കഴക്കൂട്ടം: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കാര്യവട്ടം സ്പോർട്സ് ഹബിലേക്കുള്ള ഇന്റർനെറ്റ് കേബിളുകൾ അജ്ഞാതർ നശിപ്പിച്ചു.

ഇതോടെ സ്റ്റേഡിയത്തിലേക്കുള്ള ഇന്റർനെറ്റ് സേവനം നിലച്ചു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബി.എസ്.എൻ.എല്ലിന്റെ കേമ്പിളുകളാണ് വെള്ളിയാഴ്ച മുറിച്ചനിലയിൽ കണ്ടെത്തിയത്. മത്സരത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ശനിയാഴ്ച വിലയിരുത്തി.

ഡെപ്യൂട്ടി കമീഷണർ അജിത് കുമാർ, സ്‌പെഷൽ ബ്രാഞ്ച് എ.സി.പി സതീഷ് കുമാർ, കൺട്രോൾ റൂം എ.സി.പി പ്രതാപൻ, സിറ്റി സൈബർ വിങ് എ.സി.പി ഹരി സി.എസ്, കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പ്രാഥമിക വിലയിരുത്തൽ നടത്തിയത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ. വർഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ, ബി.സി.സിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ്, ടി20 മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ്. കുമാർ, റവന്യൂ ഡയറക്ടർ കാർത്തിക് വർമ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച പ്രാഥമിക പരിശോധനയാണ് നടന്നതെന്നും സജ്ജീകരണങ്ങൾ പൂർത്തിയാകുന്നമുറക്ക് കൂടുതൽ പരിശോധന നടത്തി കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുമെന്നും കെ.സി.എ അധികൃതർ അറിയിച്ചു.

അതേ സമയം ടിക്കറ്റ് വിൽപന നാളെ ആരംഭിക്കാനിരിക്കെ മത്സരത്തിനു കാണികൾ കുറയുമെന്നാണ് റിപ്പോർട്ട്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിനു കാണികൾ കുറയും. നാൽപതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്നു കാണികളുടെ എണ്ണം വെട്ടിക്കുറയ്ക്കും.

മത്സരത്തിന് കാണികളെ കഴിഞ്ഞ മത്സരങ്ങളിലെ പോലെ പ്രവേശിപ്പിക്കാനാവുകയില്ല. നിലവിലുള്ള കസരേകൾ കുറേയേറെ തകരാറിലായതിനാൽ കാണികളുടെ എണ്ണത്തിൽ മൂവായിരം മുതൽ അയ്യായിരം പേരുടെ കുറവു വരും. ഈ അവസ്ഥയിൽ നശിച്ചുകിടന്നിരുന്ന കസേരകളിൽ കുറേയേറെ അറ്റകുറ്റപ്പണി നടത്തി.

ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കൻ ടീം അവരുടെ ആദ്യ മത്സരമാണു കാര്യവട്ടത്ത് കളിക്കുക. ട്വന്റി 20 ആവേശത്തിന് പത്തുദിവസം മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം മത്സരത്തിനു സജ്ജമായി. മൈതാനത്തു പുതിയ പുല്ല് വെച്ചുപിടിപ്പിച്ചു. പിച്ചും സജ്ജമായി. അവസാന റോളിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്.