- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചുവരവ് അറിയിച്ച് രവീന്ദ്ര ജഡേജ; തുടർച്ചയായ പന്തുകളിൽ മടക്കിയത് ലബുഷെയ്നെയും റെൻഷോയെയും; നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ നില പരുങ്ങലിൽ; സന്ദർശകർക്ക് 5 വിക്കറ്റ് നഷ്ടം
നാഗ്പൂർ: ഇന്ത്യക്കെതിരായ നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. തുടക്കത്തിലെ തകർച്ചക്കുശേഷം മാർനസ് ലാബുഷെയ്‌നിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് കരുത്തിൽ കരകയറിയ ഓസീസിനെ ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജ കറക്കി വീഴ്‌ത്തി. 2-2ലേക്ക് കൂപ്പുകുത്തിയശേഷം 76-2 എന്ന സ്‌കോറിൽ ലഞ്ചിന് പിരിഞ്ഞ ഓസീസിന് ലഞ്ചിനുശേഷം മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്.20 റൺസോടെ പീറ്റർ ഹാൻഡ്‌സ്‌കോംബും 13 റൺസോടോ അലക്‌സ് ക്യാരിയുമാണ് ക്രീസിൽ.
ലഞ്ചിനുശേഷമുള്ള തന്റെ രണ്ടാം ഓവറിൽ പൊരുതി നിന്ന ലാബുഷെയ്‌നെ(49) പുറത്താക്കിയാണ് ജഡേജ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തിൽ ഫ്രണ്ട് ഫൂട്ടിൽ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാൻ ശ്രമിച്ച ലാബുഷെയ്‌നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയെ(0) വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ ഇരട്ട പ്രഹരമേൽപ്പിച്ചു.
അക്‌സർ പട്ടേലിന്റെ ഒരോവറിൽ മൂന്ന് ബൗണ്ടറിയടിച്ച് കൗണ്ടർ അറ്റാക്കിലൂടെ റൺസടിക്കാൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ(37) ജഡേജ ക്ലീൻ ബൗൾഡാക്കി. ഇതോടെ 76-2ൽ നിന്ന് ഓസീസ് 109-5ലേക്ക് കൂപ്പുകുത്തി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാർണർ (1), ഉസ്മാൻ ഖവാജ (1) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായി. ഖവാജയെ മുഹമ്മദ് സിറാജും വാർണറെ മുഹമ്മദ് ഷമിയുമാണ് പുറത്തക്കിയത്.
ഇന്ത്യക്കായി ജഡേജ മൂന്നും സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഇന്ന് അരങ്ങേറ്റ മത്സരം കളിക്കുന്നു. ഓസ്‌ട്രേലിയയ്ക്കായി സ്പിന്നർ ടോഡ് മർഫിയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കഴിഞ്ഞ 3 തവണയും ബോർഡർഗാവസ്‌കർ ട്രോഫി ജേതാക്കളായ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ പരമ്പര നിലനിർത്തണം. ഓസ്‌ട്രേലിയയ്ക്ക് ഫൈനലിലെത്താൻ 40 തോൽവി ഒഴിവാക്കുകയും വേണം.