ദുബായ്: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ 148 റൺസ് വിജയലക്ഷ്യമുയർത്തി പാക്കിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 19.5 ഓവറിൽ 147 റൺസിന് പുറത്താക്കി. 42 പന്തിൽ 43 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ.

പവർപ്ലേ ഓവറുകളിൽ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോർ ഉയർത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വർ കുമാറും ഹാർദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യൻ ബൗളർമാർ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോർ പാക്കിസ്ഥാന് അപ്രാപ്യമാകുകയായിരുന്നു.

നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വറും നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓൾറൗണ്ടർ ഹാർദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. അർഷദീപ് രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്‌ത്തിയപ്പോൾ സ്പിന്നർമാരായ ചാഹലിനും ജഡേജക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

പവർ പ്ലേയിൽ ഭുവിയുടെ ആദ്യ ഓവർ തന്നെ സംഭവബഹുലമായിരുന്നു. ഇന്നിങ്‌സിലെ രണ്ടാം പന്തിൽ തന്നെ ഭുവി മുഹമ്മദ് റിസ്വാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യു എടുത്ത് റിസ്വാൻ രക്ഷപ്പെട്ടു. അവസാന പന്തിൽ റിസ്വാനെതിരെ ക്യാച്ചിനായുള്ള ഇന്ത്യയുടെ ശക്തമായ അപ്പീൽ. അമ്പയർ നിരസിച്ചപ്പോൾ ഇന്ത്യ റിവ്യു എടുത്തു. എന്നാൽ ഇത്തവണയും ഭാഗ്യം റിസ്വാന്റെ കൂടെയായിരുന്നു.

അർഷദീപിന്റെ രണ്ടാം ഓവറിൽ എട്ട് റൺസടിച്ച് പാക്കിസ്ഥാൻ ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാൽ മൂന്നാം ഓവറിൽ ബാബറിനെ അപ്രതീക്ഷിത ബൗൺസറിൽ അർഷദീപ് സിംഗിന്റെ കൈകളിലെത്തിച്ച് ഭുവി പാക്കിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചു. ആവേശ് ഖാൻ എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ സിക്‌സും ഫോറും പറത്തിയ റിസ്വാൻ പാക്കിസ്ഥാനെ ടോപ് ഗിയറിലാക്കാൻ നോക്കിയെങ്കിലും അഞ്ചാം പന്തിൽ സമനെ(10) മടക്കി ആവേശ് ആ ആവേശം എറിഞ്ഞുടച്ചു. പവർ പ്ലേയിൽ രണ്് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.

സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും പന്തെറിയാനെത്തിയതോടെ പതുക്കെ ചുവടുറപ്പിച്ച റിസ്വാനും ഇഫ്തീഖർ അഹമ്മദും ചേർന്ന് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നൽകി. മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് പാക്കിസ്ഥാനെ പതിമൂന്നാം ഓവറിൽ 87 റൺസിലെത്തിച്ചു. ഇതിനിടെ ചാഹലിനെ സിക്‌സിന് പറത്തിയ ഇഫ്തീഖറിനെ തൊട്ടടുത്ത പന്തിൽ ചാഹൽ തന്നെ കൈവിട്ടു.

 ഇഫ്തീഖറിനെ(22 പന്തിൽ 28) തൊട്ടടുത്ത ഓവറിൽ ബൗൺസറിൽ കാർത്തിക്കിന്റെ കൈകളിലെത്തിച്ച് ഹാർദ്ദിക് പാക് തകർച്ചക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ നിലയുറപ്പിച്ചെന്ന് കരുതി മുഹമ്മദ് റിസ്വാനും ഹാർദ്ദിക്കിന്റെ ഷോർട്ട് ബോൾ തന്ത്രത്തിൽ വീണു. 42 പന്തിൽ 43 റൺസടിച്ച റിസ്വാനെ തേർഡ് മാനിൽ ആവേശ് പറന്നു പിടിച്ചു. അവിടം കൊണ്ടും നിർത്താതിരുന്ന ഹാർദ്ദിക് മറ്റൊരു ഷോർട്ട് ബോളിൽ കുഷ്ദിൽ ഷാ(2) കൂടി ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിച്ച് പാക്കിസ്ഥാന്റെ നടുവൊടിച്ചു.

അവസാന ഓവറുകളിൽ ഷദാബ് ഖാനും ആസിഫ് അലിയും അടിച്ചു തകർക്കുമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷ ഭുവിയും അർഷദീപും ചേർന്ന് എറിഞ്ഞിട്ടു. ആസിഫ് അലിയെ(9) സൂര്യകുമാറിന്റെ കൈകളിലെത്തിച്ച ഭുവിയും മുഹമ്മദ് നവാസിനെ(1) അർഷദീപ് കാർത്തിക്കിന്റെ കൈകളിലെത്തിച്ച് അർഷദീപും പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി. പത്തൊമ്പതാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഷദാബ് ഖാനെയും(10) അരങ്ങേറ്റക്കാരൻ നസീം ഷായെയും വീഴ്‌ത്തി ഭുവി പാക്കിസ്ഥാൻനെ തകർത്തു. അവസാന ഓവറിൽ തകർത്തടിച്ച ഷാനവാസ് ദഹാനി(6 പന്തിൽ 16) പാക്കിസ്ഥാനെ 147ൽ എത്തിച്ചു.

നേരത്തെ നിർണായക പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാർത്തിക്കാണ് അന്തിമ ഇവലനിൽ ഇടം നേടിയത്.. യുവപേസർ നസീം ഷാ പാക് ടീമിൽ ഇന്ന് അരങ്ങേറ്റം കുറിച്ചു.