- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകന്റെ 'കന്നി' സെഞ്ചുറിയുമായി പട നയിച്ച് രോഹിത്; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അർധ സെഞ്ചുറിയുമായി ജഡേജ; പോരാട്ടം ഏറ്റെടുത്ത് അക്‌സറും; നാഗ്പൂർ ടെസ്റ്റിൽ ഓസിസിനെതിരെ ഇന്ത്യയ്ക്ക് 144 റൺസ് ലീഡ്
നാഗ്പൂർ: ബോർഡർ- ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്. നാഗ്പൂരിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 177 റൺസിനെതിരെ ബാറ്റിങ് തുടരുന്ന ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ഏഴ് വിക്കറ്റിന് 321 റൺസ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 144 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആയി. രവീന്ദ്ര ജഡേജ (66), അക്സർ പട്ടേൽ (52) എന്നിവരാണ് ക്രീസിൽ.
ഇരുവരും ഇതുവരെ 81റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന രോഹിത് തകർപ്പൻ പ്രകടനം പുറത്തെടുത്തു. രോഹിതിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയ ശേഷം രോഹിത് പുറത്തായി. അരങ്ങേറ്റക്കാരൻ ടോഡ് മർഫി ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. സന്ദർശകർ ഒന്നാം ഇന്നിങ്സിൽ 177ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജഡേജയാണ് ഓസീസിനെ തകർത്തത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ടീം സ്‌കോർ 100 കടത്തി. എന്നാൽ സ്‌കോർ 118-ൽ നിൽക്കേ അശ്വിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ടോഡ് മർഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 23 റൺസാണ് താരത്തിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ ചേതേശ്വർ പൂജാരയും (7), വിരാട് കോലിയും (12) മർഫിക്ക് വിക്കറ്റ് സമ്മാനിച്ച് അതിവേഗം കൂടാരം കയറി. അരങ്ങേറ്റ മത്സരം കളിക്കാനെത്തിയ സൂര്യകുമാർ യാദവും നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രമെടുത്ത താരം നഥാൻ ലിയോണിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. ഇതോടെ ഇന്ത്യ വലിയ തകർച്ച നേരിട്ടു. വിക്കറ്റ് നഷ്ടപ്പെടാതെ 118 എന്ന മികച്ച സ്‌കോറിൽ നിന്ന് ഇന്ത്യ 168 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാൽ പിന്നീട് ക്രീസിലെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. മർഫിയുടെ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് രോഹിത് മൂന്നക്കം കണ്ടു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറിയാണിത്.
സെഞ്ചുറി നേടിയശേഷം രോഹിത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. പേസ് ബൗളർമാരെ കൊണ്ടുവന്ന് ഓസീസ് രോഹിത്തിന് മേൽ സമ്മർദം ചെലുത്തി. ഒടുവിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ ക്ലീൻ ബൗൾഡായി രോഹിത് ക്രീസ് വിട്ടു. 212 പന്തുകളിൽ നിന്ന് 15 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 120 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്.
രോഹിത്തിന് പകരമെത്തിയ അരങ്ങേറ്റതാരം ശ്രീകർ ഭരത്തും നിരാശപ്പെടുത്തി. വെറും എട്ട് റൺസെടുത്ത ശ്രീകറിനെ മർഫി വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മത്സരത്തിൽ മർഫി അഞ്ചുവിക്കറ്റ് നേട്ടം പൂർത്തിയാക്കി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തന്നെ അഞ്ചുവിക്കറ്റെടുത്ത് മർഫി പ്രതിഭ തെളിയിച്ചു.
ശ്രീകർ ഭരത്തിന് പകരം അക്‌സർ പട്ടേൽ ക്രീസിലെത്തിയതോടെ ഓസീസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ജഡേജയ്ക്ക് മികച്ച പിന്തുണ നൽകിയ അക്‌സർ ക്ഷമയോടെ ബാറ്റേന്തി. അക്ഷറിനെ സാക്ഷിയാക്കി ജഡേജ അർധസെഞ്ചുറി കുറിച്ചു. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 17-ാം അർധസെഞ്ചുറിയാണിത്.
പിന്നാലെ ബാറ്റിങ്ങിന്റെ വേഗതകൂട്ടിയ അക്‌സറും അർധശതകം കുറിച്ചു. 94 പന്തുകളിൽ നിന്നാണ് താരം 50 നേടിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് അർധസെഞ്ചുറിയാണിത്. രണ്ടാം ദിനം അവസാനിക്കും വരെ ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി.