മുംബൈ: ഏഷ്യാകപ്പിൽ അടക്കം ട്വന്റി 20 ക്രിക്കറ്റിൽ ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും മധ്യ ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാർ മെല്ലെപ്പോക്ക് നടത്തുന്നതിൽ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സെലക്ടർമാരുമായി ചർച്ച നടത്തിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മധ്യ ഓവറുകളിൽ റൺനിരക്ക് താണതാണ് ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്താകാൻ കാരണമെന്നാണ് ബിസിസിഐ വിലയിരുത്തൽ. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളിൽ ഇതിന് പരിഹാരം കാണണമെന്നും ലോകകപ്പിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള നിർദേശമാണ് ബിസിസിഐ ടീം മാനേജ്‌മെന്റിന് നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ബിസിസിഐ വിലയിരുത്തിയെന്നും പ്രശ്‌ന പരിഹാരങ്ങളെക്കുറിച്ചും ട്വന്റി 20 ലോകകപ്പിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചുമാണ് അവലോകന യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

മത്സരങ്ങളുടെ ഏഴ് മുതൽ 15 വരെയുള്ള ഓവറുകളിൽ റൺനിരക്ക് കുത്തനെ കുറയുന്നത് ഒരു പ്രശ്‌നമാണെന്നും ഏഷ്യാ കപ്പിലും ഇത് ആവർത്തിച്ചുവെന്നും പ്രതിനിധി പറഞ്ഞു. ടീം മാനേജ്‌മെന്റ് ഇതിനെക്കുറിച്ച് ബോധവാന്മാരാണെന്നും മധ്യ ഓവറുകളിൽ കളിയുടെ ഗതി അനുസരിച്ച് ഗെയിം പ്ലാനിൽ മാറ്റം വരുത്താൻ കഴിയുന്ന ലോകോത്തര താരങ്ങൾ നമുക്കുണ്ടെന്നും പ്രതിനിധി പറഞ്ഞു.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഏഴ് മുതൽ 15 വരെയുള്ള ഒമ്പത് ഓവറുകളിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 59 റൺസാണ് സ്‌കോർ ചെയ്തത്. ഹോങ്കോങിനെതിരെ ഇത് 62 റൺസും സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 62 റൺസും മാത്രമാണ് ഒമ്പതോവറിൽ ഇന്ത്യ നേടിയത്. ശ്രീലങ്കക്കെതിരെ 78 റൺസടിച്ചതായിരുന്നു മധ്യ ഓവറുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം 23ന് പാക്കിസ്ഥാനെതിരെ ആണ്. ലോകകപ്പിന് മുന്നോടിയായി ഈ മാസവും അടുത്ത മാസം ആദ്യവുമായി ഇന്ത്യ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ ആറ് ട്വന്റി 20 മത്സരങ്ങളിൽ കളിക്കുന്നുണ്ട്. ലോകകപ്പ് മുന്നൊരുക്കമെന്ന നിലയിൽ നടക്കുന്ന ഈ പരമ്പരകളിൽ ഇന്ത്യൻ ബാറ്റിങ് നിര നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ബിസിസിഐ നേതൃത്വം നിർദേശിച്ചിരിക്കുന്നത്.