ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കായി ടീമിൽ ഉൾപ്പെടുത്തിയിരുന്ന മുഹമ്മദ് ഷമി കോവിഡ് ബാധിച്ച് പുറത്ത്. ഞായറാഴ്ച ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പേസർ ഉമേഷ് യാദവിനെ പകരക്കാരനായി ടീമിലെടുത്തു.

സെപ്റ്റംബർ 20-നാണ് ഓസ്ട്രേലിയൻ പരമ്പര ആരംഭിക്കുന്നത്. മൊഹാലിയിലാണ് മത്സരം. 23-ന് രണ്ടാം മത്സരം നാഗ്പുരിലും 25-ന് മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ഹൈദരാബാദിലും നടക്കും.

പരിക്കേറ്റ ഉമേഷ് യാദവ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും ഉമേഷിനായിരുന്നു.

അപ്രതീക്ഷിതമായി ലഭിച്ച അവസരം പേസർ ഉമേഷ് യാദവിന് ഭാഗ്യമായേക്കുമെന്നാണ് സൂചന. മൊഹാലിയിലെ ആദ്യ ടി20യിൽ തന്നെ ഉമേഷിന് ഇന്ത്യ അവസരം നൽകിയേക്കും. മൊഹാലി അവസരം ലഭിച്ചാൽ 43 മാസത്തിന് ശേഷം വൈറ്റ് ബോളിൽ ഇന്ത്യക്കായി കളിക്കാനുള്ള വഴിയാകും ഉമേഷ് യാദവിന് മുന്നിൽ തുറക്കുക.

2019 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഓസീസിന് എതിരെയാണ് ഉമേഷ് ഇതിന് മുമ്പ് രാജ്യാന്തര ടി20 കളിച്ചത്. ഇതേ വേദിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 2018ലായിരുന്നു ഉമേഷിന്റെ അവസാന ഏകദിനം. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഉമേഷ് ഐപിഎല്ലിലടക്കം സജീവമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ കെകെആറിനായി 7.06 ഇക്കോണമിയിൽ 16 വിക്കറ്റ് താരം വീഴ്‌ത്തിയിരുന്നു. ഇതാണ് മുഹമ്മദ് ഷമി കോവിഡ് ബാധിതനായി പുറത്തായതോടെ ഉമേഷ് യാദവിൽ സെലക്ടർമാരുടെ കണ്ണെത്താൻ കാരണം.

ഏഷ്യാ കപ്പിൽ ശരാശരിക്ക് താഴെ പ്രകടനം പേസർമാർ കാഴ്ചവെച്ചത് ഇന്ത്യ ഫൈനലിലെത്താതെ പുറത്താകാൻ കാരണമായിരുന്നു. ഇതുമാണ് പരിചയസമ്പന്നരായ മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും വീണ്ടും അവസരം നൽകാൻ സെലക്ടമാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം റോയൽ ലണ്ടൻ കപ്പിനിടെ പരിക്കേറ്റ ഉമേഷ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിൽസയിലും പരിശീലനത്തിലുമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേരാൻ ഉമേഷ് യാദവ് ഇന്ന് രാവിലെ ഏഴ് മണിക്ക് ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തി. ഇവിടെ നിന്ന് നേരെ ടീം ഹോട്ടലിലേക്കാണ് താരം പോയത്.

ഓസീസിനെതിരായ ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിൻ, അക്‌സർ പട്ടേൽ, കെ എൽ രാഹുൽ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.