- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പണർമാരെ വീഴ്‌ത്തി പേസർമാർ; അഞ്ച് വിക്കറ്റുമായി ഓസിസിന്റെ നടുവൊടിച്ച് ജഡേജ; വാലറ്റത്തെ കറക്കിവീഴ്ത്തി അശ്വിനും; നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയ 177 റൺസിന് പുറത്ത്; ആദ്യദിനം ഇന്ത്യ ഡ്രൈവിങ് സീറ്റിൽ
നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ 177 റൺസിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ദിനം ചായക്ക് ശേഷം 63.5 ഓവറിൽ 177 റൺസിന് ഓൾ ഔട്ടായി.22 ഓവറിൽ 47 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് സന്ദർശകരെ എറിഞ്ഞൊതുക്കിയത്. 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി ആർ. അശ്വിൻ ജഡേജയ്ക്ക് മികച്ച പിന്തുണ നൽകി. 129 പന്തിൽ നിന്നും 49 റൺസ് എടുത്ത മാർനസ് ലാബുഷെയ്‌നാണ് ഓസ്‌ട്രേലിയൻ നിരയിലെ ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് 37ഉം അലക്‌സ് ക്യാരി 36 ഉം റൺസെടുത്തു.
തുടക്കത്തിലെ തകർച്ചക്കുശേഷം മാർനസ് ലാബുഷെയ്‌നിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് കരുത്തിൽ കരകയറിയ ഓസീസ് ആദ്യം ദിനം ചായക്ക് പിരിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലായിരുന്നു. ചായയ്ക്ക് പിന്നാലെ 31 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്‌കോംബിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ സ്‌കോട്ട് ബോളണ്ടിനെ ബൗൾഡാക്കി അശ്വിന്റെ ഇന്നിങ്‌സിന് തിരശീലയിട്ടു.
തുടക്കത്തിലെ തകർച്ചുകശേഷം 76-2 എന്ന ഭേദപ്പെട്ട സ്‌കോറിൽ ലഞ്ചിന് പിരിഞ്ഞ ഓസീസിനെ ലഞ്ചിനുശേഷം രവീന്ദ്ര ജഡേജ കറക്കി വീഴ്‌ത്തി. തുടക്കത്തിൽ 2-2ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ കരകയറ്റിയ മാർനസ് ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേർന്നുള്ള 74 റൺസ് കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയായി വളരുമ്പോഴാണ് ലഞ്ചിനുശേഷമുള്ള തന്റെ രണ്ടാം ഓവറിൽ പൊരുതി നിന്ന ലാബുഷെയ്‌നെ(49) പുറത്താക്കി ജഡേജ കൂട്ടുകെട്ട് പൊളിച്ചത്.
ജഡേജയുടെ പന്തിൽ ഫ്രണ്ട് ഫൂട്ടിൽ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാൻ ശ്രമിച്ച ലാബുഷെയ്‌നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയെ(0) വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ ഇരട്ട പ്രഹരമേൽപ്പിച്ചു. പിന്നാലെ അക്‌സർ പട്ടേലിന്റെ ഒരോവറിൽ മൂന്ന് ബൗണ്ടറിയടിച്ച് കൗണ്ടർ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ(37) ക്ലീൻ ബൗൾഡാക്കി ജഡേജ ഓസീസിന്റെ നടുവൊടിച്ചു. ഇതോടെ 76-2ൽ നിന്ന് ഓസീസ് 109-5ലേക്ക് കൂപ്പുകുത്തി.
അഞ്ച് വിക്കറ്റ് നഷ്ടമായശേഷം അലക്‌സ് ക്യാരി റിവേഴ്‌സ് സ്വീപ്പിലൂടെ ഇന്ത്യൻ സ്പിന്നർമാരെ നേരിട്ടപ്പോൾ ഓസീസ് സ്‌കോർ ബോർഡ് വീണ്ടും അനങ്ങി തുടങ്ങി. 33 പന്തിൽ 36 റൺസെടുത്ത ക്യാരി റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിൽ ബൗൾഡായതോടെ വീണ്ടും ഓസീസിന്റെ തകർച്ച തുടങ്ങി. ടെസ്റ്റ് കരിയറിൽ 450 വിക്കറ്റ് തികച്ച അശ്വിൻ പിന്നാലെ അരങ്ങേറ്റക്കാരൻ ടോഡ് മർഫിയെ(0) വിരാട് കോലിയുടെ കൈകകളിലെത്തിച്ച് ഓസീസിന്റെ വാലരിഞ്ഞു.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാർണർ (1), ഉസ്മാൻ ഖവാജ (1) എന്നിവരുടെ വിക്കറ്റുകൾ ആദ്യ മൂന്നോവവറിനുള്ളിൽ തന്നെ നഷ്ടമായിരുന്ന. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ ഖവാജയെ മുഹമ്മദ് സിറാജും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ മുഹമ്മദ് ഷമിയുമാണ് പുറത്തക്കിയത്. എന്നാൽ പിന്നീട് ക്രീസിൽ ഉറച്ചുനിന്ന സ്മിത്തും ലാബുഷെയ്‌നം ചേർന്ന് ആദ്യ സെഷനിൽ 74 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.