മുംബൈ: 51 പന്തിൽ സെഞ്ചുറി അടിച്ച സൂര്യകുമാർ യാദവ് പട നയിച്ചപ്പോൾ വാങ്കഡെയിൽ, മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ 7 വിക്കറ്റ് വിജയം. ഇത് സൂര്യകുമാറിന്റെ രണ്ടാം ഐപിഎൽ സെഞ്ചുറിയാണ്. ജയത്തോടെ, മുംബൈ തങ്ങളുടെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ വീണ്ടും സജീവമാക്കി.

തുടക്കത്തിൽ, ഓപ്പണർമാരായ ഇഷാൻ കിഷൻ 9(7), മുൻ നായകൻ രോഹിത് ശർമ്മ 4(5), മൂന്നാമനായി എത്തിയ നമൻ ധീർ 0(9) എന്നിവർ പുറത്തായപ്പോൾ, മൂന്നുവിക്കറ്റിന് 31 റൺസ് എന്ന നിലയിൽ പതറിയ മുംബൈയെ സൂര്യകുമാറും തിലക് വർമ്മയും ചേർന്ന് 133 റൺസിന്റെ കൂട്ടുകെട്ടിലൂടെ കരകയറ്റി. 12 ഫോറും ആറ് സിക്‌സും അടിച്ച സൂര്യകുമാർ 102 റൺസ് നേടി.

സ്‌കോർ-സൺറൈസേഴ്‌സ്-173-8(20.0) മുംബൈ1743(17.2)

ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബയ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്ന് ഒരുപടി കയറി ഒമ്പതാം സ്ഥാനത്ത് എത്തി.

നേരത്തെ ടോസ് നഷ്ടമായ സൺറൈസേഴ്‌സിന്റെ ട്രാവിസ് ഹെഡായിരുന്നു ടോപ് സ്‌കോറർ: 48. അഭിഷേക് ശർമ്മ 11(16), മായങ്ക് അഗർവാൾ 5(6), നിതീഷ് കുമാർ റെഡ്ഡി 20(15), ക്ലാസൻ 2(4) എന്നിവർ നിരാശപ്പെടുത്തി. മാർക്കോ ജാൻസൻ 17(12), ഷാബാസ് അഹ്‌മദ് 10(12), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 35*(17) എന്നിവരാണ് സ്‌കോർ 170 കടത്തിയത്

ഹാർദിക് പാണ്ഡ്യയും, പീയൂഷ് ചൗളയും മൂന്നുവിക്കറ്റ് വീതവും, അൻഷുൽ കംബോജ്, ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി.