- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് മെൻഡിസും നിസ്സങ്കയും; ഫിനിഷിങ് മികവുമായി രജപക്സ; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം; അഫ്ഗാനിസ്ഥാനെ കീഴടക്കിയത് നാല് വിക്കറ്റിന്; ഞായറാഴ്ച ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം

ഷാർജ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിനാണ് ശ്രീലങ്ക തകർത്തുവിട്ടത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിനുള്ള മറുപടി കൂടിയായി സൂപ്പർ ഫോറിലെ ലങ്കയുടെ മിന്നും ജയം.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ലങ്ക മറികടന്നു. 19.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ലങ്കയുടെ സ്‌കോർ. ജയത്തോടെ സൂപ്പർ ഫോർ പോയിന്റ് പട്ടികയിൽ ലങ്ക അക്കൗണ്ട് തുറന്നു. ചൊവ്വാഴ്ച, ഇന്ത്യയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം.
നിസ്സാങ്ക (28 പന്തിൽ 35), കുശാൽ മെൻഡിസ് (19 പന്തിൽ 36) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസ് സ്‌കോർബോർഡിൽ ചേർത്തു. ഏഴാം ഓവറിൽ മുജീബുർ റഹ്‌മാനാണ് കൂട്ടുകെട്ട് പൊളിച്ചത്. ധനുഷ്‌ക ഗുണതിലക(20 പന്തിൽ 33), ഭാനുക രാജപക്‌സെ (14 പന്തിൽ 31) എന്നിവരുടെ പ്രകടനവും ലങ്കൻ വിജയത്തിൽ നിർണായകമായി.
ചരിത് അസലങ്ക (8), ദസുൻ ഷനക (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. വാനിന്ദു ഹസരങ്ക (16), ചാമിക കരുണാരത്നെ (5) എന്നിവർ പുറത്താവാതെ നിന്നു. മുജീബ് ഉർ റഹ്‌മാൻ, നവീൻ ഉൾ ഹഖ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, റഹ്‌മാനുള്ള ഗുർബാസിന്റെ (45 പന്തിൽ 84) ഇന്നിങ്സാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇബ്രാഹിം സദ്രാൻ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഹസ്രത്തുള്ള സസൈ (13), നജീബുള്ള സദ്രാൻ (17), മുഹമ്മദ് നബി (1), റാഷിദ് ഖാൻ (9) എന്നിവരാണ് പുറത്തായ താരങ്ങൾ. കരിം ജനാത് (0) പുറത്താവാതെ നിന്നു.
ആറു സിക്‌സറുകളും നാല് ഫോറുകളും അടങ്ങുതായിരുന്നു ഗുർബാസിന്റെ കിടിലൻ ഇന്നിങ്‌സ്. 38 പന്തിൽ 40 റൺസെടുത്ത് ഇബ്രാഹിം സദ്രാനും ഗുർബാസിന് മികച്ച പിന്തുണ നൽകി. ബുധനാഴ്ച, പാക്കിസ്ഥാനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം.
ഞായറാഴ്ച ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടക്കും. സൂപ്പർ ഫോറിലെ സൂപ്പർ പോരാട്ടം രാത്രി ഏഴരയ്ക്കാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കാനില്ലെന്നത് ഇന്ത്യക്ക് നേരിയ ആശങ്കയാണ്. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ തകർത്താണ് ഇന്ത്യ തുടങ്ങിയത്. ഹാർദിക് പാണ്ഡ്യ ആഞ്ഞടിച്ച കളിയിൽ ജയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.
ജഡേജയ്ക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. ഓൾറൗണ്ടറെന്ന പരിഗണന അക്സറിന് ലഭിക്കും. കഴിഞ്ഞ മത്സരത്തിൽ അടിമേടിച്ചെങ്കിലും ആവേഷ് ഖാൻ ടീമിൽ തുടരുമെന്നാണ് അറിയുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാക്കിസ്ഥാനെതിരെ പുറത്തിരിക്കും. ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തും.


