മൊഹാലി: വാംഖഡെയിലെത്തി സ്റ്റംമ്പുകളൊടിച്ച് നാണം കെടുത്തിയ പഞ്ചാബ് കിങ്‌സിനെ അവരുടെ കോട്ടയിൽ കയറി തല്ലിത്തകർത്ത് മുംബൈ ഇന്ത്യൻസ്. ബാറ്റിങ് വെടിക്കെട്ടിന് സാക്ഷിയായ ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ പഞ്ചാബിനെ ആറുവിക്കറ്റിന് തകർത്ത് മുംബൈ വിജയമാഘോഷിച്ചു. പഞ്ചാബ് ഉയർത്തിയ 215 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 18.5 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. മത്സരത്തിൽ ഇരുടീമുകളും ചേർന്ന് സ്‌കോർ ബോർഡിൽ ചേർത്തത് 430 റൺസാണ്!

അർധസെഞ്ചുറികളുമായി തകർത്തടിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മുംബൈയുടെ വിജയശിൽപ്പികൾ. ടിം ഡേവിഡും തിലക് വർമ്മയും ഫിനിഷർമാരുടെ റോൾ അതിഗംഭീരമാക്കി. ഈ വിജയത്തോടെ പഞ്ചാബിനോട് വാംഖഡെയിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനും മുംബൈയ്ക്ക് സാധിച്ചു.

പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശയ മുംബൈയുടെ ഇന്നിങ്‌സിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ നായകൻ രോഹിത് ശർമ റൺസെടുക്കും മുൻപ് ക്രീസ് വിട്ടു. പിന്നാലെ വന്ന കാമറൂൺ ഗ്രീൻ നന്നായി തുടങ്ങിയെങ്കിലും താരത്തെ നഥാൻ എല്ലിസ് മടക്കി. 23 റൺസാണ് ഗ്രീനിന്റെ സമ്പാദ്യം. ഇതോടെ മുംബൈ പതറി. ടീം സ്‌കോർ 54 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

എന്നാൽ പഞ്ചാബ് മുംബൈയുടെ പോരാട്ടവീര്യം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് മുംബൈയ്ക്ക് വേണ്ടി പൊരുതാനാരംഭിച്ചു. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും പിന്നീട് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി. പഞ്ചാബ് ബൗളർമാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുവരും അടിച്ചൊതുക്കി. പിന്നാലെ ഇരുവരും അർധസെഞ്ചുറി നേടുകയും ടീം സ്‌കോർ 150 കടത്തുകയും ചെയ്തു.

ഇഷാനും സൂര്യകുമാറും ഫോമിന്റെ പരകോടിയിലെത്തിയതോടെ പഞ്ചാബ് ക്യാമ്പിൽ ആശങ്ക പരന്നു. എന്നാൽ 16-ാം ഓവറിൽ സൂര്യകുമാറിനെ മടക്കി നഥാൻ എല്ലിസ് ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ സൂര്യകുമാർ 66 റൺസെടുത്താണ് മടങ്ങിയത്. ഇഷാൻ കിഷനൊപ്പം മൂന്നാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യകുമാർ പടുത്തുയർത്തിയത് അതും വെറും 55 പന്തുകളിൽ നിന്ന്.

സൂര്യകുമാറിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ടിം ഡേവിഡ് ക്രീസിലെത്തി. എന്നാൽ തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ഇഷാൻ കിഷനെ മടക്കി അർഷ്ദീപ് സിങ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. ഇതോടെ മുംബൈയ്ക്ക് തിരിച്ചടി കിട്ടി. 41 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 75 റൺസെടുത്താണ് കിഷൻ ക്രീസ് വിട്ടത്. കിഷന് പകരം വന്ന തിലക് വർമ അർഷ്ദീപിന്റെ ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടിച്ച് വരവറിയിച്ച് ടീമിനെ വിജയവഴിയിലേക്ക് കൊണ്ടുവന്നു.

ഇതോടെ മൂന്നോവറിൽ വെറും 21 റൺസായി മുംബൈയുടെ വിജയലക്ഷ്യം. പിന്നാലെ ഡേവിഡും തിലകും ചേർന്ന് മുംബൈ ഇന്ത്യൻസിനെ വിജയതീരത്തെത്തിച്ചു. അർഷ്ദീപിന്റെ പന്തിൽ തകർപ്പൻ സിക്സോടെ തിലകാണ് വിജയറൺ കുറിച്ചത്. ഡേവിഡ് 19 റൺസെടുത്തും തിലക് 26 റൺസ് നേടിയും പുറത്താവാതെ നിന്നു. പഞ്ചാബിനുവേണ്ടി നഥാൻ എല്ലിസ് രണ്ട് വിക്കറ്റെടുത്തു. ഋഷി ധവാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. തകർത്തടിച്ച ലിയാം ലിവിങ്സ്റ്റണും ജിതേഷ് ശർമയുമാണ് പഞ്ചാബിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 119 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മുംബൈക്കായി അർഷദ് ഖാൻ 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അർഷദ് തുടക്കത്തിലേ തിരിച്ചടി നൽകി. 13 റൺസ് മാത്രമുള്ളപ്പോൾ പ്രഭ്‌സിമ്രാൻ സിംഗിനെ അർഷദ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. നായകൻ ശിഖർ ധവാനും മാത്യൂ ഷോർട്ടും ചേർന്നതോടെ ശരാശരി വേഗത്തിൽ പഞ്ചാബ് സ്‌കോർ ബോർഡ് ചലിച്ച് തുടങ്ങി. എന്നാൽ, തന്നെ കടന്നാക്രമിച്ച ധവാന് പിയൂഷ് ചൗള അതേ നാണയത്തിൽ മറുപടി നൽകിയപ്പോൾ പഞ്ചാബ് വീണ്ടും നിരാശപ്പെട്ടു. 20 പന്തിൽ 30 റൺസാണ് ധവാൻ നേടിയത്.

ലിയാം ലിവിങ്‌സ്റ്റോണിനൊപ്പം മാത്യൂ ഷോർട്ട് കുതിക്കുമെന്ന് കരുതിയപ്പോൾ മുംബൈക്ക് തുണയായി വീണ്ടും പിയൂഷ് ചൗള തന്നെയെത്തി. എന്നാൽ, ലിയാമിനൊപ്പം ജിതേഷ് ശർമ്മ ചേർന്നതോടെ കളി പഞ്ചാബ് വരുതിയിലാക്കി. ജോഫ്ര ആർച്ചറെ വരെ പായിച്ച് കൊണ്ട് പഞ്ചാബ് അതിവേഗം റൺസ് കണ്ടെത്തി. അവസാന ഓവറുകളിൽ അടി വാങ്ങിക്കുന്ന മുംബൈയുടെ സ്ഥിരം പതിവ് മൊഹാലിയിലും ആവർത്തിക്കുകയായിരുന്നു. 32 പന്തിൽ ലിയാം അർധ സെഞ്ചുറിയലേക്കെത്തി. 19-ാം ഓവർ എറിഞ്ഞ ആർച്ചറിനെ മൂന്ന് സിക്‌സുകൾ തുടർച്ചയായി പറത്തിയാണ് ലിയാം ശിക്ഷിച്ചത്. അവസാന ഓവറിൽ ബൗണ്ടറി ഒന്നും വഴങ്ങാതെ ആകാശ് പിടിച്ച് നിന്നത് മുംബൈക്ക് ആശ്വാസമായി. മുംബൈ ബൗളർമാരെല്ലാവരും നന്നായി തല്ലുവാങ്ങി. ആർച്ചർ നാലോവറിൽ 56 റൺസാണ് വഴങ്ങിയത്. പീയുഷ് ചൗള മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. താരം നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.