടുകയും റൺസ് കണ്ടെത്താവാതെ വരികയും ചെയ്തതോടെ മുംബൈ തോൽവി ഏറ്റുവാങ്ങി. നേരത്തെ ജസ്പ്രീത് ബുംറയുടെ മികച്ച ബൗളിംഗാണ് വൻ സ്കോറിലേക്ക കുതിച്ച ഗുജറാത്തിനെ പിടിച്ചു നിർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ ഇഷാൻ കിഷനെ (0) നഷ്ടമായി. അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പിടിച്ചാണ് താരം പുറത്തായത്. സ്കോർ 30ൽ നിൽക്കേ നമൻ ധിറിനെ വിക്കറ്റിനുമുന്നിൽ കുടുക്കി അസ്മത്തുല്ല രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു. എന്നാൽ പിന്നാലെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ ഡിവാൾഡ് ബ്രെവിസിനൊപ്പം രോഹിത് ശർമ സ്കോറുയർത്തി.
ടീം സ്കോർ 107ൽ നിൽക്കേ 13ാം ഓവറിൽ രോഹിത് മടങ്ങി. 29 പന്തിൽ 1 സിക്സും 7 ഫോറും സഹിതം 43 റൺസെടുത്ത താരത്തെ സായ് കിഷോർ വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ഡിവാൾഡ് ബ്രെവിസിനെ (38 പന്തിൽ 46) 16ാം ഓവറിൽ മോഹിത് ശർമ മടക്കി. അർധ സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ റിട്ടേൺ ക്യാച്ചിലൂടെയാണ് മോഹിത് കൂടാരം കയറ്റിയത്.
10 പന്തിൽ 11 റൺസെടുത്ത ടിം ഡേവിഡിനെ മോഹിത് ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. 19ാം ഓവറിൽ തിലക് വർമയെയും (19 പന്തിൽ 25) ജെറാൾഡ് കോട്സിയെയും (1) മടക്കിയ സ്പെൻസർ ജോൺസൻ മുംബൈയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (4 പന്തിൽ 11) കൂടി മടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.
ടോസ് നേടി ബോളിങ് തിര?ഞ്ഞെടുത്ത മുംബൈയ്ക്കായി 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 മുൻനിര ബാറ്റർമാരെയാണ് ബുമ്ര മടക്കിയത്. 39 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റൻസ് 168 റൺസ് നേടിയത്. പേസർ ജസ്പ്രീത് ബുംറ മുംബൈക്കായി മൂന്നു വിക്കറ്റ് നേടി. നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 39 പന്തിൽ 45 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. നായകൻ ശുഭ്മൻ ഗിൽ 22 പന്തിൽ 31 റൺസെടുത്തു. വൃദ്ധിമാൻ സാഹ (15 പന്തിൽ 19 റൺസ്), അസ്മത്തുല്ല ഒമർസായി (11 പന്തിൽ 17), ഡേവിഡ് മില്ലർ (11 പന്തിൽ 12), രാഹുൽ തേവാത്തിയ (15 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു റൺസുമായി വിജയ് ശങ്കറും നാലു റൺസുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈക്കായി ജെറാൾഡ് കോട്സി രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ നായകന്മാർക്കു കീഴിലാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങിയത്.
ഇക്കുറി ക്യാപ്റ്റന്റെ ചുമതലകൂടി നൽകി മുംബൈയിൽ തിരിച്ചെത്തിച്ച ഹാർദികിന് കീഴിലാണ് ഗുജറാത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനലിലെത്തിയത്. 2022ൽ അരങ്ങേറ്റത്തിൽത്തന്നെ കിരീടവും നേടി. അഞ്ച് തവണ ജേതാക്കളാക്കിയ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ക്യാപ്റ്റൻസി ഹാർദിക്കിന് നൽകിയത്. ഇതോടെ ഗുജറാത്ത് നായകനായി ശുഭ്മൻ ഗില്ലിനെയും നിയോഗിച്ചു.