ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. ഓരോ മത്സരം വീതം ജയിച്ച ഇരുടീമുകളും 1-1 എന്ന നിലയിലാണ്്. പരമ്പര നേടാൻ ചൊവ്വാഴ്ചത്തെ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്.

മുൻ നിര താരങ്ങളുടെ അഭാവത്തിൽ രണ്ടാം നിര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ റാഞ്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയവുമായി പരമ്പരയിൽ ഒപ്പമെത്തിയിരുന്നു.

ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ട മികവിൽ ഇന്ത്യ വിജയത്തിന് അടുത്തെത്തിയെങ്കിലും ഒമ്പത് റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. ചൊവ്വാഴ്ച ജയത്തോടെ പരമ്പര നേടിയാൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിരയെ തോൽപ്പിച്ച് പരമ്പര നേടുകയെന്ന അഭിമാനനേട്ടം ശിഖർ ധവാനും സംഘത്തിനും സ്വന്തമാവും.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയപ്പോൾ അതേ നാണയത്തിൽ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യ ഉശിരൻ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തിൽ ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ അവസാന ഓവറുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്നതും ഇന്ത്യൻ മധ്യനിരയുടെ തകർപ്പൻ ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സമനില ജയം സ്വന്തമാക്കാൻ സാധിച്ചത്. ഏറെ നാൾക്ക് ശേഷം മികച്ച ഫോമിലേയ്ക്ക് ശ്രേയസ്സ് അയ്യരും ഇഷൻ കിഷനും എത്തിയതാണ് ജയം അനായാസമാക്കിയത്.

മധ്യനിരയിൽ പക്ഷെ ഏറെ ശ്രദ്ധേയം ഉരുക്കുകോട്ടയായി നിൽക്കുന്ന സഞ്ജു സാംസ ണിന്റെ ശക്തമായ സാന്നിദ്ധ്യം തന്നെയാണ്. ആദ്യ മത്സരത്തിൽ ഒറ്റയാൾ പോരാട്ടത്തി ലൂടെ ടീമിനെ വിജയത്തിന് അരികിലെത്തിച്ച സഞ്ജു രണ്ടാം മത്സരത്തിൽ ശ്രേയസ്സിന് പിന്തുണ നൽകിയ അച്ചടക്കമാർന്ന ഇന്നിങ്സും ഏറെ ആവേശത്തോടെയാണ് ആരാധകർ ആഘോഷിക്കുന്നത്.

ഓപ്പണർ സ്ഥാനത്ത് താളം കണ്ടെത്താൻ പാടുപെടുന്ന ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ത്യക്ക് വലിയ തലവേദനയാണെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ധവാൻ തന്നെ ഓപ്പണറായി എത്തും. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാൻ ഗിൽ തന്നെയാവുംസഹ ഓപ്പണർ.

കഴിഞ്ഞ മത്സരത്തിൽ ഫോമിലായ ഇഷാൻ കിഷൻ വൺ ഡൗണായി എത്തും. കഴിഞ്ഞ കളിയിലെ സെഞ്ചൂറിയനും ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ താരവുമായ ശ്രേയസ് അയ്യർ നാലാം നമ്പറിൽ തുടരും.

മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി തുടരും. ഓൾ റൗണ്ടർമാരുടെ അഭാവത്തിൽ വാഷിങ്ടൺ സുന്ദർ തുടരും. ഷഹബാസ് അഹമ്മദിന് പകരം ലോകകപ്പ് ടീമിലെ റിസർവ് താരമായ രവി ബിഷ്‌ണോയിക്ക് നാളെ അവസരം ലഭിച്ചേക്കും. ഷർദ്ദുൽ ഠാക്കൂറും കുൽദീപ് യാദവും മുഹമ്മദ് സിറാജും ആവേശ് ഖാനും പേസർമാരായി തുടരും.