ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരേ ഹോങ് കോങ്ങിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 26 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവും 44 പന്തിൽ 59 റൺസ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ വെറും 42 പന്തിൽനിന്ന് 98 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ - കോലി സഖ്യമാണ് ഇന്ത്യൻ സ്‌കോർ 190 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അത്ര മികച്ച തുടക്കമല്ല ഓപ്പണർമാരായ കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്ന് നൽകിയത്. ദുർബലരായ ഹോങ് കോങ്ങിനെതിരേ ആദ്യ വിക്കറ്റിൽ ഓപ്പണർമാർക്ക് വെറും 38 റൺസ് മാത്രമാണ് നേടാനായത്. രോഹിതിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. 13 പന്തുകളിൽ നിന്ന് 21 റൺസെടുത്ത രോഹിത്തിനെ ആയുഷ് ശുക്ല അസിയാസ് ഖാനിന്റെ കൈയിലെത്തിച്ചു. റൺനിരക്ക് കൂട്ടാനുള്ള ശ്രമത്തിനിടെയാണ് രോഹിത് പുറത്തായത്.

രോഹിത്തിന് പകരം ക്രീസിലെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് രാഹുൽ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 90 കടത്തി. പക്ഷേ റൺറേറ്റ് കുറഞ്ഞു. എന്നാൽ സ്‌കോർ 94-ൽ നിൽക്കേ രാഹുലിനെ മടക്കി ഹോങ് കോങ് തിരിച്ചടിച്ചു. മുഹമ്മദ് ഗസൻഫാറിന്റെ പന്തിൽ സ്‌കോട് മക്കെച്ചിനിയെയ്ക്ക് ക്യാച്ച് സമ്മാനിച്ച് രാഹുൽ മടങ്ങി. 39 പന്തുകളിൽ നിന്ന് 36 റൺസെടുത്ത് താരം മടങ്ങി. രാഹുലും വേണ്ടത്ര മികവ് പുലർത്തിയില്ല.

രാഹുലിന് പകരം സൂര്യകുമാർ ക്രീസിലെത്തി. സൂര്യകുമാർ വന്നതോടെ ടീം സ്‌കോറിന് ജീവൻവെച്ചു. കോലിയും സൂര്യകുമാറും വെറും 27 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നാലെ കോലി അർധസെഞ്ചുറി നേടി. 40 പന്തുകളിൽ നിന്നാണ് താരം കരിയറിലെ 31-ാം അന്താരാഷ്ട്ര ട്വന്റി 20 അർധസെഞ്ചുറിയിലെത്തിയത്.

അവസാന അഞ്ച് ഓവറിൽ 78 റൺസാണ് സൂര്യകുമാർ കോലി സഖ്യം അടിച്ചുകൂട്ടിയത്. അതിൽ കൂടുതൽ റൺസും സൂര്യകുമാറിന്റെ സംഭാവനയായിരുന്നു. സൂര്യകുമാർ യാദവ് 26 പന്തിൽ ആറു വീതം സിക്‌സും ഫോറും സഹിതമാണ് 68 റൺസെടുത്തത്. അവസാന ഓവറിൽ മാത്രം സൂര്യകുമാർ യാദവ് നാലു സിക്‌സറുകൾ സഹിതം 26 റൺസാണ് അടിച്ചെടുത്തത്. കോലി 44 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു.

ഹോങ്കോങ്ങിനായി ആയുഷ് ശുക്ല നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മുഹമ്മദ് ഗസൻഫർ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയ എഹ്‌സാൻ ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, മൂന്ന് ഓവറിൽ 53 റൺസ് വഴങ്ങിയ ഹാരൂൺ അർഷാദ് നിരാശപ്പെടുത്തി.