- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല; ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിസിബിയുടെ മറുപടി; വിവാദങ്ങൾക്കിടെ പ്രതികരിച്ച് പുതിയ ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നി

മുംബൈ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്കില്ലെന്നും ഏഷ്യാകപ്പ് നിഷ്പക്ഷ വേദിയിൽ നടത്തണമെന്നുമുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവന വിവാദത്തിലായിരുന്നു. ജയ് ഷായുടെ പ്രസ്താവനക്ക് പിന്നാലെ ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്‌കരിച്ചാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് പാക്കിസ്ഥാനും ബഹിഷ്‌കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് മറുപടി നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അടിന്തര യോഗം ചേരണമെന്നും പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് റോജർ ബിന്നി. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിസിസിഐ അല്ലെന്നും ഇത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും റോജർ ബിന്നി പറഞ്ഞു.
ഏഷ്യാ കപ്പിൽ കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും ടൂർണമെന്റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും എഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ ബിന്നി ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കാൻ പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് ഇന്ന് വ്യക്തമാക്കിയത്.
ഇന്ത്യ ഏതൊരു വിദേശരാജ്യത്ത് പര്യടനത്തിന് പോകുമ്പോഴും മറ്റേത് രാജ്യങ്ങൾ ഇന്ത്യയിൽ കളിക്കാൻ എത്തുമ്പോഴും ക്ലിയറൻസ് നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിൽ കളിക്കണമെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ബിസിസിഐക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. സർക്കാർ നിലപാടിനെ ആശ്രയിച്ചെ തീരുമാനമെടുക്കാനാവൂ എന്നും ബിന്നി പറഞ്ഞു.
റോജർ ബിന്നിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത ബിസിസഐ വാർഷിക പൊതുയോഗത്തിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്നും ടൂർണമെന്റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും ജയ് ഷാ ആവശ്യപ്പെട്ടത്. ഇതിനെ പിന്തുണക്കുന്ന രീതിയിലാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ഇന്ന് നിലപാടെടുത്തത്.


