ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് പാക്കിസ്ഥാനെ തകർത്തത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 55 റൺസോടെ പുറത്താവാതെ നിന്ന ഓപ്പണർ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി മുഖാമുഖമെത്തും.

ലങ്കയുടെ മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാൽ മെൻഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസിൽവ (9) എന്നിവർ പെട്ടന്ന് മടങ്ങി. ഇതോടെ ലങ്ക മൂന്നിന് 29 എന്ന നിലയിലായി. പിന്നീട് വന്നവരിൽ ഭാനുക രജപക്സ (24), ദസുൻ ഷനക (21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (3 പന്തിൽ പുറത്താവാതെ 10) കൂടെ നിർത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്സ്. പാകസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്നൈൻ, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ, 30 റൺസ് നേടിയ ബാബർ അസമാണ് പാക്കിസ്ഥാനെ 100 കടക്കാൻ സഹായിച്ചത്. അസമിന് പുറമെ മുഹമ്മദ് നവാസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മുഹമ്മദ് റിസ്വാൻ (14), ഫഖർ സമാൻ (13), ഇഫ്തിഖർ അഹമ്മദ് (13) എന്നിവരും രണ്ടക്കം കണ്ടു. ഖുഷ്ദിൽ ഷാ (4), ആസിഫ് അലി (0), ഹാസൻ അലി (0), ഉസ്മാൻ ഖാദിർ (3), ഹാരിസ് റൗഫ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുഹമ്മദ് ഹസ്നൈൻ (0) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ ലങ്കൻ നായകൻ ദസുൻ ഷനക പാക്കിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് മത്സരത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല.

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. ഷദാബ് ഖാൻ, നസീം ഷാ എന്നിവർക്ക് വിശ്രമം നൽകി. ഉസ്മാൻ ഖാദിർ, ഹാസൻ അലി എന്നിവർക്ക് അവസരം നൽകി. ശ്രീലങ്കയും രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ധനഞ്ജയ ഡിസിൽവ, പ്രമോദ് മധുഷൻ എന്നിവർ ടീമിലെത്തി. അസലങ്ക, അഷിത ഫെർണാണ്ടോ എന്നിവർക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.