മുംബൈ: ഇഷാൻ കിഷന്റെയും സൂര്യ കുമാർ യാദവിന്റെയും അർദ്ധ സെഞ്ചുറികളുടെ തിളക്കത്തിൽ മുംബൈ ഇന്ത്യൻസ,് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 7 വിക്കറ്റിന് കീഴടക്കി. 27 പന്ത് ബാക്കി നിൽക്കെയാണ് ജയം. ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. മുംബൈ, 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ്.

ഇഷാൻ കിഷൻ(69), സൂര്യ കുമാർ യാദവ്(52), രോഹിത് ശർമ(38) എന്നിവരുടെ മിന്നൽ പ്രകടനം, അവസാനഘട്ടത്തിൽ, സിക്‌സറടിച്ച് ഹാർദിക് പാണ്ഡ്യ പൂർത്തിയാക്കി. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത് തുടർച്ചയായ രണ്ടാം ജയമാണ്. ആദ്യ മൂന്നുകളികൾ തോറ്റിരുന്നു. ബെംഗളൂരിന് ആറ് കളിയിൽ അഞ്ചാമത്തെ പരാജയവും.

ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 23 പന്തിൽ 53 റൺസെടുത്ത ദിനേശ് കാർത്തിക്ക് തിളങ്ങി. ഡ്യൂപ്ലെസിയും, രജത് പാട്ടിദാറും അർദ്ധ സെഞ്ച്വറികൾ നേടി. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുമ്ര തന്റെ ഐപിഎല്ലിലെ രണ്ടാമത്തെ അഞ്ചുവിക്കറ്റ് നേട്ടം ആവർത്തിച്ചു. ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലി റണ്ണുകൾ കണ്ടെത്തുന്നുണ്ടെങ്കിലും മറ്റു ആർസിബി ബാറ്റർമാർ പരാജയപ്പെടുകയാണ്. ബൗളിങ്ങിലും നിലവാരം പോരാ.

വ്യാഴാഴ്ച പക്ഷേ, കോഹ്‌ലിയെ തുടക്കത്തിലേ നഷ്ടമായി. ഒമ്പത് പന്ത് നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ കോഹ്‌ലിയെ ബുംറയുടെ പന്തിൽ ഇഷാൻ കിഷൻ പിടികൂടുകയായിരുന്നു. രജത് പാട്ടിദാറും ഒരുവശത്ത് പിടിച്ചുനിന്ന ക്യാപ്റ്റൻ ഡു പ്ലസിയും ചേർന്നുള്ള മികച്ച കൂട്ടുകെട്ടാണ് ബെംഗളൂരുവിന് തുണയായത്. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് നടത്തിയ പോരാട്ടമാണ് സ്‌കോർ 200നടുത്തെത്തിച്ചത്. 23 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 53 റൺസുമായി താരം പുറത്താകാതെ നിന്നു.

മുംബൈക്ക് വേണ്ടി ബുംറക്ക് പുറമെ ജെറാൾഡ് കോയറ്റ്‌സി, ആകാശ് മദ്വാൾ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. നാലോവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടം.