- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കം; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; ആദ്യ മത്സരം മൊഹാലിയിൽ; ലോകകപ്പിനുള്ള 'ഇലവനെ' തീരുമാനിക്കുക പ്രധാന ലക്ഷ്യം

മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച മൊഹാലിയിൽ നടക്കും. ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന്റെ ആതിഥേയരുമാണ് ഓസ്‌ട്രേലിയ.
ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കും അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിലും മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷൻ പരീക്ഷണങ്ങളും ഈ പരമ്പരകളിൽ കാണാനാകും. ചൊവ്വാഴ്ച മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങൾ.
ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരങ്ങൾ തുടങ്ങുക. ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാരാണെങ്കിലും ഇന്ത്യയാണ് നിലവിൽ ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീം. ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 23 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യക്ക് 13 എണ്ണത്തിൽ ജയിപ്പോൾ ഓസീസിന് ഒമ്പത് ജയങ്ങളാണുള്ളത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
ലോകകപ്പിനുള്ള ഇലവനെ തീരുമാനിക്കാനും ടീമിലെ പോരായ്മകൾ പരിഹരിക്കാനുമുള്ള ശ്രമമാണ് ചൊവ്വാഴ്ച തുടങ്ങുന്നത്. ഒക്ടോബർ 22-നാണ് ഓസ്‌ട്രേലിയയിൽ ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 23-ന് പാക്കിസ്ഥാനെതിരേയാണ്.
ലോകകപ്പിനും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരയ്ക്കുമുള്ള ടീമിനെ കഴിഞ്ഞയാഴ്ച ഒരുമിച്ച് പ്രഖ്യാപിച്ചിരുന്നു. മൂന്നു ടീമിലും ചെറിയ മാറ്റങ്ങളുണ്ട്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ആദ്യ മത്സരത്തിനു മുമ്പുവരെ ടീമിൽ മാറ്റത്തിന് അവസരമുണ്ട്.
പേസ് ബൗളർ മുഹമ്മദ് ഷമിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനമുണ്ടായിരുന്നു. അദ്ദേഹത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പക്ഷേ, കോവിഡ് പോസിറ്റീവായ ഷമി ഞായറാഴ്ച പരമ്പരയിൽനിന്ന് പിന്മാറി. പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. പേസർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ എന്നിവർക്കൊപ്പം ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയും പരമ്പരയിലുണ്ട്. ഈ സാഹചര്യത്തിൽ ഉമേഷ് ഇലവനിലെത്താൻ സാധ്യത കുറവാണ്.
രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരെ മുൻനിർത്തിയാണ് ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ് പ്ലാൻ. ഈ പരമ്പരകളിലൂടെ ആ ലൈനപ്പ് ഉറപ്പിക്കേണ്ടതുണ്ട്.
പരിക്കോ മറ്റ് പ്രശ്നങ്ങളോ കാരണം ആരെങ്കിലും മാറിയാലാകും മറ്റൊരാൾക്ക് നറുക്കുവീഴുക. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്.
ഇടംകൈയൻ പേസ് ബൗളറായ അർഷ്ദീപ് സിങ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരേയുണ്ട്. അർഷ് ദീപിനും ഇത് ഒരുക്കത്തിന്റെ കാലമാണ്.
ഇടംകൈയൻ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കുകാരണം പിന്മാറിയത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാകും. അതിനുപകരം ടീമിലെത്തിയ ഇടംകൈയൻ സ്പിന്നർ അക്‌സർ പട്ടേലും ഓൾറൗണ്ടർ ഗണത്തിൽപ്പെടുന്നു. പക്ഷേ, ബാറ്റിങ്ങിൽ കൂടുതൽ മികവുമുള്ള സ്പിന്നർ ദീപക് ഹൂഡയുമായി മത്സരിക്കേണ്ടിവരും.


