ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനെതിരേ ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്താൻ 175 റൺസെടുത്തത്. അർധസെഞ്ചുറിയുമായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഓപ്പണർ റഹ്‌മാനുനുള്ള ഗുർബാസാണ് അഫ്ഗാന് മികച്ച സ്‌കോർ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുശനക രണ്ട് വിക്കറ്റെടുത്തപ്പോൾ മഹീഷ് തീക്ഷണ, അസിത ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റെടുത്തു. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത വാനിന്ദു ഹസരംഗയും തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ് ആദ്യ ഓവറുകളിൽ തന്നെ തകർത്തടിച്ചു കളിച്ചു. എന്നാൽ ഹസ്രത്തുള്ള സസായിക്ക് ശോഭിക്കാനായില്ല. ടീം സ്‌കോർ 46-ൽ നിൽക്കേ സസായിയെ ദിൽഷൻ മധുശനക പുറത്താക്കി. 16 പന്തുകളിൽ നിന്ന് 13 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നാലെ വന്ന ഇബ്രാഹിം സദ്രാനേയും കൂട്ടുപിടിച്ച് ഗുർബാസ് അഫ്ഗാൻ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. വൈകാതെ ഗുർബാസ് അർധസെഞ്ചുറിയും തികച്ചു. വെറും 22 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. ട്വന്റി-20 യിലെ താരത്തിന്റെ അഞ്ചാം അർധസെഞ്ചുറിയും ഒരു അഫ്ഗാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ചുറിയുമാണിത്.

ഗുർബാസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ 13-ാം ഓവറിൽ അഫ്ഗാൻ സ്‌കോർ നൂറ് കടന്നു. ടീം സ്‌കോർ 139-ൽ നിൽക്കേ ഗുർബാസിനെ ഹസരംഗയുടെ കൈകളിലെത്തിച്ച് അസിത ഫെർണാണ്ടോ ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. 45 പന്തിൽ 84 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. ആറ് സിക്സുകളും നാല് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ഇബ്രാഹിം സദ്രാനേയും വേഗത്തിൽ തന്നെ മടക്കി ശ്രീലങ്ക തിരിച്ചടിച്ചു. 38 പന്തിൽ നിന്ന് 40 റൺസെടുത്ത സദ്രാനെ ദിൽഷൻ മധുശനകയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ മുഹമ്മദ് നബി ഒരു റണ്ണെടുത്ത് മടങ്ങി. മഹീഷ് തീക്ഷണയാണ് വിക്കറ്റെടുത്തത്. 10 പന്തിൽ 17 റൺസെടുത്ത നജീബുള്ള സദ്രാനും ഏഴ് പന്തിൽ നിന്ന് ഒമ്പത് റണ്ണെടുത്ത റാഷിദ് ഖാനും റൺ ഔട്ടായി. ഒടുവിൽ നിശ്ചിത 20-ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസിന് അഫ്ഗാൻ ഇന്നിങ്സ് അവസാനിച്ചു.