ലഖ്നൗ: നിർണായക രണ്ടാം ട്വന്റി 20 മത്സരത്തിൽ ന്യൂസിലൻഡിനെ കറക്കിവീഴ്‌ത്തിയ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. സ്പിന്നർമാർക്കൊപ്പം പേസർമാരായ ഹാർദ്ദിക്കും അർഷ്ദീപ് സിങും കളം വാണതോടെ കിവീസിനെ അനായാസം പിടിച്ചുകെട്ടി.

ടാസ് നേടി ബാറ്റിംഗിനെത്തിയ കിവീസിനെതിരെ ഇന്ത്യയുടെ നാല് സ്പിന്നർമാരും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 20 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് ടീമിന്റെ ടോപ് സ്‌കോറർ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഒപ്പമെത്താം. ആദ്യ മത്സരത്തിൽ 21 റൺസിനാണ് ന്യൂസിലൻഡ് ജയിച്ചത്.

കൃത്യമായ ഇടവേളകളിൽ ബൗളർമാർ വിക്കറ്റ് വീഴ്‌ത്തികൊണ്ടിരുന്നതാണ് ഇന്ത്യക്ക് തുണയായത്. മുൻനിര കളി മറന്നപ്പോൾ അഞ്ചിന് 60 എന്ന നിലയിലേക്ക് വീണിരുന്നു ന്യൂസിലൻഡ്. ഫിൻ അലൻ (11), ഡെവോൺ കോൺവെ (11), മാർക് ചാപ്മാൻ (14), ഗ്ലെൻ ഫിലിപ്സ് (5), ഡാരിൽ മിച്ചൽ (8), മൈക്കൽ ബ്രേസ്വെൽ (14) എന്നിവർക്കൊന്നും തിളങ്ങാൻ സാധിച്ചില്ല. സ്‌കോർ 100 കടന്നത് സാന്റ്നറുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. സാന്റ്നർക്കൊപ്പം ജേക്കബ് ഡഫി (6) പുറത്താവാതെ നിന്നു. ഇതിനിടെ ഇഷ് സോധി (1), ലോക്കി ഫെർഗൂസൺ (0) എന്നിവരുടെവിക്കറ്റുകളും കിവീസിന് നഷ്ടമായി.

സ്പിന്നർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വേണ്ടി ബൗളിങ് ഓപ്പൺ ചെയ്തത്. എന്നാൽ പവർപ്ലേയി നാല് ഓവറുകളും എറിഞ്ഞത് സ്പിന്നർമാർ. പ്രധാന പേസറായ അർഷ്ദീപ് സിങ് ആദ്യം പന്തെറിയാനെത്തിയത് ഇന്നിങ്സിലെ 18-ാം ഓവറിൽ. ആ ഓവറിൽ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. ശിവം മാവി ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. അതും 19-ാം ഓവർ.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉംറാൻ മാലിക്കിന് പകരം ചാഹലിനെ ടീമിലെടുക്കുകയായിരുന്നു. പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് ഇന്ന് ജയിക്കണം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് 1-0ത്തിന് മുന്നിലാണ്.