- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുർ റഹീം രാജ്യാന്തര ടി20യിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം ഏഷ്യാ കപ്പിലെ ടീമിന്റെ ദയനീയ പരാജയത്തിന് പിന്നാലെ; ലോകകപ്പിന് ഒരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി

ദുബായ്: ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുർ റഹീം. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് മുഷ്ഫീഖുർ ട്വിറ്ററിലൂടെ അറിയിച്ചു.
ടെസ്റ്റിലും ഏകദിനത്തിലും ബംഗ്ലാ ടീമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും മുഷ്ഫീഖുർ റഹീം വ്യക്തമാക്കി. ഇതോടെ അടുത്ത മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ മുഷ്ഫീഖുർ കളിക്കില്ലെന്ന് ഉറപ്പായി. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ താരം തുടർന്നും കളിക്കും.
ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിൽ ഇടംപിടിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ബംഗ്ലാ കടുവകളെ ശ്രീലങ്ക രണ്ടാം മത്സരത്തിൽ തോൽപിച്ച് ടൂർണമെന്റിന് പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനോട് ഏഴ് വിക്കറ്റിനും ലങ്കയോട് രണ്ട് വിക്കറ്റിനുമായിരുന്നു ബംഗ്ലാ ടീമിന്റെ തോൽവി.
ടൂർണമെന്റിലെ രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാൻ മുഷ്ഫീഖുർ റഹീമിനായില്ല. 4, 1 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഇതാണ് രാജ്യാന്തര ടി20യിൽ നിന്ന് ഉടനടി വിരമിക്കാൻ മുപ്പത്തിയഞ്ചുകാരനായ താരത്തെ പ്രേരിപ്പിച്ചത്. ലങ്കയ്ക്കെതിരെ ക്യാച്ച് പാഴാക്കിയത് വിമർശിക്കപ്പെടുകയും ചെയ്തു.
ടീമിലെ സ്ഥാനം ചോദ്യചിഹ്നമായതോടെ മുഷ്ഫീഖുർ റഹീമിനെ ലോകകപ്പ് പദ്ധതികളിൽ നിന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് ഒഴിവാക്കും എന്ന് സൂചനകളുണ്ടായിരുന്നു. ലോകകപ്പിന് മുമ്പ് ഈ മാസാവസാനം ന്യൂസിലൻഡിലേക്ക് ത്രിരാഷ്ട്ര പരമ്പരയ്ക്ക് പോകുന്നുണ്ട് ബംഗ്ലാ ടി20 ടീം. പാക്കിസ്ഥാനാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ഇതേ ടീമിനെയാകും ടി20 ലോകകപ്പിന് ബംഗ്ലാ ബോർഡ് അയക്കുക എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി രാജ്യാന്തര ടി20യിൽ മോശം പ്രകടനമാണ് മുഷ്ഫീഖുർ റഹീം കാഴ്ചവെക്കുന്നത്. 2019 നവംബറിന് ശേഷം രണ്ട് അർധ സെഞ്ചുറികളെ താരത്തിനുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പിൽ എട്ട് ഇന്നിങ്സിൽ 113.38 സ്ട്രൈക്ക് റേറ്റിൽ 144 റൺസാണ് നേടിയത്. പിന്നാലെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചിരുന്നു.
എന്നാൽ തന്നെ ഒഴിവാക്കിയത് എന്നായിരുന്നു റഹീമിന്റെ പ്രതികരണം. പിന്നാലെ ടീമിൽ വന്നും പോയുമിരുന്നു മുഷ്ഫീഖുർ റഹീം. വെസ്റ്റ് ഇൻഡീസ് പര്യടനം വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയപ്പോൾ പിന്നാലെ സിംബാബ്വെ പര്യടനത്തിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ഇതിന് ശേഷം ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.


