- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കം തകർച്ചയോടെ; രക്ഷകനായി രോഹിത് ശർമ; കൂട്ടൊരുക്കി സൂര്യകുമാർ; 'പരിശീലനം' തുടർന്ന് മധ്യനിര; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ലങ്കയ്ക്കെതിരേ 174 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 174 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ തകർച്ച നേരിട്ടു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ കരകയറ്റിയത്. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. മധുഷനകയുടെ പന്ത് ഫ്ളിക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ താരം കോലി ബൗൾഡായി.
ക്രീസിൽ ഒന്നിച്ച രോഹിത് - സൂര്യകുമാർ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സ് ട്രാക്കിലാക്കിയത്. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതൽ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നൽകി. മൂന്നാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 13-ാം ഓവറിൽ പിരിയുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 41 പന്തിൽ നാല് സിക്സും അഞ്ച് ഫോറുമടക്കം 72 റൺസെടുത്ത രോഹിത്തിനെ മടക്കി ചമിക കരുണരത്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ദസുൻ ഷാനകയുടെ പന്തിൽ ഷോട്ടിനായുള്ള ശ്രമത്തിൽ സൂര്യകുമാർ യാദവും പുറത്തായി. 29 പന്തിൽ നിന്ന് ഒന്ന് വീതം സിക്സും ഫോറുമടക്കം 34 റൺസെടുത്താണ് താരം പുറത്തായത്. ഹാർദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17) എന്നിവർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ദീപക് ഹൂഡ (3) ബൗൾഡായി.
ശ്രീലങ്കയ്ക്കായി ദിൽഷൻ മധുഷങ്ക നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദസുൻ ഷാനക, കരുണരത്നെ എന്നിവർ രണ്ടു വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പകരം ആർ. അശ്വിനെ ഉൾപ്പെടുത്തി. ശ്രീലങ്ക കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് കളിക്കുന്നത്.


