- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ വന്നത് ഐപിഎല്ലിൽ കളിക്കാൻ; ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യമില്ലെന്ന് നവീൻ ഉൾ ഹഖ്; കോലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു; കെ എൽ രാഹുൽ ഇടപെട്ടിട്ടും വഴങ്ങാതെ അഫ്ഗാൻ താരം; സഹതാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂവെന്ന് ഷാഹിദ് അഫ്രീദി
ലക്‌നൗ: ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ താരം വിരാട് കോലിയുമായി തർക്കിച്ചതിനു പിന്നാലെ വിശദീകരണവുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരം നവീൻ ഉൾ ഹഖ്. താൻ ഇന്ത്യയിൽ വന്നത് ഐപിഎല്ലിൽ കളിക്കാനാണെന്നും ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും നവീൻ ഉൾ ഹഖ് മത്സരത്തിനു ശേഷം പ്രതികരിച്ചു. ലക്‌നൗ താരങ്ങളോടാണു നവീൻ ഇങ്ങനെ പറഞ്ഞതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആർസിബിക്കെതിരായ മത്സരത്തിനു ശേഷം വിരാട് കോലിയുമായി തർക്കിച്ചതിനു പിന്നാലെയാണു നവീൻ ഉൾ ഹഖിന്റെ പ്രതികരണം. മത്സരത്തിനിടെ വിരാട് കോലി ഷൂസിന്റെ അടിയിലെ മണ്ണെടുത്ത് നവീനെനോക്കി സംസാരിക്കുന്നതും, അഫ്ഗാൻ യുവതാരം തുറിച്ചുനോക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മത്സര ശേഷം താരങ്ങൾ ഷെയ്ക് ഹാൻഡ് നൽകുമ്പോഴും നവീൻ ഉൾ ഹഖും വിരാട് കോലിയും തർക്കം തുടർന്നു.
പിന്നീടാണ് ലക്‌നൗ ടീമിന്റെ മെന്റർ ആയിരുന്ന ഗൗതം ഗംഭീർ വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ഗംഭീറും കോലിയും തമ്മിലായി തർക്കം. മത്സരത്തിനു ശേഷം വിരാട് കോലിയുമായി സംസാരിക്കാൻ നവീനെ ലക്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ വിളിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ താരം വഴങ്ങിയില്ല. രാഹുൽ വിളിക്കുമ്പോൾ വേണ്ടെന്ന് ആംഗ്യം കാണിച്ച് നവീൻ നടന്നുപോകുകയായിരുന്നു.
മത്സരശേഷവും കോലി- നവീൻ തർക്കം അവസാനിച്ചില്ല. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോൾ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീൻ മറുപടി പറയാൻ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങൾ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയിൽ വ്യക്തമായിരുന്നു. കോലിയുടെ വാക്കുകൾ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യിൽ പിടിച്ചുനിൽക്കുകയായിരുന്ന നവീൻ പെട്ടെന്ന് കൈ എടുത്തുമാറ്റി.
ഇതാദ്യമായിട്ടില്ല നവീൻ എതിർ ടീമിലെ താരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. നേരത്തെ, മുൻ പാക്കിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിർ, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർക്കെതിരേയും നവീൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അഫ്ഗാൻ യുവതാരത്തിനുള്ള ഉപദേശം നൽകുകയാണ് അഫ്രീദി.
മുൻ പാക്ക് ക്യാപ്റ്റൻ ട്വിറ്ററിൽ കുറിച്ചിട്ടതിങ്ങനെ... ''ഞാൻ യുവതാരങ്ങൾക്ക് നൽകുന്ന ഉപദേശം വളരെ ലളിതമാണ്. മത്സരം ആസ്വദിക്കൂ, അനാവശ്യമായ ഭാഷ ഒഴിവാക്കാം. എനിക്ക് അഫ്ഗാനിസ്ഥാൻ ടീമിൽ സുഹൃത്തുക്കളുണ്ട്. അവരോടെല്ലാം നല്ല രീതിയിലുള്ള ബന്ധവും സൂക്ഷിക്കുന്നു. സഹതാരങ്ങളേയും എതിർവശത്തുള്ളവരേയും ബഹുമാനിക്കൂ. അതുതന്നെയാണ് അടിസ്ഥാനം.'' അഫ്രീദി ട്വിറ്ററിൽ കുറിച്ചിട്ടു.
അതേസമയം ബുധനാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ പോരാട്ടത്തിൽ നവീനെ കളിപ്പിക്കില്ലെന്നാണു വിവരം. ലക്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ പരുക്കേറ്റു പുറത്തായ സാഹചര്യത്തിൽ ബാറ്റിങ്ങിന് ശക്തിപകരാൻ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിനെ ലക്‌നൗ കളിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ നവീൻ ഉൾ ഹഖിന് പുറത്തിരിക്കേണ്ടിവരും.
സ്പോർട്സ് ഡെസ്ക്