ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും തിരിച്ചടി. നിശ്ചിത സമയത്തേക്കാൾ രണ്ടോവർ കൂടുതൽ സമയമെടുത്തതാണ് ഇരുടീമുകൾക്കും വിനയായത്. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യയ്ക്കും പാക്കിസ്ഥാനും അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പിഴ ചുമത്തി.

ഇതോടെ ഐ.സി.സി. കോഡ് ഓഫ് കണ്ടക്റ്റ് ആർട്ടിക്കിൾ 2.22 പ്രകാരം മത്സരത്തിന്റെ 20 ശതമാനം ചെലവ് ഇന്ത്യയും പാക്കിസ്ഥാനും പിഴയായി നൽകണം. ഓൺ ഫീൽഡ് അമ്പയർമാരായ മസുദുർ റഹ്‌മാൻ, രുചിര പില്ലിയഗുരുഗെ, തേർഡ് അമ്പയർ രവീന്ദ്ര വിമലസിരി, നാലാം അമ്പയർ ഗസ്സി സോഹെൽ എന്നിവരാണ് ഇരുടീമുകൾക്കും പിഴ വിധിച്ചത്.

മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ചുവിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ 19.5 ഓവറിൽ 147 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഈ വിജയത്തോടെ ഗ്രൂപ്പ് എ യിൽ ഇന്ത്യ ഒന്നാമതെത്തി. ഇന്ന് നടക്കുന്ന ഹോങ് കോങ്ങിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ ഫോറിൽ പ്രവേശിക്കാം.