മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ജെയന്റ്സിന് 208 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്ലി മാത്യൂസ് അമേലിയ കെർ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അഷ്ലി ഗാർഡ്നർ ഒരു വിക്കറ്റ് വീഴ്‌ത്തി.

30 പന്തിൽ നിന്ന് 14 ബൗണ്ടറിയടക്കം 65 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 31 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 47 റൺസെടുത്ത ഓപ്പണർ ഹയ്ലി മാത്യൂസും 24 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്ന അമേലിയ കെറും മുംബൈക്കായി തിളങ്ങി. നാറ്റ് സ്‌ക്രിവർ 18 പന്തിൽ നിന്ന് 23 റൺസെടുത്തു.

ടോസ് നേടി പന്തെടുക്കാനുള്ള മൂണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഗുജറാത്തിന്റെ തുടക്കം. മൂന്നാം ഓവറിൽ തന്നെ യഷ്ടിക ഭാട്ടിയ (1)യെ ഗുജറാത്തിന് നഷ്ടമായി. തനുജ കൻവാറിനായിരുന്നു വിക്കറ്റ്. എന്നാൽ ഹെയ്ലി- നതിലി സ്‌കിവർ (23) സഖ്യം മുംബൈക്ക് ആശ്വാസം നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേർത്തു.

എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങി. തുടർന്ന് ക്രീസിൽ ഒത്തിചേർന്ന കൗർ- കെർ സഖ്യമാണ് ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 89 റൺസ് കൂട്ടിചേർത്തു. 30 പന്തിൽ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് 65 റൺസെടുത്തത്. 24 പന്തുകൾ നേരിട്ട കെർ ഒരു സിക്സും ആറ് ഫോറും പായിച്ചു. പൂജ വസ്ത്രകറാണ് (15) പുറത്തായ മറ്റൊരു താരം. ഇസി വോംഗ് (6) പുറത്താവാതെ നിന്നു.