ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ഹോങ്കോങിനെ നേരിടും. ആതിഥേയരായ യുഎഇയെ തകർത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്.

പാക്കിസ്ഥാനെതിരാ ആദ്യ മത്സരം ജയിച്ച് സൂപ്പർ ഫോർ ഉറപ്പിച്ച ഇന്ത്യക്ക് ഹോങ്കോങിനെതിരായ മത്സരം പരീക്ഷണങ്ങൾക്കുള്ള വേദി കൂടിയാവും. ആദ്യ മത്സരം നടന്ന ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരവും നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്‌പോർട്‌സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും ഹോങ്കോങും നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാൽ ടി20 ക്രിക്കറ്റിൽ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. മുമ്പ് രണ്ട് തവണയും ഏകദിനങ്ങളിലാണ് ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടിയത്. 2018 ഏഷ്യാ കപ്പിൽ അവസാനമായി നേർക്കുനേർ വന്നപ്പോൾ 26 റൺസിന് ഇന്ത്യ ജയിച്ചു.

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാൽ പ്ലേയിങ് ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും അഫ്ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.