ദുബായ്: രാജ്യാന്തര ക്രിക്കറ്റിൽ ഐസിസി നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും. ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.

പുതിയ നിയമ പ്രകാരം ഇനിമുതൽ പന്തിൽ തുപ്പൽ പുരട്ടാനാകില്ല. കോവിഡ് മൂലം പന്തിൽ തുപ്പൽ പുരട്ടാൻ കഴിഞ്ഞ രണ്ട് വർഷമായി അനുമതി നല്കിയിരുന്നില്ല. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റർ സ്ട്രൈക്ക് ചെയ്യണം. നോൺ സ്ട്രൈക്കർ മറു ക്രീസിൽ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റർ അടുത്ത പന്ത് അഭിമുഖീകരിക്കണം.

ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസിൽ എത്തിയ ബാറ്റർ രണ്ട് മിനുറ്റിനുള്ളിൽ പന്ത് നേരിടണം. ടി20യിൽ ഒന്നര മിനുറ്റാണ് സമയം. ബാറ്റർമാർ പിച്ച് നിന്ന് തന്നെ കളിക്കണം എന്നതാണ് മറ്റോരു പരിഷ്‌കാരം. ചില ബോളുകൾ നേരിടാനായി ബാറ്റർമാർ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതൽ അത് അനുവദിക്കില്ല. ബാറ്ററെ പുറത്തിറങ്ങി കളിക്കാൻ നിർബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതൽ നോ ബോളായാണ് പരിഗണിക്കുക.

ക്രിക്കറ്റിൽ മാന്യതയില്ലാത്ത ഔട്ടായി കണക്കാക്കുന്ന മങ്കാദിങിനെ ഇനി മുതൽ സാധാരണ റൺ ഔട്ടായിട്ടാണ് പരിഗണിക്കുക. ബൗളർ പന്ത് എറിയാൻ വരുമ്പോൾ നേരത്തെ നോൺ സ്ട്രൈക്കർ ബാറ്റർ പുറത്ത് ഇറങ്ങിയാൽ ബൗളർക്ക് ബോൾ എറിഞ്ഞ് പുറത്താക്കാമായിരുന്നു. ഇത് ഒട്ടേറേ വിവാദങ്ങൾക്ക് വഴിഒരുക്കിയിട്ടുണ്ട്. ഇനി മുതൽ ഇത്തരത്തിൽ ഔട്ടാക്കുന്നത് നിയമപരമാണ്.

പന്ത് എറിയുന്നതിന് മുമ്പ് ഇനി മുതൽ ബൗളറിന് ബാറ്ററെ റൺഔട്ടാക്കാൻ സാധിക്കില്ല. ചില ബാറ്റർമാർ പന്ത് ക്രീസിന് പുറത്തിറങ്ങി കളിക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായാൽ ആ പന്തിനെ ഡെഡ് ബോളായാണ് കണക്കാക്കുക. അതു പോലെ ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ ബാറ്ററോ ടീം അംഗങ്ങളോ ശ്രമിച്ചാൽ ബാറ്റിങ്ങ് ടീമിന്റെ സ്‌കോറിൽ നിന്ന് അഞ്ച് റൺസ് കുറയ്ക്കുകയും ആ പന്തിനെ ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും.