മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ മികച്ച ബാറ്റർമാരുടെ പട്ടികയിൽ മു്ൻനിരയിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ സ്ഥാനം എന്നാൽ ബാറ്റിങ് ഫോം നഷ്ടപ്പെടുകയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സെഞ്ചുറികളൊന്നും ആ ബാറ്റിൽ നിന്നും പിറക്കാതെ വരികയും ചെയ്തതോടെ കടുത്ത വിമർശനത്തിന് താരം ഇരയായിരുന്നു. പിന്നിട്ട നാളുകളിൽ നേരിട്ട മാനസിക സംഘർഷം അടക്കം തുറന്നു പറയുകയാണ് വിരാട് കോലി. ഫോം വീണ്ടെടുക്കാനാവാത്തത് തന്നെ മാനസികമായി തളർത്തിയെന്നും ഗ്രൗണ്ടിലിറങ്ങുമ്പോൾ പലപ്പോഴും പഴയ ആക്രമണോത്സുകത കാണിക്കാൻ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും കോലി സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് രണ്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്ന കോലി ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ പര്യടനങ്ങളിൽ കളിച്ചിരുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് താൻ ക്രിക്കറ്റ് ബാറ്റ് കൈ കൊണ്ട് തൊടാതെ ഒരു മാസത്തോളം ഇരിക്കുന്നതെന്ന് കോലി പറഞ്ഞു.

മാനസികമായി ഞാൻ തളർന്നിരുന്നു എന്ന് പറയുന്നതിൽ എനിക്ക് നാണക്കേടൊന്നുമില്ല. കളിക്കളത്തിൽ പലപ്പോഴും പഴയ അക്രമണോത്സുകത ഉണ്ടെന്ന് ഞാൻ അഭിനയിക്കുകയായിരുന്നുവെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നത്, എനിക്ക് പഴയ തീവ്രതയോടെ കളിക്കാനാവുന്നുണ്ട് എന്നായിരുന്നു. എന്നാൽ അത് തെറ്റായിരുന്നു. എനിക്ക് മത്സരങ്ങളെ ശരിക്കും പഴയ അതേ തീവ്രതയോടെ സമീപിക്കാനായിരുന്നില്ല. ശരീരം പറയുന്നത്, നിർത്തൂ, കുറച്ചു വിശ്രമമെടുക്കു എന്നായിരുന്നു.

ഇത് സാധാരണമാണ്. പക്ഷെ നമ്മൾ പലപ്പോഴും ഇത് തിരിച്ചറിയുകയും തിരിച്ചറിഞ്ഞാൽ തന്നെ പുറത്തു പറയുകയോ ഇല്ല. കാരണം, നമ്മൾ മാനസികമായി ദുർബലനാണെന്ന് പുറത്ത് അറിയുന്നത് നമ്മൾ ഇഷ്ടപ്പടുന്നില്ല. എന്നെ വിശ്വസിക്കു, ഗ്രൗണ്ടിൽ അഭിനയിക്കുന്നതിനെക്കാൾ നല്ലത് നമ്മൾ ദുർബലനാണെന്ന് അംഗീകരിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മാനസികമായി വളരേയേറെ കരുത്തുള്ള വ്യക്തിയായാണ് ഞാൻ എന്നെ സ്വയം കണ്ടിരുന്നത്. അങ്ങനെ ആയിരുന്നു ഞാൻ. പക്ഷെ എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലോ. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ഇല്ലെങ്കിൽ അത് നമ്മളെ മോശമായി ബാധിക്കും. ഈ ഇടവേള എന്നെ പലകാര്യങ്ങളും പഠിപ്പിച്ചു. എന്നിലുള്ള പല കാര്യങ്ങളും എന്റെ മനസിൽ പൊന്തിൽ വന്നു. അതിന് ഞാനിതുവരെ അനുവദിച്ചിരുന്നില്ല. അത് ഞാൻ സ്വീകരിക്കുന്നു. ടീമിന്റെ ജയത്തിനായി അവസാന ശ്വാസം വരെ പോരാടുക എന്നത് മാത്രമാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും കോലി പറഞ്ഞു.

2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും താൻ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്ന് കോലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2019നുശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ഐപിഎല്ലിലും തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലും ഏകദിന, ടി20 പരമ്പരകളിലും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് ക്രിക്കറ്റിൽ നിന്ന് ബ്രേക്ക് എടുത്തത്. ഒരു മാസത്തോളം കുടുംബവുമൊത്ത് ലണ്ടനിൽ അവധിക്കാലം ചെലവഴിച്ച കോലി നാട്ടിൽ തിരിച്ചെത്തിയശേഷമാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.