നാഗ്പൂർ: അഭിമാനമായ ബോർഡർ-ഗാവസ്‌കർ ട്രോഫി നിലനിർത്തുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംപിടിക്കുക എന്ന നിർണായക ലക്ഷ്യവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയത്. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ കൂറ്റൻ ജയവുമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് രോഹിത് ശർമ്മയും സംഘവും. നാഗ്പൂരിൽ ഇന്നിങ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1 - 0ന് മുന്നിലെത്താനും ഇന്ത്യൻ ടീമിനായി.

എന്നാൽ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് മുന്നിൽ നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. നാഗ്പുർ ടെസ്റ്റിന് മുമ്പ് സ്പിന്നർമാരെ നേരിടാൻ ഓസിസ് ബാറ്റർമാർ നടത്തിയ പ്രത്യേക പരിശിലനമടക്കം എല്ലാ തന്ത്രങ്ങളും പിഴച്ചതോടെ വലിയ തോൽവിയാണ് പാറ്റ് കമ്മിൻസിനും സംഘത്തിനും നേരിടേണ്ടി വന്നത്.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജയുടെ മുന്നിൽ മൂക്കുകുത്തി വീണ ഓസിസ് ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ രവിചന്ദ്ര അശ്വിന്റെ കറങ്ങും പന്തുകൾക്ക് മുന്നിൽ അടിയറവുപറയുകയായിരുന്നു. അശ്വിനെ നേരിടാൻ രഹസ്യായുധത്തെ ടീമിൽ കൂട്ടി നടത്തിയ പരിശീലനമെല്ലാം പാളി.

പരമ്പരയ്ക്കായി ഇന്ത്യയിൽ എത്തുന്നതിനു മുൻപ് വിപുലമായ ഒരുക്കങ്ങളാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടിൽ നടത്തിയത്. സ്പിൻ മജീഷ്യന്മാരായ ആർ. അശ്വിന്റെയും അക്ഷർ പട്ടേലിന്റെയും പന്തുകളെ നേരിടാൻ അവർ സിഡ്‌നിയിൽ 'ഇന്ത്യൻ' സ്വഭാവമുള്ള പിച്ചൊരുക്കി. ഇന്ത്യയിലേതിനു സമാനമായ പിച്ചാണു സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ ടീം പരിശീലനത്തിന് തയാറാക്കിയതെന്ന് ഓസീസ് കോച്ച് അൻഡ്രു മക്‌ഡൊണാൾഡ് നേരത്തേ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം പിച്ചൊരുക്കാൻ പരിശ്രമിച്ച ഗ്രൗണ്ട് സ്റ്റാഫുകളെ പരിശീലകൻ അഭിനന്ദിക്കുകയും ചെയ്തു.

ബെംഗളൂരുവിലെ പരിശീലന സെഷനുകളിലും ഇത്തരം പിച്ചുകൾ തയാറാക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ അഭ്യർത്ഥിച്ചിരുന്നു. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഓസ്‌ട്രേലിയയ്ക്കായി പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത്. ഇന്ത്യയിൽ സന്നാഹ മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഓസ്‌ട്രേലിയ ബെംഗളൂരുവിൽ അഞ്ച് ദിവസം പരിശീലിച്ചു. ആർ. അശ്വിന്റെ ബോളിങ് സ്‌റ്റൈലിന്റെ തനി പകർപ്പ് എന്നു പറയാവുന്ന ബറോഡ സ്പിന്നർ മഹേഷ് പിഥിയയെ നെറ്റ്‌സിൽ ഓസ്‌ട്രേലിയൻ താരങ്ങൾ നേരിട്ടു. മഹേഷിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടാണ് ഓസ്‌ട്രേലിയൻ ടീം നെറ്റ്‌സിൽ പന്തെറിയാൻ താരത്തെ ക്ഷണിച്ചത്.

സ്റ്റീവ് സ്മിത്തിനാണ് നെറ്റ്‌സിൽ കൂടുതൽ പന്തെറിഞ്ഞതെന്നും സ്മിത്തിനെ നെറ്റ്‌സിൽ ആറു വട്ടം പുറത്താക്കിയിട്ടുണ്ടെന്നും പിഥിയ വെളിപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ടും നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ ദയനീയമായി തകർന്നടിയാനായിരുന്നു ഓസീസ് ബാറ്റർമാരുടെ വിധി.

നാഗ്പൂരിൽ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച് ടീം ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് ലീഡെടുത്തപ്പോൾ ഓസീസ് ടീമിനെ ട്രോളുകയാണ് ആരാധകർ. രവിചന്ദ്ര അശ്വിന്റെ ഡ്യൂപ്പ് ബൗളർമാരെ കിട്ടും എന്നാൽ അശ്വിന്റെ ബുദ്ധി വിലകൊടുത്ത് വാങ്ങാൻ കിട്ടില്ല എന്നാണ് പാറ്റ് കമ്മിൻസിനും സംഘത്തിനും ഇന്ത്യൻ ആരാധകരുടെ പരിഹാസം.

ആദ്യ ഇന്നിങ്സിൽ ഓസീസ് 177 റൺസിൽ പുറത്തായപ്പോൾ ജഡേജ അഞ്ചും അശ്വിൻ മൂന്നും വിക്കറ്റ് നേടി. മറുപടിയായി ഇന്ത്യ 400 റൺസ് സ്‌കോർ ബോർഡിൽ എഴുതിച്ചേർത്തപ്പോൾ ഓസീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 91 റൺസിൽ തീർന്നു. ഇത്തവണ 37 റൺസിന് അഞ്ച് വിക്കറ്റുമായി അശ്വിനായിരുന്നു കേമൻ. ഓപ്പണർമാരായ ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, മധ്യനിര ബാറ്റർമാരായ മാറ്റ് റെൻഷോ, പീറ്റൻ ഹാൻഡ്സ്‌കോമ്പ്, അലക്സ് ക്യാരി എന്നിവരാണ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്.

നാഗ്പുരിലെ ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ടെസ്റ്റിൽ ഒന്നാകെ ഏഴ് വിക്കറ്റ് വീഴ്‌ത്തുന്നതിനൊപ്പം 70 റൺസും നേടിയ രവീന്ദ്ര ജഡേജയാണ് പ്ലയർ ഓഫ് ദി മാച്ച്. പരമ്പര ജയത്തോടെ തുടങ്ങാനായതിൽ സന്തോഷമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി.,

രണ്ടാം ടെസ്റ്റിന് മുമ്പ് ഒരു ഉപദേശവും രോഹിത് ഓസീസ് ടീമിന് നൽകുന്നുണ്ട്. രോഹിത്തിന്റെ വാക്കുകൾ... ''കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ പിച്ചുകളിൽ കളിക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. റൺസ് നേടണമെങ്കിൽ വ്യക്തകമായ പദ്ധതികൾ ഉണ്ടായിരിക്കണം. മുംബൈയിൽ ജനിച്ചുവളർന്ന എനിക്ക് ടേണുള്ള പിച്ചിൽ കളിക്കാൻ ഒരുപാട് തവണ സാധിച്ചിട്ടുണ്ട്. ബൗളറിൽ എപ്പോഴും സമ്മർദ്ദമുണ്ടാക്കാൻ സാധിക്കണം. കാലുകൾ നന്നായി ചലിപ്പിച്ച് വേണം കളിക്കാൻ. റിവേഴ്സ് സ്വീപ്പ്, സ്വീപ്പ്.. ഇങ്ങനെ ഏത് ഷോട്ടുകളാണോ കളിക്കാൻ കഴിയുന്നത്, അത് കളിച്ച് ബൗളർമാരെ ആശയക്കുഴപ്പത്തിലാക്കണം. ആദ്യ ഇന്നിങ്സിൽ ഓസീസിനെ രണ്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിടാനായതിലൂടെ മത്സരം കയ്യിലായി. ഇതോടെ അവർ സമ്മർദ്ദത്തിലായി. ടീമിൽ മികച്ച സ്പിന്നർമാരുണ്ടെന്ന് അറിയാം. എന്നാൽ ഇത്തരം പിച്ചുകളിൽ തിളങ്ങുന്ന പേസർമാരും ഉൾപ്പെട്ടതാണ് ഇന്ത്യൻ ടീം.'' രോഹിത് പറഞ്ഞു.

ആധികാരിക ജയത്തോടെ പരമ്പരയിൽ തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രോഹിത് വ്യക്തമാക്കി. ''പരമ്പരയിൽ ജയത്തോടെ തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ടീമിന് വേണ്ടി സംഭാവന ചെയ്യാൻ സാധിച്ചതിലും ഏറെ സംതൃപ്തി. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം രണ്ട് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ. ഇംഗ്ലണ്ടിൽ കോവിഡ് പിടിപെട്ടതിനെ തുടർന്ന് കളിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്ക് പ്രശ്നമായി. ബംഗ്ലാദേശിനെതിരേയും ഇതായിരുന്നു അവസ്ഥ. എന്നാൽ ഈ പരമ്പരയ്ക്ക് വേണ്ടി മാനസികമായി തയ്യാറെടുത്തിരുന്നു.'' രോഹിത് വ്യക്തമാക്കി.

ഇന്ത്യയിൽ ഇന്നിങ്സ് തോൽവി കണക്കിലെടുത്താൻ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ മൂന്നാമത്തെ പരാജയമാണിത്. 1997-98ൽ കൊൽക്കത്തയിൽ ഇന്നിങ്സിനും 219 റൺസിനും തോറ്റതാണ് ഏറ്റവും വലിയ തോൽവി. 2012-13ൽ ഹൈദരാബാദിൽ ഇന്നിങ്സിനും 135 റൺസിനും തോറ്റത് രണ്ടാമത്. മുന്നാം സ്ഥാനത്ത് നാഗ്പൂരിലെ തോൽവിയും.

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പോയിന്റ് ശരാശരി ഉയർത്താൻ ടീം ഇന്ത്യക്കായി. മത്സരത്തിന് ഇറങ്ങുമ്പോൾ 58.92ലായിരുന്ന ഇന്ത്യ നാഗ്പൂരിലെ ത്രില്ലർ ജയത്തോടെ 61.66ലെത്തി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ ടീം ഇന്ത്യയുടെ 9-ാം ജയമാണിത്. അതേസമയം പട്ടികയിൽ തലപ്പത്തുള്ള ഓസീസിന് നാഗ്പൂരിലെ തോൽവിയോടെ പോയിന്റ് ശരാശരി 75.55ൽ നിന്ന് 70.83ലേക്ക് താണു.

പത്ത് ടെസ്റ്റിൽ അഞ്ച് ജയവുമായി 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്കയാണ് മൂന്നാമത്. ന്യൂസിലൻഡിന് എതിരായ അവസാന രണ്ട് ടെസ്റ്റുകൾ ജയിച്ചാൽ ലങ്കയ്ക്കും 60+ പോയിന്റ് ശരാശരിയുണ്ടാകും. നാല് ടെസ്റ്റുകളുടെ ബോർഡർ-ഗാവസ്‌കർ ട്രോഫി 3-1ന് വിജയിച്ചാൽ ടീം ഇന്ത്യക്ക് ഓസീസിനൊപ്പം ഫൈനലിന് യോഗ്യത നേടാം. ഇതോടെ ഇന്ത്യയുടെ പോയിന്റ് ശരാശരി 61.92ലെത്തും. ശ്രീലങ്കയ്ക്ക് പരമാവധി ഇനി നേടാനാവുക 61.11 പോയിന്റുകളാണ്.

ഓസീസിനെതിരായ പരമ്പര 2-2ന് സമനിലയിലായാലും ലങ്കയുടെ മത്സരഫലം അനുസരിച്ച് ഇന്ത്യക്ക് ഫൈനലിന് യോഗ്യതാ നേടാവുന്നതാണ്. ന്യൂസിലൻഡിനെതിരെ ലങ്ക തോൽക്കണമെന്ന് മാത്രം. അതേസമയം 3-0നോ 4-0നോ പരമ്പരയിൽ വിജയിച്ചാൽ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലെത്തും. ഇങ്ങനെ വന്നാൽ ഓസീസും ലങ്കയും തമ്മിലാവും രണ്ടാം സ്ഥാനത്തിനായി മത്സരം. അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ കങ്കാരുക്കൾ വിജയമോ സമനിലയോ ലഭിക്കാതെ വന്നാൽ ന്യൂസിലൻഡിനെ 2-0ന് കീഴടക്കിയാൽ ഓസീസിനെ മറികടന്ന് ലങ്കയാവും ഫൈനലിലെത്തുക.