ഹാമിൽട്ടൻ: മികച്ച ഫോമിലായിരുന്നിട്ടും ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതേ സമയം മത്സരത്തിനിടെ മഴ മൂലം കളി തടസ്സപ്പെട്ടപ്പോൾ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കാനിറങ്ങിയ സഞ്ജുവിന്റെ വീഡിയോ വൈറലായി.

മഴ തടസപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനായാണ് സഞ്ജു മൈതാനത്തിറങ്ങിയത്. ഗ്രൗണ്ട് മൂടാനായി സഹായിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായി. പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും തന്റെ സ്പോർട്സ്മാൻഷിപ്പ് സഞ്ജു കാണിച്ചു എന്ന് പ്രശംസിക്കുകയാണ് ആരാധകർ.

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മഴയിലും കാറ്റിലും ഗ്രൗണ്ട് മൂടാൻ കഷ്ടപ്പെടുന്ന ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കാനാണ് സഞ്ജു ഗ്രൗണ്ടിലേക്കിറങ്ങിയത്. ഗ്രൗണ്ടു സ്റ്റാഫുകളെ സഞ്ജു സഹായിക്കുന്നതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് അവരുടെ ട്വിറ്റർ പേജിൽ പങ്കുവച്ചു.

രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നിരവധി ആരാധകരാണ് സഞ്ജുവിന് അഭിനന്ദനവുമായി എത്തിയത്. സഞ്ജുവിന്റെ മത്സരത്തിൽ ഉൾപ്പെടുത്താത്തതിന്റെ രോഷവും ഇവർ പങ്കുവയ്ക്കുന്നു. 'പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും ആരാധകർ എപ്പോഴും സഞ്ജുവിനൊപ്പം തന്നെ നിൽക്കും. താൻ ശരിയാണെന്ന് അദ്ദേഹം എപ്പോഴും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എന്തൊരു മനുഷ്യനാണ്. മറ്റുള്ളവർക്ക് പ്രചോദനമാണ് അദ്ദേഹം' ഒരു ആരാധകന്റെ വാക്കുകൾ ഇങ്ങനെ.

ആദ്യ ഏകദിനത്തിൽ 38 പന്തിൽ താരം 36 റൺസ് നേടിയിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചിരുന്നു. രണ്ടാമതും മഴ മത്സരം തടസപ്പെടുത്തിയതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ആരംഭിച്ചപ്പോൾ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. എന്നാൽ 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. ഒരു വിക്കറ്റിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റൺസുമായി ശുഭ്മാൻ ഗില്ലും 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. മൂന്ന് റൺസെടുത്ത ക്യാപ്റ്റർ ശിഖർ ധവാനാണ് പുറത്തായത്. ആദ്യ ഏകദിനം ജയിച്ച കിവീസ് പരമ്പരയിൽ മുന്നിലാണ്.

രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യൂസിലൻഡ് ബാറ്റിംഗിനയക്കുകയായിരുന്നു. സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയും ഇന്ത്യ പുറത്തിരുത്തി. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ന്യൂസിലൻഡ് ടീമിൽ ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്വെൽ ഇലവനിലെത്തി. ആദ്യ ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും ശ്രേയസ് അയ്യരുമായി ചേർന്ന് സഞ്ജു സാംസൺ ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായിരുന്നു.