- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ് ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി; ജോസ് ബട്ലർ നായകൻ; വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ടീമിൽ; ഹാർദിക് പാണ്ഡ്യ റിസർവ് താരം

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതിന് പിന്നാലെ, മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ അണിനിരത്തി ടൂർണമെന്റ് ഇലവനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഫൈനൽ മത്സരത്തിനുശേഷമാണ് ടൂർണമെന്റ് ഇലവനെ പ്രഖ്യാപിച്ചത്.
രണ്ട് ഇന്ത്യൻ താരങ്ങൾ ടീമിലിടം നേടി. വിരാട് കോലിയും സൂര്യകുമാർ യാദവുമാണ് ടീമിലുൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ലറാണ് ടൂർണമെന്റ് ഇലവന്റെ നായകൻ. ബട്ലറാണ് ഓപ്പണർ. ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണറായ അലക്സ് ഹെയ്ൽസും ടീമിലിടം നേടി. മൂന്നാമനായി കോലിയും നാലാമനായി സൂര്യകുമാർ യാദവും ടീമിൽ ഇടം പിടിച്ചു.
അഞ്ചാം ബാറ്ററായി ന്യൂസീലൻഡിന്റെ ഗ്ലെൻ ഫിലിപ്സിനെ തിരഞ്ഞെടുത്തു. സിംബാബ്വെയുടെ സിക്കന്ദർ റാസ, പാക്കിസ്ഥാന്റെ ശദബ് ഖാൻ, ഇംഗ്ലണ്ടിന്റെ സാം കറൻ എന്നിവരാണ് ഓൾറൗണ്ടർമാർ. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോർക്യെ, ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ്, പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി എന്നിവർ പേസ് ബൗളിങ് വിഭാഗത്തിൽ ഉൾപ്പെട്ടു. റിസർവ് താരമായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.
മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും ചേർന്നാണ് ഐ.സി.സിക്ക് വേണ്ടി ടൂർണമെന്റ് ഇലവനിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് നാല് താരങ്ങൾ ടീമിലിടം നേടി.
2022 ട്വന്റി 20 ലോകകപ്പ് ടീം
ജോസ് ബട്ലർ (നായകൻ, വിക്കറ്റ് കീപ്പർ), അലക്സ് ഹെയ്ൽസ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സിക്കന്ദർ റാസ, ശദബ് ഖാൻ, സാം കറൻ, ആന്റിച്ച് നോർക്യെ, മാർക്ക് വുഡ്, ഷഹീൻ അഫ്രീദി.


