- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ പോയ പാണ്ഡ്യയെ തിരികെ എത്തിച്ചത് റെക്കോർഡ് തുകയ്ക്ക്; പിന്നാലെ രോഹിതിന്റെ ക്യാപ്ടൻ സ്ഥാനവും തെറിപ്പിച്ചത് ആരാധകർക്കും കളിക്കാർക്കും ദഹിച്ചില്ല! തകർന്ന ഹൃദയത്തിന്റെ ഇമോജി പോസ്റ്റ് ചെയ്ത് സൂര്യകുമാർ! മുംബൈ ഇന്ത്യൻസിന്റെ ജഴ്‌സിയും തൊപ്പിയും കത്തിച്ച് ആരാധകർ
മുംബൈ: ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ സന്തുലിതാവസ്ഥ താളം തെറ്റിക്കുമോ? അങ്ങനെയുള്ള വികാരമാണ് ആരാധകർ പങ്കുവെക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീം ഉണ്ടാക്കിയപ്പോൾ അവിടേക്ക് വൻതുകയ്ക്ക് പറന്ന ഹാർദിക് തിരിടെ ടീമിലേക്ക് എത്തിയതും വൻ തുകയ്ക്കാണ്. ഇതിൽ ടീമിൽ ബുമ്രയെ പോലുള്ളവർ അസ്വസ്ഥരാണ് താനും. ഇതിനിടെയാണ് മുംബൈ ഇന്ത്യൻസ് നായകൻ ആയിരുന്ന രോഹിത് ശർമ്മയെയും മാറ്റിയത്. പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്ടനായി അവരോധിച്ചത് ടീമിലെ പലർക്കും ദഹിച്ചിട്ടില്ല. സൂര്യകുമാർ യാദവിന് അടക്കം ഇതിനോട് യോജിപ്പില്ലെന്ന സൂചനകളുണ്ട്.
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ തകർന്ന ചുവപ്പ് ഹൃദയത്തിന്റെ ഇമോജി പോസ്റ്റ് ചെയ്ത് സഹതാരം സൂര്യകുമാർ യാദവ്. രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ടീമിന്റെ നടപടിയിൽ ആരാധകരും വലിയ രോഷത്തിലാണ്. ആരാധകർ മുംബൈ ഇന്ത്യൻസ് ടീമിന്റെ തൊപ്പിയും ജഴ്‌സിയും കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ടു സീസൺ മുമ്പ് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്ക് പോയ ഹാർദിക്കിനെ വീണ്ടും ടീമിലെത്തിച്ചപ്പോൾ തന്നെ ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നായകനാക്കിയാൽ മാത്രം ടീമിലേക്ക് മടങ്ങിവരാമെന്ന ഡിമാൻഡ് ഹാർദിക് മുംബൈ മാനേജ്‌മെന്റിനു മുന്നിൽവെച്ചതായും റിപ്പോർട്ടുകളുണ്ട്.
15 കോടി രൂപക്കു പുറമെ, ക്യാപ്റ്റൻ സ്ഥാനവുംം വേണമെന്നായിരുന്നു ഹാർദിക്കിന്റെ ഡിമാൻഡ്. എന്നാൽ, ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത്തിനെ മാറ്റിയ ടീം മാനേജ്‌മെന്റ് നടപടി ആരാധകരെ ചൊടിപ്പിച്ചു. വരുന്ന സീസണിലും നീലപ്പടയെ ഹിറ്റ്മാൻ തന്നെ നയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഹാർദിക്കിനെ നായകനായി പ്രഖ്യാപിച്ചതിനു പിന്നാലെ മാത്രം നാലു ലക്ഷത്തോളം ആരാധകരെയാണ് മുംബൈ ഇന്ത്യൻസിന് സമൂഹമാധ്യമങ്ങളിൽ നഷ്ടമായത്.
രോഹിത് ഒഴിയുമ്പോൾ ടീമിന്റെ നായക സ്ഥാനത്തേക്ക് സൂര്യകുമാർ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് ഹാർദിക് ടീമിന്റെ നായക പദവിയിലേക്ക് എത്തുന്നത്. തകർന്ന ഹൃദയത്തിന്റെ ഇമോജി സൂര്യകുമാർ പോസ്റ്റ് ചെയ്തിനു പിന്നിൽ തന്നെ തഴഞ്ഞതിലുള്ള വിഷമംകൊണ്ടായിരിക്കാം എന്നും വിലയിരുത്തുന്നു.
രോഹിത്തിന്റെ അഭാവത്തിൽ നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ നയിക്കുന്നത് സൂര്യകുമാറാണ്. ടീമിലെ മറ്റൊരു മുതിർന്ന താരമായ ജസ്പ്രീത് ബുംറ 'നിശബ്ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തര'മെന്ന് ഹാർദിക്കിനെ ടീമിൽ എടുത്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 2022 സീസണിലാണ് ഹാർദിക് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്ക് പോകുന്നത്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചു. 2023ൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിനോടു ഗുജറാത്ത് പരാജയപ്പെട്ടു.
സ്പോർട്സ് ഡെസ്ക്