ഷാർജ: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 128 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉർ റഹ്‌മാനും ചേർന്ന് വരിഞ്ഞുമുറുക്കി. 48 റൺസ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

ജയിച്ചാൽ അഫ്ഗാന് സൂപ്പർ ഫോറിലെത്താം. ആദ്യ മത്സരത്തിൽ അവർ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്. മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. 6.2 ഓവറിൽ തന്നെ അവർ നാല് വിക്കറ്റ് നഷ്ടത്തിൽ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് 10.3 ഓവറിൽ അഞ്ചിന് 53 എന്ന നിലയിലായി. മുൻനിരയിൽ പുറത്തായ അഞ്ച് താരങ്ങളിൽ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുൽ ഹഖ് (5), ഷാക്കിബ് അൽ ഹസൻ (11), മുഷ്ഫിഖുർ റഹീം (1), അഫീഫ് ഹുസൈൻ (12) എന്നിവരാണ് പുറത്തായ താരങ്ങൾ.

മധ്യനിരയിൽ മഹ്‌മുദുള്ള (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൊസദെക്കിന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. നാല് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മെഹ്ദി ഹസനാണ് (14) പുറത്തായ മറ്റൊരു താരം. മുഹമ്മദ് സെയ്ഫുദ്ദീൻ (0) പുറത്താവാതെ നിന്നു.