- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയെ 177 റൺസിന് കറക്കിവീഴ്ത്തി; നാഗ്പുർ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യൻ ആധിപത്യം; നായകന്റെ ഇന്നിങ്സുമായി രോഹിത് ശർമ്മ; 20 റൺസുമായി രാഹുൽ മടങ്ങി; ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ
നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫി ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ ആധിപത്യം. ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സിൽ 177ന് പുറത്താക്കി മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ (56), ആർ അശ്വിൻ (0) എന്നിവരാണ് ക്രീസിൽ. കെ എൽ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോഡ് മർഫിക്കാണ് വിക്കറ്റ്.
നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ ബാറ്റിങ് നിര കറങ്ങിവീണ പിച്ചിൽ പ്രത്യാക്രമണത്തോടെയാണ് നായകൻ രോഹിത് ശർമ്മ ഇന്നിങ്‌സിന് തുടക്കമിട്ടത്. അർധസെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 15-ാം അർധശതകമാണിത്. തുടക്കത്തിൽ തന്നെ അക്രമിച്ച് കളിച്ച രോഹിത് 69 പന്തുകൾ നേരിട്ട് ഒരു സിക്സും ഒമ്പത് ബൗണ്ടറികളും പായിച്ചു.
നാഗ്പൂരിൽ രാഹുൽ അമിത പ്രതിരോധത്തിലേക്ക് പോയിരുന്നില്ലെങ്കിൽ ഇന്ത്യക്ക് ഇതിനേക്കാൾ റൺസുണ്ടാകുമായിരുന്നു. 71 പന്തുകളാണ് രോഹുൽ രാഹുൽ നേരിട്ടത്. ആദ്യ ദിവസത്തെ കളി അവസാനിക്കാൻ എട്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ രാഹുൽ മർഫിക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. ആദ്യ വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്.
മറുവശത്ത് നേരത്തെ, ഓസ്ട്രേലിയൻ നിരയിൽ ആർക്കും അർധ സെഞ്ചുറി പോലും നേടാൻ സാധിച്ചിരുന്നില്ല. തുടക്കം തന്നെ തകർച്ചയോടെയയായിരുന്നു. 49 റൺസ് നേടിയ മർനസ് ലബുഷെയ്നാണ് സന്ദർശകരുടെ ടോപ് സ്‌കോറർ.
ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 177 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യൻ ബൗളിങിനുമുന്നിൽ ഒരുഘട്ടത്തിലും ഓസ്ട്രേലിയൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല.
അഞ്ചുവിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റെടുത്തു.
ടോസ് കിട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് നാഗ്പുർ വിദർഭ അസോസിയേഷൻ സ്റ്റേഡിയത്തിൽ കാണാനായത്. രണ്ടുറൺസിന് രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തിലായിരുന്നു ഓസീസിന്റെ തുടക്കം. ഓപ്പണർമാരായ ഖവാജയും വാർണറും ഒരു റണ്ണെടുത്ത് മടങ്ങി.
രണ്ടാം ഓവറിൽ തന്നെ ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി. സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഖവാജ. ഓസീസ് ഓപ്പണർ റിവ്യൂ ചെയ്തെങ്കിലും അതിജീവിക്കാനായില്ല. തൊട്ടടുത്ത ഓവറിൽ വാർണറും മടങ്ങി. ഷമിയുടെ മനോഹരമായ പന്തിൽ താരത്തിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. അഞ്ച് പന്ത് മാത്രമായിരുന്നു വാർണറുടെ ആയുസ്.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സ്മിത്ത്- ലബുഷെയ്ൻ കൂട്ടുകെട്ടാണ് പെട്ടന്നുള്ള തകർച്ചയിൽ നിന്ന് ഓസീസിനെ കരകയറ്റിയത്. ഒന്നാം സെഷനിൽ അവർ 76 റൺസ് സ്‌കോർബോർഡിലെത്തി. എന്നാൽ രണ്ടാം സെഷനിൽ രവീന്ദ്ര ജഡേജ പന്തെറിയാനെത്തിയതോടെ ഓസീസ് തകർന്നു. 82 റൺസുമായി മികച്ച നിലയിൽ സഖ്യം മുന്നോട്ട് പോകുമ്പോൾ ജഡേജ ബ്രേക്ക് ത്രൂ നൽകി. ലബുഷെയ്ൻ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന്റെ സ്റ്റംപിങ്ങിൽ പുറത്തായി. തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷ്വൊ (0) വിക്കറ്റിന് മുന്നിൽ കുടങ്ങി. സ്മിത്ത് (37) ജഡേജയു പന്തിൽ ബൗൾഡായതോടെ ഓസീസ് അഞ്ചിന് 109 എന്ന നിലയിലായി.
ശേഷം, പീറ്റർ ഹാൻഡ്കോംപ് (31) അലക്സ് ക്യാരി (36) എന്ന് ചെറുത്ത് നിൽക്കാൻ ശ്രമിച്ചു. ഇരുവരും 53 റൺസ് കൂട്ടിചേർത്തു. എന്നാൽ അശ്വിന്റെ പന്ത് ഇന്ത്യക്ക് തുടണയായി. റിവേഴ്സിന് ശ്രമിക്കവെ ക്യാരി ബൗൾഡ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. പാറ്റ് കമ്മിൻസ് (6) അശ്വിന്റെ പന്തിൽ കോലിക്ക് ക്യാച്ച് നൽകി. ടോഡ് മർഫി (0) ജഡ്ഡുവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഹാൻഡ്കോംപിനേയും അതേരീതിയിൽ ജഡേജ പുറത്താക്കി. സ്‌കോട്ട് ബോളണ്ടിനെ (1) അശ്വിൻ പുറത്താക്കിയതോടെ ഓസീസ് കൂടാരം കയറി. നതാൻ ലിയോൺ (0) പുറത്താവാതെ നിന്നു.
നേരത്തെ ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാറിന് അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റിൽ അരങ്ങേറി. നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ പുറത്തിരുന്നു. കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാൻ കിഷൻ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.