- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കന്‍ പരമ്പര മുതല്‍ പുതിയ പരിശീലകന്‍; ഗംഭീറോ, ഡബ്ല്യു വി രാമനോ? ദ്രാവിഡിന്റെ പകരക്കാരന് ഉടന്‍
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെ പിന്‍ഗാമിയെ ഉടന്‍ ബിസിസിഐ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യന്‍ ടീം മുംബൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടായേക്കും. ശ്രീലങ്കന്‍ പരമ്പര മുതല്‍ പുതിയ കോച്ച് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ലോക കീരീട നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് പുതിയ പരിശീലകനെത്തുന്നത്. 11 വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി വാങ്ങിക്കൊടുത്താണ് ദ്രാവിഡിന്റെ പടിയിറക്കം. കാലാവധി നീട്ടാന്‍ ബിസിസിഐ തയ്യാറായെങ്കിലും പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് നിലപാടെടുത്തു.
ഈ മാസം 6ന് തുടങ്ങുന്ന സിംബാബ്വെ പര്യടനത്തില്‍ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ആകും ഇന്ത്യയുടെ താത്കാലിക കോച്ച്. ഗൗതം ഗംഭീര്‍, ഡബ്ല്യു വി രാമന്‍ എന്നിവരാണ് ബിസിസിഐയുടെ ചുരുക്ക പട്ടികയിലുള്ളത്. മുന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേഷ്ടാവുമായ ഗൗതം ഗംഭീര്‍ പുതിയ പരിശീലകനായേക്കും.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച താരമാണ് ഗൗതം ഗംഭീര്‍. അതുകൊണ്ടാണ് പരിശീലക സ്ഥാനത്തേക്ക് ആദ്യംമുതലേ ബിസിസിഐ ഗംഭീറിനെ പരിഗണിച്ചത്. ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ അത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
'ഗംഭീറിനു ഒരുപാട് പരിചയസമ്പത്ത് ഉണ്ട്. അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഇന്ത്യക്ക് നല്ലതാണ്. ഇന്ത്യക്കായി കളിച്ച ആളെ തന്നെ പരിശീലകനായി ലഭിക്കുന്നതാണ് നല്ലത്. ഗംഭീര്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്.' റോജര്‍ ബിന്നി പറഞ്ഞു.
സിംബാബ്വെ പര്യടനമാണ് ഇന്ത്യ ഇനി കളിക്കാന്‍ പോകുന്നത്. ലോകകപ്പ് കളിച്ച മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം ഈ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ ആയിരിക്കും സിംബാബ്വെ പര്യടനത്തില്‍ താല്‍ക്കാലിക പരിശീലകന്‍. സിംബാബ്വെ പര്യടനത്തിനു ശേഷമായിരിക്കും ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക.
നിലവില്‍ ബാര്‍ബഡോസില്‍ തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴിയ ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബെറില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയന്‍ ട്വീപുകളില്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് വിമാനയാത്ര വൈകുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ബാര്‍ബഡോസില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം.
താരങ്ങളും കുടുംബാംഗങ്ങലും പരിശീലകസംഘവും ഉള്‍പ്പടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതേസമയം ചാമ്പ്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയതാണ് ടീം ഇന്ത്യ 11 വര്‍ഷത്തിന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീട നേട്ടമാണിത്.
കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.