ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മത്സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യുഎഇയിൽ പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ.

വീണു കിട്ടിയ ഇടവേളയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാനെത്തിയ ആളോട് 'ആർ യു ചേട്ടാ?' എന്നാണു രോഹിത് ശർമ ചോദിക്കുന്നത്.

ഇതോടെ സഞ്ജു ബാബ, സഞ്ജു ബാബ എന്നായി ആരാധകരുടെ മറുപടി. 'സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, നിങ്ങൾക്കറിയാമോ? എന്നും രോഹിത് ശർമ ആരാധകനോടു ചോദിക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു സാധിച്ചിരുന്നില്ല.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോങ്ങിനെതിരെയും ഇന്ത്യയ്ക്കു കളിയുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്ന മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇരു ടീമിലേയും താരങ്ങൾ സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾക്ക് ക്രിക്കറ്റ് ലോകത്തിന് കൗതുകമായിരുന്നു. ഇതിനിടെ പാക് ആരാധകനോടുള്ള രോഹിത് ശർമയുടെ പ്രതികരണവും വൈറലായിരുന്നു.

വേലിക്കപ്പുറം നിന്ന് ആരാധകന് ആലിംഗനം നൽകുകയാണ് രോഹിത്. പരിശീലനത്തിനായി ഗ്രൗണ്ടിൽ നിൽക്കുന്ന സമയം രോഹിത്തിനൊപ്പം സെൽഫി ആവശ്യപ്പെടുകയായിരുന്നു ആരാധകൻ. ഫോട്ടോ എടുത്തതിനൊപ്പം ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്ന് രോഹിത് ആരാധകന് ആലിംഗനം നൽകി.

ഇന്ത്യ ജയിക്കാനായി ഞാൻ പ്രാർത്ഥിക്കും, എനിക്ക് കരച്ചിൽ വരുന്നു എന്നാണ് രോഹിത്തിനോട് പാക് ആരാധകൻ പ്രതികരിച്ചത്. രോഹിത് ശർമ എവിടെ നിൽക്കുന്നു എന്ന് ഇന്ത്യൻ ആരാധകർക്ക് അറിയില്ല. പക്ഷേ പാക് ആരാധകർക്ക് അറിയാം എന്ന ആരാധകന്റെ കമന്റ് കേട്ട് രോഹിത് ചിരിയാണ് മറുപടിയായി നൽകിയത്.