മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ചതുർദിന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകൻ. ഐപിഎല്ലിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയരായ രജത് പീട്ടീദാർ, തിലക് വർമ എന്നിവരടക്കം യുവതാരങ്ങൾ ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചു.

വെസ്റ്റ് ഇൻഡീസിനും സിംബാബ്വെക്കും എതിരായ ഏകദിന പരമ്പരകളിൽ ഇന്ത്യൻ സീനിയർ ടീമിലുണ്ടായിരുന്ന റുതുരാജ് ഗെയ്ക്വാദ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും എ ടീമിലിടം നേടി. മലയാളി താരം സഞ്ജു സാസംൺ, ശുഭ്മാൻ ഗിൽ എന്നിവർ ടീമിലില്ല. കെ എസ് ഭരതും ഉപേന്ദ്ര യാദവുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിലിടം നേടിയത്.

ന്യൂസിലൻഡ് എ ടീമിനെതിരെ മൂന്ന് ചതുർദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ ചതുർദിന ടെസ്റ്റ് മത്സരം സെപ്റ്റംബർ ഒന്നിന് ബെഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങും. രണ്ടാം മത്സരം ഹുബ്ലിയിലെ രാജ്‌നഗർ സ്റ്റേഡിയത്തിലും മൂന്നാം മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും.

അഭിമന്യു ഈശ്വരൻ, രജത് പീട്ടീദാർ, രഞ്ജി ട്രോഫിയിൽ മുംബൈക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സർഫ്രാസ് ഖാൻ, മുംബൈ ഇന്ത്യൻസ് താരം തിലക് വർമ, ദീർഘനാളായി ഇന്ത്യൻ സീനിയർ ടീമിലേക്ക് പരിഗണിക്കാത്ത ലെഗ് സ്പിന്നർ രാഹുൽ ചാഹർ, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിച്ച ഉംറാൻ മാലിക്ക് എന്നിവരും ടീമിലെത്തി.

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങൾ. ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പിനുശേഷം ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20, ഏകദിന പരമ്പരകൾ ഇന്ത്യൻ സീനിയർ ടീം കളിക്കുന്നുണ്ട്. ഇതിൽ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങലെ പരീക്ഷിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സഞ്ജു, ഇഷാൻ കിഷൻ, ഗിൽ എന്നിവരെ എ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.