മെൽബൺ: പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ട്വന്റി 20 ലോക കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ജോസ് ബട്‌ലറും സംഘവും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാക്കിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനാണ് ജോസ് ബട്ലറും സംഘവും മറികടന്നത്. രാജ്യത്തിനൊരു ലോകകിരീടം സമ്മാനിച്ച് ക്യാപ്റ്റൻസിയിൽ അവിസ്മരണീയമായ തുടക്കമാണ് ജോസ് ബട്‌ലർ കുറിച്ചിരിക്കുന്നത്.

അതേ സമയം മത്സരശേഷം സഹതാരങ്ങളോട് ബട്ലർ കാണിച്ച ആദരമാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരങ്ങൾക്കൊപ്പം ട്വന്റി 20 ലോകകപ്പ് കിരീടവുമായി വിജയാഘോഷം നടത്തിയ ശേഷമായിരുന്നു ഇത്. സ്റ്റാർ ഓൾറൗണ്ടറും സീനിയർ താരവുമായ മോയിൻ അലിയും ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ലെഗ് സ്പിന്നർ ആദിൽ റഷീദും കൂടെയുണ്ടായിരുന്നു. എന്നാൽ, കായികലോകത്ത് വിജയാഘോഷങ്ങളിൽ പതിവ് കാഴ്ചയായ ഷാംപെയിൻ അഭിഷേകത്തിന് ബട്ലറും സംഘവും കാത്തിരുന്നു.

കിരീടം പിടിച്ചുള്ള ആഘോഷവും ഫോട്ടോഷൂട്ടും കഴിഞ്ഞ ശേഷം ഷാംപെയിൻ പൊട്ടിക്കുന്നതിനു തൊട്ടുമുൻപ് ബട്ലർ മോയിൻ അലിയെയും ആദിൽ റഷീദിനെയും ഇക്കാര്യം ഓർമിപ്പിച്ചു. ഉടൻ തന്നെ രണ്ടുപേരും കൂട്ടത്തിൽനിന്നു മാറി. ഇരുവരും മാറിനിന്നെന്ന് ഉറപ്പിച്ച ശേഷമാണ് നായകൻ ബട്ലർ ഷാംപെയിൻ പൊട്ടിക്കാൻ മത്സരത്തിലെയും ടൂർണമെന്റിന്റെയും താരമായ സാം കറന് അനുവാദം നൽകിയത്.

ഇതിനുമുൻപും ഇംഗ്ലണ്ട് ടീമിന്റെ വിജയാഘോഷങ്ങൾ സമാനകാഴ്ചകൾക്ക് സാക്ഷിയായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും(ഇ.സി.ബി) മുൻ നായകൻ ഓയിൻ മോർഗൻ അടക്കമുള്ള സഹതാരങ്ങളും വലിയ പിന്തുണയാണ് തങ്ങൾക്ക് നൽകുന്നതെന്ന് മുൻപും ആദിൽ റഷീദും മോയിൻ അലിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഇ.സി.ബിയുടെ അനുമതിയോടെ ആദിൽ ഹജ്ജ് നിർവഹിക്കുകയും ചെയ്തിരുന്നു. താരത്തിന് ആശംസകൾ നേർന്ന് ഇ.സി.ബി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.