മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെ 143 റൺസിനാണ് മുംബൈ കീഴടക്കിയത്. 208 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 15.2 ഓവറിൽ ഒമ്പത് വിക്കറ്റിന് 64 റൺസുമായി കൂടാരം കയറി. വെറും രണ്ട് പേർ മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കണ്ടത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി.

11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സയ്ക ഇഷാഖാണ് മുംബൈക്കായി ബൗളിങ്ങിൽ തിളങ്ങിയത്. നാറ്റ് സ്‌ക്രിവർ, അമേലിയ കെർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (30 പന്തിൽ 65) അർധ സെഞ്ചുറിയാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്ലി മാത്യൂസ് (47) കെർ (45) മികച്ച പ്രകടനം പുറത്തെടുത്തു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിന് ഒരു ഘട്ടത്തിൽ പോലും വിജയത്തിലേക്ക് ഒന്ന് പൊരുതാൻ പോലുമായില്ല. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ബെത്ത് മൂണി (0) പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ചീട്ടുകൊട്ടാരം പോലെ തകർന്നു. 23 പന്തിൽ നിന്ന് 29 റൺസെടുത്ത് പുറത്താകാതെ നിന്ന ദയാലൻ ഹേമലതയാണ് ഗുജറാത്തിനെ 50 കടത്തിയത്.

ഹർലീൻ ഡിയോൾ (0), ആഷ്ലി ഗാർഡ്നർ (0), സബ്ബിനെനി മേഘ്ന (2), അന്നബെൽ സതെർലാൻഡ് (6), ജോർജിയ വരെഹാം (8), സ്നേഹ് റാണ (1), തനൂജ കൻവാർ (0), മാൻസി ജോഷി (6), മോണിക്ക പട്ടേൽ (10) എന്നിങ്ങനെയാണ് ഗുജറാത്തിന്റെ ബാറ്റിങ് കാർഡ്.

ടോസ് നേടി പന്തെടുക്കാനുള്ള മൂണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു മുംബൈയുടെ തുടക്കം. മൂന്നാം ഓവറിൽ തന്നെ യഷ്ടിക ഭാട്ടിയ (1)യെ നഷ്ടമായി. തനുജ കൻവാറിനായിരുന്നു വിക്കറ്റ്. എന്നാൽ ഹെയ്‌ലി- നതിലി സ്‌കിവർ (23) സഖ്യം മുംബൈക്ക് ആശ്വാസം നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങി.

തുടർന്ന് ക്രീസിൽ ഒത്തിചേർന്ന കൗർ- കെർ സഖ്യമാണ് ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 89 റൺസ് കൂട്ടിചേർത്തു. 30 പന്തിൽ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് 65 റൺസെടുത്തത്. 24 പന്തുകൾ നേരിട്ട കെർ ഒരു സിക്‌സും ആറ് ഫോറും പായിച്ചു. പൂജ വസ്ത്രകറാണ് (15) പുറത്തായ മറ്റൊരു താരം. ഇസി വോംഗ് (6) പുറത്താവാതെ നിന്നു.